National
സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരിക്കെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചു; അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍
കേന്ദ്ര ഏജന്‍സികള്‍ അഞ്ച് പേരെയും ചോദ്യം ചെയ്തിട്ടുണ്ട്. നിയമപരമായ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നു പോലീസ് കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി| സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയിരിക്കെ, അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍. ചെങ്കോട്ടയുടെ ആക്സസ് കണ്‍ട്രോള്‍ പോയിന്റിന് സമീപം വിന്യസിച്ചിരിക്കുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 20 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ സാധുവായ പ്രവേശന പാസുകള്‍ ഹാജരാക്കിയില്ലെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്നുവെന്നും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. എല്ലാവരും അനധികൃത കുടിയേറ്റക്കാരാണെന്നും ഇവര്‍ ചെങ്കോട്ട പരിസരത്ത് അനധികൃതമായി കടക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ചോദ്യം ചെയ്യലില്‍ ഇവര്‍ മൂന്ന് നാല് മാസം മുമ്പ് ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതായും ഡല്‍ഹിയില്‍ തൊഴിലാളികളായി ജോലി ചെയ്തിരുന്നതായും കണ്ടെത്തി. ജൂലൈ 15 മുതല്‍ ചെങ്കോട്ട പൊതുജനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ബംഗ്ലാദേശി രേഖകള്‍ അവരില്‍ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ സംശയാസ്പദമായ വസ്തുക്കളോ പ്രവര്‍ത്തനമോ ഒന്നും കണ്ടെത്തിയില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 15 ന് നടക്കുന്ന 78-ാമത് സ്വാതന്ത്ര്യദിന പരിപാടിക്ക് മുന്നോടിയായി തലസ്ഥാനത്തുടനീളം സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് ഈ സംഭവം. അനധികൃത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് സെന്‍സിറ്റീവ് സ്ഥാപനങ്ങള്‍ക്ക് സമീപം താമസിക്കുന്നവരെ തിരിച്ചറിഞ്ഞ് നാടുകടത്തുന്നതിനായി ഡല്‍ഹി പൊലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. കേന്ദ്ര ഏജന്‍സികള്‍ അഞ്ച് പേരെയും ചോദ്യം ചെയ്തിട്ടുണ്ട്. നിയമപരമായ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നു പോലീസ് കൂട്ടിച്ചേര്‍ത്തു.