Connect with us

LANDSLIDE

അടിക്കടിയുള്ള ഉരുൾപൊട്ടൽ; പാരിസ്ഥിതിക നിലനിൽപ്പിലുണ്ടാക്കുക ദീർഘകാല പ്രത്യാഘാതങ്ങൾ

ടൺ കണക്കിന് മേൽമണ്ണ് നഷ്ടപ്പെടുന്നത് ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്ന് ആശങ്ക

Published

|

Last Updated

കൊച്ചി | അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടൽ കനത്ത സാമ്പത്തിക നഷ്ടത്തിനൊപ്പം സാമ്പത്തിക അളവുകോൽ വെച്ച് വിലയിടാനാകാത്ത ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വൻ പാരിസ്ഥിതിക തകർച്ചകൾ കേരളത്തിനുണ്ടാക്കിയേക്കുമെന്ന് പഠനം. ഉരുൾപൊട്ടലിലൂടെയും മണ്ണൊലിപ്പിലൂടെയും ഓരോ വർഷവും ടൺ കണക്കിന് മേൽമണ്ണ് നഷ്ടപ്പെടുന്നതിലൂടെ വരും കാലത്ത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് സംസ്ഥാനം വഴിപ്പെട്ടുപോകാനിടയുണ്ടെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള സംസ്ഥാനത്ത് നിന്ന് സാധാരണയായി പ്രതിവർഷം ഹെക്ടറിൽ 30- 50 ടൺ എന്ന കണക്കിലാണ് മേൽമണ്ണ് നഷ്ടമാകുന്നത്. ഏതാണ്ട് അഞ്ച് മുതൽ പത്ത് വരെ സെന്റീമീറ്റർ ഉയരത്തിലുള്ള മേൽമണ്ണ് ഓരോ വർഷവും നഷ്ടപ്പെടുന്നു. മണ്ണൊലിപ്പിന്റെ ദേശീയ ശരാശരിയേക്കാളും (ഹെക്ടറിൽ പ്രതിവർഷം 16.3 ടൺ) വളരെ കൂടുതലാണ് സംസ്ഥാനത്തെ ഈ നഷ്ടം. മണ്ണൊലിപ്പ്, അമ്ലീകരണം, ലവണീകരണം, മരുവത്കരണം തുടങ്ങിയവയിലൂടെ സംഭവിക്കുന്ന മണ്ണിന്റെ ജീർണാവസ്ഥയിലൂടെ കേരളം പ്രതിവർഷം നഷ്ടമാക്കുന്നത് 517.8 മില്യൺ അമേരിക്കൻ ഡോളറിന് തുല്യമായ തുകയെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്. 2014ലെ കണക്കനുസരിച്ച് മാത്രം ഇത് ഏകദേശം 3,213 കോടി രൂപയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലെല്ലാമുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചലിലുമെല്ലാം ഇതിന്റെ പതിന്മടങ്ങ് നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിക്കുന്നത്.

മേൽമണ്ണ് സംരക്ഷിക്കാൻ സാധിക്കാത്ത നാഗരികതകൾ പിന്നീട് നാശത്തിലേക്ക് കുതിക്കുകയും മരുഭൂമികളായി മാറ്റപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മണ്ണൊലിപ്പിനെക്കുറിച്ച് ഗൗരവമായി വിലയിരുത്തേണ്ടതെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ പരിസ്ഥിതി ഗവേഷകർ വ്യക്തമാക്കുന്നു. നാഗരികതകളുടെ വളർച്ചക്കും വികാസത്തിനും അടിത്തറയായി നിൽക്കുന്ന മിച്ചോത്്പാദനം സാധ്യമാകണമെങ്കിൽ ഫലപുഷ്ടിയുള്ള മണ്ണ്, ആശ്രയിക്കാവുന്ന ജലസേചന സൗകര്യം, മേൽമണ്ണ് നഷ്ടമാകാത്ത രീതിയിലുള്ള ഭൂപ്രകൃതി എന്നിവ വേണ്ടതുണ്ടെന്നാണ് ഇവർ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ കിഴക്കൻ മേഖലകളെ കോട്ടപോലെ സംരക്ഷിച്ചു നിർത്തുന്ന പശ്ചിമ ഘട്ടം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പാറയിടിച്ചിൽ, പാറതെന്നൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മണ്ണമരൽ തുടങ്ങിയ പ്രതിഭാസങ്ങളാണ് ഈ മേഖലയിൽ സാധാരണ കണ്ടുവരുന്നത്.

ഉരുൾപൊട്ടലിന് ശേഷമുള്ള മണ്ണൊലിപ്പിന് ഉത്തേജക ശക്തിയായി ഖനനപ്രവർത്തനങ്ങൾ ഇടയാക്കുന്നുവെന്നതിനുള്ള തെളിവുകളും ഗവേഷകർ നിരത്തുന്നു. ക്വാറികൾ സൃഷ്്ടിക്കുന്ന സ്ഥാനീയ കമ്പനങ്ങൾ മലഞ്ചരിവുകളുടെ ദൃഢതയെ പ്രതികൂലമായി ബാധിക്കുന്നതായി നേരത്തേ ഇതേക്കുറിച്ച് നടന്ന പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാറപൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ഇലാസ്്തിക തരംഗങ്ങൾ മലഞ്ചെരിവുകളിലും ഭൗതിക ഘടനയിലും വരുത്തുന്ന മാറ്റങ്ങളെ സംബന്ധിച്ച കൂടുതൽ ശാസ്്ത്രീയ പഠനങ്ങൾ കേരളത്തിൽ നടക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി ഗവേഷകൻ കെ സഹദേവൻ ചൂണ്ടിക്കാട്ടി.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest