Connect with us

Editors Pick

ഈ രാജ്യങ്ങളിലേക്ക് വിസ കിട്ടുക അത്ര എളുപ്പമല്ല

ചില രാജ്യങ്ങൾക്ക് സങ്കീർണമായ വിസ അപേക്ഷ പ്രക്രിയയുണ്ട്. ചിലത് സുരക്ഷാ രാഷ്ട്രീയ കാരണങ്ങളാൽ ടൂറിസ്റ്റ് വിസകൾ നൽകുന്നില്ല. ചിലത് ഏകാധിപത്യ ഭരണത്തിന് കീഴിലാണ്. കൂടാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടവയുമാണ് ചില രാജ്യങ്ങൾ.

Published

|

Last Updated

ലോകത്ത് 195 രാജ്യങ്ങൾ ഉണ്ട്. അവയെല്ലാം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഏറെ പേരും. എന്നാൽ ഇഷ്ടമുള്ളിടത്ത് ഒക്കെ പറന്നങ്ങു ചെല്ലാൻ ഇത് സ്വപ്നം ഒന്നുമല്ലല്ലോ. ഇവിടങ്ങളിലേക്കൊക്കെ യാത്ര ചെയ്യാൻ വിസയും പാസ്പോർട്ടും ഒക്കെ ആവശ്യമാണ്. 195ൽ ഏറെ രാജ്യങ്ങളും നമുക്ക് സന്ദർശിക്കാമെങ്കിലും ചില രാജ്യങ്ങൾ വിസയുടെ കാര്യത്തിൽ അത്ര ഉദാരന്മാരല്ല.

നിരവധി ഘടകങ്ങളാണ് ഈ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നത്. ചില രാജ്യങ്ങൾക്ക് സങ്കീർണമായ വിസ അപേക്ഷ പ്രക്രിയയുണ്ട്. ചിലത് സുരക്ഷാ രാഷ്ട്രീയ കാരണങ്ങളാൽ ടൂറിസ്റ്റ് വിസകൾ നൽകുന്നില്ല. ചിലത് ഏകാധിപത്യ ഭരണത്തിന് കീഴിലാണ്. കൂടാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടവയുമാണ് ചില രാജ്യങ്ങൾ. ഇതൊക്കെ കേട്ടിട്ട് നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ? ഇത്തരത്തിൽ വിസ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ചില രാജ്യങ്ങളെ പരിചയപ്പെടാം.

റഷ്യ

റഷ്യൻ വിസ നേടുന്നതിനുള്ള പ്രാഥമിക വെല്ലുവിളികളിൽ ഒന്ന് വിപുലമായ അപേക്ഷാഫോം ആണ്. ലക്ഷ്യസ്ഥാനങ്ങൾ, തീയതികൾ, താമസ കാലയളവ് എന്നിവ ഉൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടയിൽ നടത്തിയ എല്ലാ യാത്രകളെക്കുറിച്ചും വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ നൽകണം. സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകൾക്ക് ഇത് പ്രത്യേകിച്ച് ബുദ്ധിമുട്ടാകും. ഈ കടമ്പകൾ എല്ലാം പൂർത്തീകരിച്ച് ഫോം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നൽകിയാൽ നിങ്ങൾക്ക് റഷ്യ സന്ദർശിക്കാനുള്ള വിസ ഉറപ്പാക്കാൻ കഴിയും.

ഇറാൻ

ഇറാനിലേക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഒരു സ്ഥിരീകരണ കോഡിന്റെ ആവശ്യകത കാരണമാണ് ഇവിടേക്കുള്ള വിസ ലഭ്യമാകാൻ ബുദ്ധിമുട്ട് നേരിടുന്നത്. ഈ കോഡ് ഇഷ്യൂ ചെയ്യേണ്ടത് ഇറാൻ വിദേശകാര്യ മന്ത്രാലയമാണ്. ഇത് ഒരു ഔദ്യോഗിക ഇറാനിയൻ ട്രാവൽ ഏജൻസി മുഖേനയാണ് ലഭിക്കുക. ഇവിസ സംവിധാനം പ്രക്രിയ ലളിതമാക്കിയിട്ടുണ്ടെങ്കിലും എല്ലാ രാജ്യങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ല. യുഎസ്, യുകെ ഇന്ത്യ നേപ്പാൾ പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കും മറ്റുചിലർക്കും ഇവിടെ അറൈവൽ വിസ ലഭിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും അവർ കഴിഞ്ഞ ആറുമാസത്തിനിടെ ഇസ്രയേൽ സന്ദർശിച്ചിട്ടുണ്ടെങ്കിൽ.

തുർക്ക്‌മെനിസ്താൻ

ഈ രാജ്യത്തിന്റെ കർക്കശമായ വിസ നയം അതിനെ ഏറ്റവും കുറവ് സഞ്ചാരികൾ എത്തുന്ന ഒരിടമായി മാറ്റുന്നു. കസാക്കിസ്ഥാന്റെയോ ഉസ്ബസ്കിസ്താന്റെയോ പ്രത്യേക ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരും നയതന്ത്ര പാസ്പോർട്ട് ഉള്ളവരും ഒഴികെ മിക്കവാറും എല്ലാവർക്കും വിസ ആവശ്യമാണ്. വിസ അപേക്ഷ പ്രക്രിയയിൽ പൂരിപ്പിച്ച ഫോമിന്റെ മൂന്ന് പകർപ്പുകളും തുർക്കുമെൻ സ്റ്റേറ്റ് മൈഗ്രേഷൻ സർവീസിൽ നിന്നുള്ള LOI ലെറ്ററും നൽകേണ്ടത് അത്യാവശ്യമാണ്. തുർക് മെനിസ്താനിലെ ഒരു സ്പോൺസർ ഈ LOI വാങ്ങണം. ഈ പ്രക്രിയയ്ക്ക് കുറഞ്ഞത് 20 ദിവസം വരെ സമയം എടുക്കും.

ഉത്തര കൊറിയ

പുറത്തുനിന്നുള്ള ഒരു വിദേശ സഞ്ചാരി ആണെങ്കിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ വിസ ലഭിക്കാൻ വെല്ലുവിളി നേരിടുന്ന രാജ്യമാണ് ഉത്തരകൊറിയ. രാഷ്ട്ര അംഗീകൃത ടൂറിസ്റ്റ് ഏജൻസികൾ വഴിയാണ് വിസകൾ ലഭിക്കേണ്ടത്. അമേരിക്കൻ ദക്ഷിണ കൊറിയൻ പൗരന്മാർക്ക് വിസയ്ക്ക് അർഹതയില്ല. വിസ ലഭിക്കുന്ന വിനോദസഞ്ചാരികൾ കർശന നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. അവർക്ക് പ്രദേശവാസികളുമായി ഇടപഴകാനോ ഉത്തരകൊറിയൻ നേതാവിനെ വിമർശിക്കാനോ സ്വതന്ത്രമായി കറങ്ങാനോ ടൂറുകൾ അവസാനിപ്പിച്ചതിനുശേഷം പെട്ടെന്ന് ഹോട്ടലുകൾ വിടാനോ കഴിയില്ല.

അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാനിലേക്കുള്ള വിസകൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് സമീപകാല രാഷ്ട്രീയ പ്രക്ഷുബ്ധത കാരണം. മാത്രമല്ല മിക്ക ഗവൺമെന്റുകളും തങ്ങളുടെ പൗരന്മാരോട് അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു. വിസ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യ, ഇൻഡോനേഷ്യ, തുർക്കി, ചൈന ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പാസ്പോർട്ട് ഉള്ളവർ ഒഴികെ പ്രവേശനത്തിന് വിസ നേടേണ്ടതും നിർബന്ധമാണ്.

അപ്പോൾ നേരത്തെ പറഞ്ഞപോലെ ഇഷ്ടപ്പെട്ട രാജ്യങ്ങളിലൊക്കെ എപ്പോ വേണമെങ്കിലും കറങ്ങാം എന്ന് കരുതുന്നുണ്ടെങ്കിൽ ഈ രാജ്യങ്ങളുടെ കാര്യം ഒന്ന് കരുതി വെച്ചോളൂ.

Latest