Connect with us

gaza attack two years

ഇസ്‌റാഈലിനെ അസ്വസ്ഥമാക്കിയ കപ്പൽക്കൂട്ടങ്ങൾ

2009 മുതൽ ഗസ്സയിലേക്ക് സഹായവുമായി വരുന്ന ചെറുകപ്പൽ കൂട്ടങ്ങളെ ഇസ്‌റാഈൽ ആക്രമിച്ചിട്ടുണ്ട്.

Published

|

Last Updated

ഗസ്സ | നിയമവിരുദ്ധമായ ഇസ്‌റാഈൽ ഉപരോധങ്ങൾക്കെതിരെ, സഹായ വസ്തുക്കളുമായി കടൽ മാർഗമെത്തിയ കപ്പലുകൾ ആക്രമിക്കപ്പെടുന്നത് പുതിയ സംഭവമല്ല. തീരം തൊടും മുമ്പേ സഹായക്കപ്പലുകളും സന്നദ്ധ സേവകരെയും ആക്രമിക്കുന്നത് ഇസ്‌റാഈൽ സൈന്യത്തിന്റെ തുടരുന്ന ക്രൂരതയാണ്. 2009 മുതൽ ഗസ്സയിലേക്ക് സഹായവുമായി വരുന്ന ചെറുകപ്പൽ കൂട്ടങ്ങളെ ഇസ്‌റാഈൽ ആക്രമിച്ചിട്ടുണ്ട്. ഗസ്സാ തീരത്ത് നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ, ഫ്രീ ഗസ്സാ മൂവ്‌മെന്റിന്റെ സ്പിരിറ്റ് ഓഫ് ഹ്യുമാനിറ്റി എന്ന കപ്പലിനെ 2009 ജൂൺ 29ന് ഇസ്‌റാഈൽ നാവികസേന തടഞ്ഞു. ലാർനാക്കയിൽ നിന്ന് പുറപ്പെട്ട ബോട്ട് വളഞ്ഞ് സന്നദ്ധ പ്രവർത്തകരെ അഷ്‌ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയി.

2010 മേയ് 31ന് ഗസ്സയിലേക്കുള്ള യാത്രക്കിടെ തുർക്കിയ കപ്പലായ മാവി മർമര ആക്രമിക്കുകയും പത്ത് പ്രവർത്തകരെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ഇത് പിന്നീട് തുർക്കിയയും ഇസ്‌റാഈലും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചു. തൊട്ടടുത്ത വർഷം നവംബറിൽ ഗസ്സയിൽ നിന്ന് ഏകദേശം 50 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര ജലാശയത്തിൽ, കനേഡിയൻ തഹ്‌രീർ, ഐറിഷ് എം വി സാവോയ്സ് എന്നീ രണ്ട് കപ്പലുകൾ ഇസ്‌റാഈൽ തടഞ്ഞു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നാടുകടത്തി.

2015 ജൂണിൽ സ്വീഡിഷ് കപ്പലായ മരിയാൻ ഗസ്സയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് തടഞ്ഞു. 48 മനുഷ്യാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. 2018 വേനൽക്കാലത്ത് അൽ അവ്ദ, ഫ്രീഡം എന്നീ രണ്ട് ബോട്ടുകൾ ആക്രമിച്ചു. 2025 മേയ് രണ്ടിന്, ഗസ്സയിലേക്കുള്ള യാത്രക്കിടെ മാൾട്ടയിലെ അന്താരാഷ്ട്ര ജലാശയത്തിൽ ഫ്രീഡം ഫ്ലോട്ടില്ലയിൽ പെട്ട’കൺസൈൻസ് ഡ്രോൺ ആക്രമണത്തിന് വിധേയമായി.

2025 ജൂൺ ഒമ്പതിന് ഗസ്സയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ 11 അന്താരാഷ്ട്ര പ്രവർത്തകരും ഒരു പത്രപ്രവർത്തകനും ഉൾപ്പെടെ സഞ്ചരിച്ച മാഡ്‌ലീനും തടഞ്ഞു. ജൂലൈ 26ന് ഗസ്സയിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ വെട്ട് ഹൻദല എന്ന സഹായക്കപ്പലും ഇസ്‌റാഈൽ സേന തടഞ്ഞ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ആഗസ്റ്റ് 31ന് സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട 44 ചെറുകപ്പലുകളുടെ കൂട്ടമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയും തടഞ്ഞ് 500ഓളം ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു.

 

 

---- facebook comment plugin here -----

Latest