First Gear
സ്വതന്ത്ര വ്യാപാര കരാർ; ബ്രിട്ടീഷ് പ്രീമിയം കാറുകൾക്ക് വില കുറയും
നിലവിൽ ഇന്ത്യൻ വിപണിയിൽ യുകെ ആസ്ഥാനമായ നിരവധി കമ്പനികളുടെ കാറുകൾ വിൽക്കുന്നുണ്ട്.
 
		
      																					
              
              
            ലണ്ടൻ | വാഹനപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ബ്രിട്ടീഷ് നിർമിത പ്രീമിയം കാറുകൾക്കും എസ്‌യുവികൾക്കും ഇന്ത്യയിൽ വില കുറയും. ഇന്ത്യയും യുകെയും തമ്മിൽ പ്രഖ്യാപിച്ച സ്വതന്ത്ര വ്യാപാര കരാറിന്‍റെ ഭാഗമായാണ് കാറുകൾക്കും വില കുറയുന്നത്. കരാറിലെ നിബന്ധനകൾ പ്രകാരം, യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയർന്ന നിലവാരമുള്ള കാറുകളുടെ കുറഞ്ഞ താരിഫിന്‍റെ പ്രയോജനം ഇന്ത്യക്ക് ലഭിക്കും.
നിലവിൽ, ഇറക്കുമതി ചെയ്യുന്ന ചില വാഹനങ്ങൾക്ക് ഇന്ത്യ തീരുവയുടെ 100 ശതമാനത്തിലധികം ഈടാക്കുന്നു. എഫ്‌ടിഎ നിലവിൽ വരുന്നതോടെ യുകെയിലെ ബിസിനസ് & ട്രേഡ് വകുപ്പ് അനുസരിച്ച് യുകെയിൽ നിർമ്മിച്ച കാറുകളുടെയും എസ്‌യുവികളുടെയും തീരുവ ഇന്ത്യ കുറയ്ക്കും. നിലവിലെ 100 ശതമാനം തീരുവയിൽനിന്ന് 10 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പങ്കിട്ടിട്ടില്ല.
നിലവിൽ ഇന്ത്യൻ വിപണിയിൽ യുകെ ആസ്ഥാനമായ നിരവധി കമ്പനികളുടെ കാറുകൾ വിൽക്കുന്നുണ്ട്. ബെന്‍റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, ആസ്റ്റൺ മാർട്ടിൻ, റോൾസ് റോയ്‌സ്, മിനി തുടങ്ങിയ ബ്രാൻഡുകൾ യുകെയിൽനിന്നുള്ളതാണ്. ഈ മോഡലുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത് യോജിപ്പിച്ചാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഇത് ഉയർന്ന വിലയ്ക്ക് കാരണമാകുന്നു. ട്രയംഫ് മോട്ടോർസൈക്കിൾസ് പോലുള്ള ചില ഇരുചക്ര വാഹനങ്ങൾക്കും കരാറിന്‍റെ ഗുണം ലഭിക്കും.
തൊഴിൽ, സാങ്കേതികവിദ്യാ മേഖലകളിലെ ഉൽപ്പാദനത്തിൽ എഫ്‌ടിഎ ഗുണകരമായ സ്വാധീനം ചെലുത്തുമെന്നും രാജ്യത്തിന്‍റെ ഓട്ടോമൊബൈൽ നിർമ്മാണ വ്യവസായത്തിന്, പുതിയ കയറ്റുമതി സാധ്യത നൽകുമെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ അവകാശവാദം.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

