Connect with us

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപിടിത്തം; കേസെടുത്ത് പോലീസ്

ഫയര്‍ ഒക്കറന്‍സ് വകുപ്പ് പ്രകാരം കസബ പോലീസാണ് കേസെടുത്തത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപിടിത്തത്തില്‍ കേസെടുത്ത് പോലീസ്. ഫയര്‍ ഒക്കറന്‍സ് വകുപ്പ് പ്രകാരം കസബ പോലീസാണ് കേസെടുത്തത്. രക്ഷാ ദൗത്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. തീപിടുത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് വസ്ത്രവ്യാപാര കടയില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായത്.

തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് സന്ദര്‍ശിച്ചു. സംഭവത്തിലെ ശരി തെറ്റുകള്‍ അന്വേഷിക്കണം. വിദഗ്ധമായ പരിശോശന നടത്തിയാല്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂവെന്നും മേയര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട്ടെ എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്തും. ഇന്ന് അടിയന്തര കോര്‍പറേഷന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.ഇന്നലെയാണ് കോഴിക്കോട് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം ഉണ്ടായത്.

തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിത്തതിന്റെ കാരണം അറിയാന്‍ ഫയര്‍ഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോര്‍ട്ട് ഇന്ന് തന്നെ കളക്ടര്‍ക്ക് സമര്‍പ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്.

 

 

Latest