Connect with us

National

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; അഞ്ച് മരണം; നൂറോളം പേരെ കാണാതായി; കുത്തൊഴുക്കിൽ ധരാളി ഗ്രാമം ഒലിച്ചുപോയി

ഘീർഗംഗ നദിയിലൂടെ ജലം കുത്തിയൊലിച്ചെത്തി

Published

|

Last Updated

ഉത്തരകാശി | ഉത്തരാഖണ്ഡിലെ ജനവാസമേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശം. ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് വൻ ദുരന്തുമുണ്ടായത്. ഗ്രാമത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയി. അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറോളം പേരെ കാണാതായി.  മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. മരണ സംഖ്യ ഇനിയുമുയർന്നേക്കും.

ഉച്ചക്ക് 1.40ഓടെ ഘീർഗംഗ നദിയിലൂടെ ജലം കുത്തിയൊലിച്ചെത്തുകയായിരുന്നു. ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് ജലമൊഴുകിയത്. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാൽ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോർട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയതായാണ് വിവരം. ഇരച്ചെത്തിയ പ്രളയ ജലം ഗ്രാമത്തെ നക്കിത്തുടച്ച് നീങ്ങുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകളുടെ നിലവിളി ശബ്ദം വീഡിയോകളിൽ പതിഞ്ഞിട്ടുണ്ട്.

കരസേനയടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.  ശക്തമായ മഴ  തുടരുന്നതിനാൽ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയ മുന്നറിയിപ്പൊന്നും നേരത്തേ നൽകിയിരുന്നില്ല. ദുരന്തത്തെ തുടർന്ന് സമീപത്തുള്ളവർ ഉടൻ മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ സഹായ വാഗ്ദാനങ്ങളുമായി കേന്ദ്രം ഉത്തരാഖണ്ഡ് സർക്കാറിനെ ബന്ധപ്പെട്ടു. അപകടത്തിൻ്റെ വ്യാപ്തി വർധിക്കുമെന്നാണ് സൂചന.

Latest