Connect with us

editorial

നാടിനൊപ്പം നാല് ദശകം

ഏതൊരു മലയാളിക്കുമറിയാം പത്രങ്ങൾക്കിടയിൽ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുപോരുന്ന, ബഹുസ്വര മതേതര ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന പത്രം. പിറവിയിലും വളർച്ചയിലും മുന്നേറ്റങ്ങളിലും വിസ്മയങ്ങൾ തീർത്താണ് പ്രയാണം. മുസ്‌ലിം വൈകാരികത ചൂഷണം ചെയ്തും ആളിക്കത്തിച്ചും സ്വാസ്ഥ്യം തകർക്കാൻ ഒരു കാലത്തും ശ്രമിച്ചിട്ടില്ല. സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി അഴകുഴമ്പൻ നിലപാടും സ്വീകരിച്ചിട്ടില്ല. എന്നും വായനക്കാരുടെ പക്ഷത്ത് നിന്ന് രാഷ്ട്ര നന്മക്കായി പൊരുതി.

Published

|

Last Updated

മലയാളിയുടെ വേറിട്ട വായനാസംസ്‌കാരമായ സിറാജ് അക്ഷര ലോകത്ത് നാല് ദശകം പൂർത്തിയാക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ പത്രധർമം കൃതാർഥമായി നിർവഹിക്കുന്നുവെന്ന ചാരിതാർഥ്യം. ആദർശ കേരളത്തിന്റെ അനിവാര്യതയും സാംസ്‌കാരിക കേരളത്തിന്റെ പൂരണവുമായാണ് സിറാജിന്റെ പിറവി. പേര് വ്യക്തമാക്കുന്നത് പോലെ തമസ്സിന് നേരെ ഉയർത്തിയ വിളക്ക്. കാലം മായ്ച്ചാലും മായാത്ത നിലപാടിലൂടെ പൊതുസമൂഹത്തിൽ ഇടംകണ്ടെത്താൻ സിറാജിന് കഴിഞ്ഞത് ധാർമിക മുന്നേറ്റത്തിനും സാമൂഹിക സമുദ്ധാരണത്തിനും നേതൃത്വം നൽകുന്ന പണ്ഡിത സമൂഹം, സിറാജിനും നേതൃത്വം നൽകുന്നു എന്നത് തന്നെ. ചിറകുവെക്കും മുമ്പ് പ്രതിസന്ധിയുടെ കയത്തിൽ പെട്ടിട്ടും പിടിച്ചുനിന്നത് നേതൃത്വത്തിന്റെ ഇച്ഛാശക്തിയും അനുയായികളുടെ കലർപ്പില്ലാത്ത പിന്തുണയും ഒന്നുകൊണ്ട് മാത്രം.

സാമൂഹിക മാധ്യമങ്ങൾ വിവരവിനിമയ രംഗത്ത് സങ്കൽപ്പങ്ങൾക്കപ്പുറത്തുള്ള കുതിച്ചുചാട്ടം നടത്തുമ്പോഴും മലയാളിയുടെ വായനാ ത്വരക്കും പത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും മങ്ങലേൽക്കുന്നില്ല എന്നതു തന്നെയാണനുഭവം. തികച്ചും അനിവാര്യമായ ഒരു ഘട്ടത്തിലായിരുന്നു സിറാജിന്റെ പിറവി. മലയാളികൾക്കിടയിൽ ഇന്ന് ഏറെ പ്രചാരവും സ്ഥിരതയും നേടിയ പത്രമാണ് സിറാജ് . രാജ്യത്തിനകത്തും പുറത്തുമായി ഏഴ് എഡിഷനുകൾ, ലക്ഷക്കണക്കിന് വായനക്കാരും.

ഏതൊരു മലയാളിക്കുമറിയാം പത്രങ്ങൾക്കിടയിൽ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുപോരുന്ന, ബഹുസ്വര മതേതര ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന പത്രം. പിറവിയിലും വളർച്ചയിലും മുന്നേറ്റങ്ങളിലും വിസ്മയങ്ങൾ തീർത്താണ് പ്രയാണം. മുസ്‌ലിം വൈകാരികത ചൂഷണം ചെയ്തും ആളിക്കത്തിച്ചും സ്വാസ്ഥ്യം തകർക്കാൻ ഒരു കാലത്തും ശ്രമിച്ചിട്ടില്ല. സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി അഴകുഴമ്പൻ നിലപാടും സ്വീകരിച്ചിട്ടില്ല. എന്നും വായനക്കാരുടെ പക്ഷത്ത് നിന്ന് രാഷ്ട്ര നന്മക്കായി പൊരുതി. അശരണരുടെ പക്ഷത്ത് നിലയുറപ്പിച്ചും ഇരയോട് സഹതാപം പുലർത്തിയും ഭിന്ന വായനാ സംസ്‌കാരം രൂപപ്പെടുത്തി. ആരുടെയെങ്കിലും വാലായി നിസ്സഹായതയോടെ പിടഞ്ഞു തുള്ളേണ്ട ഗതികേടുണ്ടായില്ല. പാർട്ടികളോടൊന്നിനോടും ഞങ്ങൾക്ക് പ്രത്യേക മമതയില്ല, വിദ്വേഷവുമില്ല .ആരുടെയും ചട്ടുകമായി തരംതാഴുകയുമില്ല. നന്മയെ നന്മയായും തിന്മയെ തിന്മയായും വിലയിരുത്തും.

പത്രങ്ങൾ സമൂഹത്തിന്റെ കണ്ണാടിയാണെങ്കിൽ ഇന്നത്തെ വർത്തമാന കാല സമൂഹത്തിൽ തിരിച്ചറിവോടെയും ദീർഘവീക്ഷണത്തോടെയും ഒട്ടേറെ ദൗത്യങ്ങൾ സിറാജിന് ഇനിയും നിർവഹിക്കാനുണ്ട്. അധാർമികതയെയും, ഭീകരതയെയും തീവ്രവാദത്തെയും ഒരിക്കലും പുണരാതെ എന്നും ബഹുസ്വര സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് നിറംപകർന്ന് ജനങ്ങൾക്കൊപ്പം സിറാജുണ്ടാവും. ധ്രുവീകരണത്തിന്റെ വിത്തുപാകി മനസ്സുകൾക്കിടയിൽ പകയുണ്ടാക്കി രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ സിറാജിനൊപ്പം നമുക്കും കൈകോർക്കാം, കരളുറപ്പോടെയും ആത്മാഭിമാനത്തോടെയും. നാൽപ്പതാം വാർഷികത്തിൽ വിപുലമായ പ്രചാരണം ലക്ഷ്യമിട്ട് ഇന്ന് മുതൽ ഒക്‌ടോബർ 15 വരെ സിറാജ് ക്യാമ്പയിൻ ആചരിക്കുകയാണ്. പത്രത്തെ കൂടുതൽ ഉയരത്തിലെത്തിക്കാനും ഇന്ന് നടക്കുന്ന സിറാജ് ഡേ വിജയിപ്പിക്കാനും വരിക്കാരായി ചേർന്നും കൂടുതൽ വരിക്കാരെ ചേർത്തിയും എല്ലാ നേതാക്കളും പ്രവർത്തകരും മുന്നിലുണ്ടാവണമെന്ന് അഭ്യർഥിക്കുന്നു. പ്രസ്ഥാന ഘടകങ്ങൾ പൂർവോപരി മത്സരബുദ്ധിയോടെ തന്നെ കർമരംഗത്തിറങ്ങണം. പുതിയ സാഹചര്യത്തിൽ നമ്മുടെ പ്രസ്ഥാനത്തിന്റെ ശക്തിയും പ്രാധാന്യവും പൊതുസമൂഹത്തിന് കൂടുതൽ ബോധ്യപ്പെടുത്തുന്നതിന് ഈ ക്യാമ്പയിൻ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മുൻവർഷങ്ങളിൽ പ്രസ്ഥാന കുടുംബം ഒന്നിച്ചിറങ്ങി സിറാജ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ സജീവമാക്കിയത് ഈ ഘട്ടത്തിൽ അനുസ്മരിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാ സദുദ്യമങ്ങളും വിജയിപ്പിക്കട്ടെ- ആമീൻ

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

Latest