Uae
ഗസ്സ എക്‌സിക്യൂട്ടീവ് കൗൺസിൽ: മന്ത്രി റീം അൽ ഹാശിമി അംഗം
പട്ടിക പുറത്തുവിട്ട് വൈറ്റ് ഹൗസ്
അബൂദബി|ഗസ്സയിലെ ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി രൂപീകരിച്ച ഗസ്സ എക്‌സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങളെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമി സമിതിയിൽ അംഗമാണ്. ഗസ്സയിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുക, സമാധാനവും സ്ഥിരതയും വികസനവും കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്. ഹൈക്കമ്മീഷണറുടെ ഓഫീസിനും ഗാസയിലെ നാഷണൽ കൗൺസിലിനും പിന്തുണ നൽകുകയാണ് ഈ സമിതിയുടെ ചുമതല.
യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറെദ് കുഷ്നർ, യു എസ് മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, യു എൻ സ്‌പെഷ്യൽ കോർഡിനേറ്റർ സിഗ്രിഡ് കാഗ്, യു എസ് വ്യവസായി മാർക്ക് റോവൻ, ഇസ്റാഈലി-സൈപ്രിയറ്റ് കോടീശ്വരൻ യാക്കിർ ഗബായ്, ഖത്വർ നയതന്ത്രജ്ഞൻ അലി അൽ ദവാദി, ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി മേജർ ജനറൽ ഹസ്സൻ റശാദ്, ബൾഗേറിയൻ നയതന്ത്രജ്ഞൻ നിക്കോളായ് മ്ലാഡെനോവ് എന്നിവരാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ട അംഗങ്ങൾ.
വരും ആഴ്ചകളിൽ കൂടുതൽ അംഗങ്ങളെ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ ഗസ്സ പീസ് കൗൺസിലിലേക്ക് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും ടോണി ബ്ലെയറിനെയും ട്രംപ് നിയമിച്ചിരുന്നു. പുതിയ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ട്രംപ് വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.



