Connect with us

Kerala

ആഗോള അയ്യപ്പസംഗമത്തിന് പമ്പാതീരത്ത് തുടക്കമായി

ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Published

|

Last Updated

പമ്പ | ആഗോള അയ്യപ്പസംഗമത്തിന് പമ്പാതീരത്ത് തുടക്കമായി. മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ ചരിത്രം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തീര്‍ഥാടനം ആയാസരഹിതമാക്കാന്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും ആ കാര്യങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡ് അയ്യപ്പസംഗമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം മന്ത്രി വാസവന്‍ അധ്യക്ഷത വഹിച്ചു.

അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. അത് നമുക്ക് ബാധകമല്ല.

സുപ്രീം കോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗീതാ നിർവചനത്തിന് നിരക്കുന്ന വിധം ഭക്തിയുള്ളവരുടെ സംഗമമാണിതെന്ന് ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എല്ലാ ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമല. ചാന്ദോക്യ ഉപനിഷത്തും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.

ക്ഷേത്ര വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലര്‍ ഇപ്പോഴും നടത്തുന്നുണ്ട്. പല തവണ ഇതു വിശദീകരിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ആരംഭിച്ച 2011-2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020 ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുന്‍പ് ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ എല്ലാംതന്നെ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം നല്‍കുകയുണ്ടായി. 2016-17 മുതല്‍ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി രൂപ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ, മലബാര്‍ ദേവസ്വം ബോര്‍ഡിന് 305 കോടി രൂപ, കൂടല്‍മാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധര്‍മ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Latest