Connect with us

National

ഉത്തരകാശിയിലെ മിന്നല്‍ പ്രളയം; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും, മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കെടാവര്‍ നായകളെ എത്തിക്കും

ഇതുവരെ 130 പേരെ അപകട സ്ഥലത്തുനിന്നു വിവിധ സേനകള്‍ രക്ഷപ്പെടുത്തി.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഉണ്ടായ ഇരട്ട മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കെഡാവര്‍ നായ്ക്കളെ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കും. 60 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് നിഗമനം. എസ് ഡി ആര്‍ എഫ്, എന്‍ ഡി ആര്‍ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇതുവരെ 130 പേരെ അപകട സ്ഥലത്തുനിന്നു വിവിധ സേനകള്‍ രക്ഷപ്പെടുത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇന്നലെ ഉച്ചക്ക് 1.40ഓടെയാണ് ആദ്യ മേഘവിസ്ഫോടനമുണ്ടായത്. ഇതോടെ ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് പ്രളയജലം ധരാളി ഗ്രാമത്തെ മുക്കി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളടക്കം ഒഴുകിപ്പോയി. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാല്‍ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയതായാണ് വിവരം. ഇരച്ചെത്തിയ പ്രളയ ജലം ഗ്രാമത്തെ നക്കിത്തുടച്ച് നീങ്ങുന്ന ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നവയാണ്. ആളുകളുടെ നിലവിളി ശബ്ദം വീഡിയോകളില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് മൂന്ന് മണിയോടെ സുഖ് ടോപ്പില്‍ വീണ്ടും മേഘവിസ്ഫോടനമുണ്ടായത്. ശക്തമായ മഴ തുടരുന്നതിനാല്‍ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയ മുന്നറിയിപ്പൊന്നും നേരത്തേ നല്‍കിയിരുന്നില്ല. ദുരന്തത്തെ തുടര്‍ന്ന് സമീപത്തുള്ളവര്‍ ഉടന്‍ മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest