Connect with us

Kerala

നാല് ദിവസം അതിതീവ്ര മഴ; മുഴുവന്‍ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി

കനത്ത മഴയില്‍ ഇതുവരെ ആറ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായിട്ടുണ്ട്. അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും മുഖ്യമന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വരുന്ന നാല് ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കനത്ത മഴയില്‍ ഇതുവരെ ആറ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായിട്ടുണ്ട്. അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും. എന്‍ ഡി ആര്‍ എഫിന്റെ നാല് അധിക സംഘങ്ങള്‍ കൂടി സംസ്ഥാനത്തെത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറക്കും. പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. എം ആര്‍ അജിത് കുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ജില്ലകളില്‍ ജെ സി ബി, ഹിറ്റാച്ചി സംവിധാനം സജ്ജമാക്കും. വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. ചെറിയ അണക്കെട്ടുകളില്‍ നിന്ന് റൂള്‍ കര്‍വ് വഴി ജലം ഒഴുക്കിവിടും. പാലങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:
മഴ ശക്തമാവുകയാണ്. അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 2018 ലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തുടര്‍ന്നുള്ള വര്‍ഷത്തിലും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായി. ആ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായിട്ടുണ്ട്.

ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. അത് കഴിഞ്ഞ് വൈകീട്ട് ജില്ലാ കലക്ടര്‍മാരുടെയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ഇന്നലെ വൈകീട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും നാളെ കഴിഞ്ഞ് അത് വടക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിലുള്ളത്.

അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ നാല് ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കില്‍ അത് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയാറെടുപ്പുമാണ് നടത്തുന്നത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയാറെടുപ്പുകളും ആവശ്യമാണ്.

മഴക്കാല കെടുതികളെ നേരിടുന്നതിനായി വളരെ മുന്‍കൂട്ടി തന്നെ ആവശ്യമായ മുന്നൊരുക്കം ആരംഭിച്ചിരുന്നു. മാര്‍ച്ച് 14, 16 തീയതികളിലായി എല്ലാ ജില്ലകളേയും പങ്കെടുപ്പിച്ച് തദ്ദേശസ്ഥാപന തലത്തില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തി. മെയ് 14ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. മെയ് 16 ന് തദ്ദേശ വകുപ്പിലെ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് മുന്നൊരുക്കം സംബന്ധിച്ച് വിലയിരുത്തി. അതിനു ശേഷം മഴക്കാലം മുന്നില്‍ കണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ യോഗം ചേര്‍ന്നു. മെയ് 18ന് മുഖ്യമന്ത്രി എന്ന നിലയില്‍ കാലവര്‍ഷ തുലാവര്‍ഷ മുന്നൊരുക്ക യോഗം വിളിച്ചുചേര്‍ത്തു. മെയ് 25ന് ഓറഞ്ച് ബുക്ക് പുതുക്കി പ്രസിദ്ധീകരിക്കുകയും അതു കണിശമായി പാലിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഓറഞ്ച് ബുക്ക്, ഐ ആര്‍ എസ് എന്നിവയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

ഒരു കോടി രൂപ വീതം മഴക്കാല തയാറെടുപ്പിനായി ജില്ലകള്‍ക്ക് അനുവദിക്കുകയും ജില്ലകളില്‍, അംഗീകാരം ഉള്ള എന്‍ ജി ഒകളുടെ സേവനം ഏകോപിപ്പിച്ച് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു. ജൂലൈ എട്ടിന് കാലവര്‍ഷ തുലാവര്‍ഷ മുന്നൊരുക്കം വീണ്ടും വിലയിരുത്തി. അണക്കെട്ടുകളിലെ റൂള്‍ കര്‍വ്വ് നിരീക്ഷണ യോഗം രണ്ടുവട്ടം നടത്തി. ഇന്ന് റവന്യൂ മന്ത്രി അടിയന്തര സാഹചര്യം വിലയിരുത്തി ജില്ലകള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കി. ഇതിനു പുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടനെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍ ഡി ആര്‍ എഫിന്റെ നാല് അധിക സംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും. ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്. കെ എസ് ഇ ബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കും.

അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയാറാക്കി വെക്കും. പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എ ഡി ജി പി. എം ആര്‍ അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എ ഡി ജി പി. വിജയ് എസ് സാക്കറെയെയും നിയോഗിച്ചു.

അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലാ തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എം എല്‍ എ, എം പിമാരെയും കൂടി പങ്കെടുപ്പിക്കും. ജില്ലാ, താലൂക്ക് തല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ നിര്‍ബന്ധമായും അതാത് സ്ഥലങ്ങളില്‍ ആഗസ്റ്റ് അഞ്ചാം തീയതി വരെ ഉണ്ടാകണം. തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പി എച്ച് സി/സി എച്ച് സി ഡോക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അതാത് ഡ്യൂട്ടി സ്റ്റേഷനില്‍ ഉണ്ടാകണം. എല്ലാ ജില്ലകളിലും ജെ സി ബി, ഹിറ്റാച്ചി, ടോറസ് ലോറി എന്നിവ അതാത് താലൂക്കുകളില്‍ നിന്നും വാഹന്‍ പോര്‍ട്ടല്‍ മുഖാന്തരം കണ്ടെത്തി ലഭ്യത ഉറപ്പ് വരുത്തണം. ദുരന്ത ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ സമയത്ത് മുന്‍ഗണന നല്‍കാനും കണ്ടെത്തിയവരെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

ട്രോളിങ് അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കടല്‍ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തണം. സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, ആപത് മിത്ര എന്നിവരെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അതിനാവശ്യമായ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട സ്ഥലങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ വറ്റിക്കുവാന്‍ ആവശ്യമായ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കൃഷി, ജല സേചന വകുപ്പ്, തദ്ദേശ വകുപ്പ്, അഗ്നിരക്ഷാ വകുപ്പ് എന്നിവര്‍ ഉറപ്പ് വരുത്തണം. പാലങ്ങള്‍ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ എന്‍ജിനിയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ് എന്നിവര്‍ക്കാണ്. വനപ്രദേശങ്ങളിലും, ഊരുകളിലും, ലയങ്ങളിലും താമസിക്കുന്ന ആള്‍ക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തിരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കുകയും വേണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ എസ് ഇ ബി പൂര്‍ത്തീകരിക്കണം. സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുകയും, അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ പരിഹരിക്കുകയും വേണം. ഒഴിപ്പിക്കലിന് ബോട്ടുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവ തയാറാക്കി നിര്‍ത്തേണ്ടതുണ്ട്. കടത്ത് തോണികള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് പരിഗണിക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്ക് ഇത്തരം സ്ഥലങ്ങളില്‍ ബോട്ടുകള്‍ വാടകക്കെടുത്ത് ലഭ്യമാക്കുന്നത് പരിഗണിക്കണം.

സംസ്ഥാനത്താകെ ഏഴ് ക്യാമ്പുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കൊല്ലം 1, പത്തനംതിട്ട 1, ഇടുക്കി 1, കോട്ടയം 2, തൃശൂര്‍ 1, വയനാട് 1. വിവിധ ജില്ലകളിലായി ആകെ 90 ആളുകളെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 19 പുരുഷന്മാരും 23 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയാറാകണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ കലക്ടറേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 807 8548 538.

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ടായിരിക്കണം തദ്ദേശസ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ ഡി ആര്‍ എഫ്, ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്‌സ്, സി ആര്‍ പി എഫ്, ബി എസ് എഫ്, കോസ്റ്റ്ഗാര്‍ഡ്, ഐ ടി ഡി പി എന്നീ സേനാവിഭാഗങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതതു പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ തന്നെ അവധി നല്‍കിയിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഫണ്ട് ദൗര്‍ലഭ്യം മൂലം ഒരു പ്രവര്‍ത്തനങ്ങളും മുടങ്ങാന്‍ പാടില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് കോര്‍പ്പറേഷനുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി.

തിരുവല്ലക്ക് സമീപം വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചത് അതീവ ദുഃഖകരമായ സംഭവമാണ്. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി എം ചാണ്ടിയും മക്കളായ ഫേബ, ബ്ലസി എന്നിവരുമാണ് മരിച്ചത്. ഇവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അതോടൊപ്പം ഇതുമായി ചേര്‍ത്ത് പറയാനുള്ളത് മഴ രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം അപകട സാധ്യതകള്‍ കൂടുതലാണ്. ഇത് മനസിലാക്കി കാല്‍നട യാത്രക്കാരടക്കം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ രാത്രിയാത്ര കഴിവതും ഒഴിവാക്കാനും ശ്രമിക്കുക. ശക്തമായ കാറ്റ് ഉള്ളതിനാല്‍ മരങ്ങള്‍ കടപുഴകാനും ഇലക്ട്രിക്ക് പോസ്റ്റുകള്‍ റോഡിലേക്ക് വീഴുവാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിച്ച് സഞ്ചരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇത്തരം ഘട്ടങ്ങളില്‍ എല്ലാവരും കൈകോര്‍ത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ശീലമാണ് നമ്മുടെ നാടിന്റേത്. ഇപ്പോള്‍ പറയാനാവില്ലെങ്കിലും അസാധാരണമായ മഴ തീവ്രമായ തോതില്‍ വരുന്നു എന്ന് തന്നെയാണ് കാണേണ്ടത്. അങ്ങനെയാണ് മുന്നറിയിപ്പുകള്‍. അത് കൊണ്ട് തന്നെ മുന്‍കരുതലുകള്‍ എടുക്കേണ്ടതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതും നമ്മുടെയാകെ ഉത്തരവാദിത്തമായി കരുതേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും തങ്ങളുടേതായ സംഭാവന ഇതില്‍ നല്‍കാനാകും. ഒരു തരത്തിലുമുള്ള ഭേദചിന്തയുമില്ലാതെ മുഴുവനാളുകളും കൈകോര്‍ത്ത് ഈ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ മുന്നിട്ടിറങ്ങണം എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു.

മങ്കിപോക്‌സ്
ഒരു വിഷയം കൂടി ഇന്ന് പറയാനുണ്ട്. കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. എന്‍ ഐ വി പൂനെയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ജനിതക പരിശോധന നടത്തുന്നതുമാണ്. യു എ ഇയില്‍ നിന്നും ഇദ്ദേഹം 22ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അതിന് ശേഷം വീട്ടിലാണ് ഉണ്ടായിരുന്നത്. 27ന് പുലര്‍ച്ചെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത്. പെട്ടെന്ന് നില ഗുരുതരമാകുകയായിരുന്നു. മങ്കിപോക്‌സ് പോസിറ്റീവാണെന്ന് 19ന് ദുബൈയില്‍ നടത്തിയ പരിശോധനാ ഫലം 30നാണ് ബന്ധുക്കള്‍ ആശുപത്രിയെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ഗുരുതരാവസ്ഥയിലായിരുന്നു. 20 പേരാണ് ഹൈറിസ്‌ക് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. വീട്ടുകാര്‍, സഹായി, നാല് സുഹൃത്തുക്കള്‍, ഫുട്‌ബോള്‍ കളിച്ച ഒമ്പതു പേര്‍ എന്നിവരാണ് ഈ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വിമാനത്തില്‍ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എസ് ഒ പി യുടേയും അടിസ്ഥാനത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണം.

എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ് ഒ പി രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ച്‌വെക്കരുത്. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മങ്കിപോക്‌സ് പരിശോധന സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്‌സിന്റെ കാര്യത്തില്‍ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന നില ഉണ്ടാകണം.

 

 

Latest