Connect with us

Articles

കണക്കുകള്‍ പറയുന്നു; ഇത് തൊഴില്‍ രഹിതരുടെ ഇന്ത്യ

ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ മുമ്പ് ഒരു കാലത്തും ഉണ്ടാകാത്ത നിലയില്‍ വര്‍ധിക്കുന്നതായി ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ എല്‍ ഒ) റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. തൊഴില്‍ രഹിത ഇന്ത്യക്കാരില്‍ 83 ശതമാനവും ചെറുപ്പക്കാരാണെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരായ യുവതയുള്ള രാജ്യമായി അങ്ങനെ ഇന്ത്യ മാറുകയാണ്.

Published

|

Last Updated

ഇന്ത്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയും രാജ്യത്തെ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ ഏജന്‍സികളും ഇന്ത്യയിലെ ഭീകരമായ തൊഴിലില്ലായ്മയെ സംബന്ധിച്ച് കഴിഞ്ഞ ഒരു ദശാബ്ദ കാലമായി ആധികാരിക രേഖകള്‍ സഹിതം പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്. മുതലാളിത്ത സമ്പദ് ഘടനയും ആഗോളവത്കരണ നയങ്ങളുമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് രൂക്ഷമാക്കിയത് എന്നുള്ള യാഥാര്‍ഥ്യം മുന്നിലുണ്ട്. ഈ വസ്തുതകള്‍ സര്‍ക്കാറിന്റെയും പൊതുജനങ്ങളുടെയും മുമ്പാകെ ചൂണ്ടിക്കാട്ടിയ പ്രമുഖരായ പല സാമ്പത്തിക വിദഗ്ധന്മാരും രാജ്യത്തുണ്ട്. ഇതില്‍ പലര്‍ക്കും കേന്ദ്ര സര്‍ക്കാറുമായി യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായിട്ടുള്ളതാണ്.

പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നുമായിരുന്നു ഒന്നാം മോദി സര്‍ക്കാറിന്റെ വാഗ്ദാനം. അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഈ വാഗ്ദാനം നരേന്ദ്ര മോദി മുതല്‍ പ്രാദേശിക തലങ്ങളിലെ നേതാക്കള്‍ വരെയുള്ളവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതുമാണ്. എന്നാല്‍ അധികാരം കിട്ടിയതോടെ അതേക്കുറിച്ച് പിന്നീട് ഒരക്ഷരം മിണ്ടാതെയായി.

140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 40 കോടിക്കും താഴെയാണ്. ഓരോ മാസം കഴിയും തോറും തൊഴിലെടുക്കുന്നവരുടെ സംഖ്യ കുറഞ്ഞു വരുന്നതായാണ് ആധികാരിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും ഭീകരമായ രീതിയില്‍ വര്‍ധിച്ചുവരുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സി എം ഐ ഇ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ജനുവരിക്കും ഏപ്രിലിനുമിടയിലുള്ള മൂന്ന് മാസക്കാലയളവില്‍ ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് 17.8 ശതമാനമാണ്. അഞ്ച് വര്‍ഷം മുമ്പ് 2017ല്‍ ഇതേ കാലയളവില്‍ അത് 11 ശതമാനമായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 6.8 ശതമാനം തൊഴിലില്ലായ്മാ നിരക്ക് കൂടി.

ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ മുമ്പ് ഒരു കാലത്തും ഉണ്ടാകാത്ത നിലയില്‍ വര്‍ധിക്കുന്നതായി ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ എല്‍ ഒ) റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. തൊഴില്‍ രഹിത ഇന്ത്യക്കാരില്‍ 83 ശതമാനവും ചെറുപ്പക്കാരാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ ഡെവലപ്മെന്റു(ഐ എച്ച് ഡി)മായി ചേര്‍ന്ന് ഐ എല്‍ ഒ നടത്തിയ പഠന റിപോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരായ യുവതയുള്ള രാജ്യമായി അങ്ങനെ ഇന്ത്യ മാറുകയാണ്. രാജ്യത്തെ തൊഴില്‍ രംഗം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് ഈ റിപോര്‍ട്ട് എടുത്തുപറയുന്നുണ്ട്.

ഹയര്‍ സെക്കന്‍ഡറിയും അതിനു മുകളിലും വിദ്യാഭ്യാസമുള്ള തൊഴില്‍രഹിത യുവാക്കളുടെ അനുപാതം 2000ത്തിലെ 35.2 ശതമാനത്തില്‍ നിന്ന് 2022ല്‍ 65.7 ശതമാനമായി കുത്തനെ കൂടി. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ശേഷമുള്ള കൊഴിഞ്ഞുപോക്ക് ഇതിലും ഉയര്‍ന്ന നിരക്കിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും പട്ടികജാതി – പട്ടികവര്‍ഗ, പിന്നാക്ക-ന്യൂനപക്ഷം അടക്കമുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം ചെറിയ രീതിയില്‍ കൂടുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഈ പാര്‍ശ്വവത്കൃത വിഭാഗത്തിന് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 2022ലെ മൊത്തം ജനസംഖ്യയുടെ 66 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഇത് 81 കോടി വരും. ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള മനുഷ്യവിഭവമായ ഈ യുവജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ക്ക് അവരുടെ അധ്വാനശേഷി ഉപയോഗിക്കാനുള്ള അവസരങ്ങള്‍ വലിയ പുരോഗതിയിലാണെന്ന് കൊട്ടിഘോഷിക്കുന്ന ഈ രാജ്യത്തില്ലെന്ന് ഈ റിപോര്‍ട്ട് എടുത്തുപറയുന്നുണ്ട്.

സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള തൊഴില്‍ സാഹചര്യമോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ ലഭിക്കുന്നില്ലെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2019ന് ശേഷം സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും കുടുംബ തൊഴില്‍ ചെയ്യുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ അധ്വാനത്തിനനുസൃതമായി വരുമാനം ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല. ഈ കാലയളവില്‍ അനൗപചാരിക തൊഴില്‍ ചെയ്യുന്നവരുടെ ശതമാനം 90ന് മുകളിലെത്തി. 2000ത്തിന് ശേഷം ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്ന സ്ഥിരം തൊഴില്‍ മേഖല 2018ന് ശേഷം എല്ലാ അര്‍ഥത്തിലും തകര്‍ന്നടിയുകയാണുണ്ടായത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണനകള്‍ ഉണ്ടായിട്ടും പട്ടികജാതി – പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴിലിലെ അരക്ഷിതാവസ്ഥ മറികടക്കാനായില്ലെന്ന് ഈ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചിട്ടില്ലെന്ന് ഐ എല്‍ ഒ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022ല്‍ മിനിമം വേതനം പോലും ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ക്കിടയിലും സംസ്ഥാനങ്ങളിലെ വ്യത്യസ്ത ജില്ലകള്‍ക്കിടയിലും തൊഴില്‍ രംഗത്ത് വലിയ അസമത്വം നിലനില്‍ക്കുകയാണ്. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ അസമത്വം നിലനില്‍ക്കുന്നത്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം മോശം തൊഴില്‍ സാഹചര്യമാണുള്ളതെന്ന് ഈ റിപോര്‍ട്ട് എടുത്തു പറയുന്നു.

എന്‍ ഡി എ ഭരണകാലത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഇടിഞ്ഞെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ അക്ഷരംപ്രതി പൊളിക്കുന്നതാണ് ഈ റിപോര്‍ട്ടുകളെല്ലാം. കഴിഞ്ഞ 22 വര്‍ഷത്തിനിടെ അഭ്യസ്തവിദ്യരായ യുവാക്കളിലെ തൊഴിലില്ലായ്മ ഇരട്ടിയായി വര്‍ധിച്ചെന്നും തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്നുമുള്ള ഈ റിപോര്‍ട്ടിലെ കണ്ടെത്തല്‍ വലിയ ചര്‍ച്ചക്ക് ഇടനല്‍കുന്നതാണ്. തീവ്ര വലത് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ 90കള്‍ മുതല്‍ തൊഴില്‍ രഹിത വളര്‍ച്ച ഒരു കാലത്തുമില്ലാത്ത നിലയില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തനാഗേശ്വരനാണ് ഐ എല്‍ ഒ റിപോര്‍ട്ട് പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ഈ റിപോര്‍ട്ടിന് ഔദ്യോഗിക സ്വഭാവവും ഉണ്ടായിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഇനി ബി ജെ പി നേതൃത്വത്തിന് തന്നെ ബുദ്ധിമുട്ടായിരിക്കും.

രാജ്യം തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഈ സമയത്ത് നമ്മുടെ രാജ്യത്തെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്നുള്ള യാഥാര്‍ഥ്യം രാജ്യത്തെ യുവാക്കളില്‍ എന്ത് തിരിച്ചറിവാണ് ഉണ്ടാക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും. എന്തായാലും ഇന്ത്യയിലെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ഐ എല്‍ ഒ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ ഡെവലപ്മെന്റും ചേര്‍ന്ന് തയ്യാറാക്കിയ ഈ ‘ഇന്ത്യാ എംപ്ലോയ്മെന്റ് റിപോര്‍ട്ട്’ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുന്ന ഇന്ത്യന്‍ ജനതക്ക് മുമ്പിലാണ് ഈ റിപോര്‍ട്ട് വെളിച്ചം കണ്ടിരിക്കുന്നത്. തൊഴില്‍രഹിതരായ കോടിക്കണക്കിന് മനുഷ്യര്‍ അവരുടെ വോട്ട് യഥാവിധം പ്രയോജനപ്പെടുത്തുമെന്നും തൊഴില്‍രഹിത ഇന്ത്യയില്‍ നിന്ന് കരകയറാന്‍ അവര്‍ വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കാം.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428