Connect with us

rajbhavan

രാജ്ഭവന്‍ ജീവനക്കാര്‍ക്കെതിരായ ജാതിപീഡന പരാതിയില്‍ തനിക്ക് ഉത്തരം പറയേണ്ട കാര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പരാതികള്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | രാജ്ഭവന്‍ ജീവനക്കാര്‍ക്കെതിരായ ജാതിപീഡന പരാതിയില്‍ തനിക്ക് ഉത്തരം പറയേണ്ട കാര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതികള്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്ഭവനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി ആത്മഹത്യ ചെയ്തത് ജാതിപീഡനത്തെ തുര്‍ന്നാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. രാജ്ഭവനല്ല ജോലിക്ക് ആളെ വെയ്ക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരാണ് അക്കാര്യങ്ങള്‍ ചെയ്യുന്നതെന്നുമാണു ഗവര്‍ണര്‍ പറഞ്ഞത്.

മകന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി വിജേഷിന്റെ മാതാപിതാക്കള്‍ സംസ്ഥാന പട്ടികവര്‍ഗ കമ്മീഷനെ സമീപിച്ചിരുന്നു. ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ ബൈജു, ഹെഡ് ഗാര്‍ഡന്‍ അശോകന്‍ എന്നിവര്‍ മകനെ ക്രൂരമായി മര്‍ദിച്ചെന്നും രോഗാവസ്ഥയിലായിരുന്നപ്പോള്‍ കഠിന ജോലികള്‍ ചെയ്യിപ്പിച്ചെന്നും മാതാപിതാക്കള്‍ പരാതിയില്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഇക്കാര്യം അന്വേഷിക്കാന്‍ മ്യൂസിയം പോലീസിനെ ചുമതലപ്പെടുത്തി.

ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് പോലീസ് ആലോചിക്കുന്നത്. ഇത് കൂടാതെ രാജ്ഭവനിലെ ജീവനക്കാരനായിരുന്ന മുരളീധരനും ജാതിപീഡന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഇതിലും അന്വേഷണം നടന്നുവരികയാണ്.