National
മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
അസ്ഹറുദ്ദീന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി
 
		
      																					
              
              
            ഹൈദരാബാദ് | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. അസറുദ്ദീന്‍ കൂടി അംഗമായതോടെ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പതിനാറായി. മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം അംഗമാണ് അസറുദ്ദീന്‍.
നവംബര്‍ 11-ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജൂബിലിഹില്‍സ് മണ്ഡലത്തിൽ കോൺഗ്രസിന് നിർണായക മുന്നേറ്റമുണ്ടാക്കാൻ അസ്ഹറുദ്ദീന്റെ മന്ത്രിസഭാ പ്രവേശം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ജൂബിലി ഹില്‍സിന്റെ ജനസംഖ്യയില്‍ മുപ്പത് ശതമാനത്തോളം മുസ്‌ലിങ്ങളാണ്.
അസ്ഹറുദ്ദീന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സില്‍നിന്ന് അസ്ഹറുദ്ദീന്‍ മത്സരിച്ചിരുന്നെങ്കിലും ബിആര്‍എസിന്റെ മഗന്തി ഗോപിനാഥിനോട് പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഗോപിനാഥ് മരിച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, സാമൂഹികനീതി ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ന്യൂനപക്ഷത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നു. ആന്ധ്രപ്രദേശ് ആയിരുന്ന സമയത്തും സര്‍ക്കാരുകളില്‍ എല്ലായ്‌പ്പോഴും ന്യൂനപക്ഷത്തുനിന്നുള്ളവരുണ്ടായിരുന്നു. ദീര്‍ഘകാലമായി നിലനിന്നിരുന്ന അസന്തുലിതാവസ്ഥ ലളിതമായി പരിഹരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മഹേഷ് ഗൗഡ എന്‍ഡിടിവിയോടു പറഞ്ഞു.
നിലവില്‍ തെലങ്കാന നിയമസഭയിലെയോ നിയമസഭാ കൗണ്‍സിലിലെയോ അംഗമല്ല അസറുദ്ദീന്‍. നേരത്തെ, ഗവര്‍ണര്‍ക്ക് നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്നവരുടെ ക്വാട്ടയിലുള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പേര് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തില്‍ ആറുമാസത്തിനകം നിയമസഭയുടെ ഇരുസഭകളില്‍ ഏതെങ്കിലുമൊന്നിൽ അദ്ദേഹം അംഗത്വം നേടിയിരിക്കണം.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

