Connect with us

Health

നോമ്പ് തുറസമയത്തെ നെഞ്ചെരിച്ചില്‍, വയര്‍ പുകച്ചില്‍ ഇല്ലാതാക്കാം

മിതമായ രീതിയില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ മിക്കവരിലും ആമാശയ സംബന്ധമായ ലക്ഷണങ്ങളായ വയര്‍ വീര്‍ക്കല്‍, വയര്‍ എരിച്ചില്‍, പുകച്ചില്‍ എന്നിവ വളരെയധികം കുറയ്ക്കാന്‍ സഹായിക്കും.

Published

|

Last Updated

മസാനില്‍ നോമ്പ് നോല്‍ക്കുമ്പോള്‍ ഏറ്റവുമധികം കണ്ടുവരുന്ന അസുഖമാണ് നെഞ്ചെരിച്ചില്‍, വയര്‍ പുകച്ചില്‍, വയര്‍ എരിച്ചില്‍ എന്നിവ. ഇതിനുമുമ്പ് ഈ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ഈ അവസ്ഥ കൂടുതലായി കാണാം. പലപ്പോഴും ഇതുകാരണം നോമ്പനുഷ്ഠിക്കുമ്പോള്‍ പേടിയും അനുഭവപ്പെടാം. പലപ്പോഴും നമ്മുടെ ജീവിതരീതിയിലുള്ള ചെറിയ ചെറിയ മാറ്റങ്ങള്‍കൊണ്ടുതന്നെ ഒരുപരിധി വരെ ഈ അവസ്ഥ ഇല്ലാതാക്കാന്‍ സാധിക്കും. അത്താഴ സമയത്ത് ലഘുഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, പ്രത്യേകിച്ച് ഒരു ബാലന്‍സ്ഡ് ഡയറ്റാണ് ഈ സമയത്ത് സ്വീകരിക്കേണ്ടത്. മുട്ട, പാല്‍, അരി ഭക്ഷണം ഇതെല്ലാം അടങ്ങിയ ആഹാരം മിതമായ രീതിയില്‍ കഴിക്കുകയാണ് വേണ്ടത്. മൂന്നിലൊരു ഭാഗം ഭക്ഷണം, മൂന്നിലൊരു ഭാഗം വെള്ളം, മൂന്നിലൊരു ഭാഗം മാറ്റിവെക്കുക എന്നതാണ് ആമാശയത്തിന്റെ കാര്യത്തില്‍ പാലിക്കേണ്ടത്.

മിതമായ രീതിയില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ മിക്കവരിലും ആമാശയ സംബന്ധമായ ലക്ഷണങ്ങളായ വയര്‍ വീര്‍ക്കല്‍, വയര്‍ എരിച്ചില്‍, പുകച്ചില്‍ എന്നിവ വളരെയധികം കുറയ്ക്കാന്‍ സഹായിക്കും. പലപ്പോഴും നെഞ്ചെരിച്ചില്‍ വര്‍ധിച്ചുവരുന്ന ഒന്നാണ്. ഒരു സമയത്ത് അമിതമായി ഭക്ഷണം കഴിക്കുകയും കഴിച്ച ഉടന്‍ മുമ്പോട്ട് കുനിയുക, കിടക്കുക, ഭാരമുള്ള വസ്തു എടുക്കുക എന്നിവയെല്ലാം ചെയ്താല്‍ നെഞ്ചെരിച്ചില്‍ കൂടാന്‍ കാരണമാകുന്നു. നെഞ്ചെരിച്ചില്‍ പതിവായുള്ളവര്‍ കഴിക്കുന്ന ഗുളിക തുടര്‍ച്ചയായി കഴിക്കാന്‍ ശ്രദ്ധിക്കണം.

നോമ്പുതുറന്ന ശേഷമായാലും അത്താഴശേഷമായാലും ഭാരിച്ച ഭക്ഷണം കഴിച്ച ഉടനെ പോയി കിടക്കുന്ന ശീലം ഒഴിവാക്കണം. പ്രത്യേകിച്ച് നോമ്പ് തുറക്കുന്ന സമയത്ത് ലഘുഭക്ഷണം കഴിച്ചാല്‍ മതി. കാരക്ക, പഴങ്ങള്‍ എന്നിവ മാത്രം കഴിച്ച് നോമ്പ് തുറക്കാന്‍ ശ്രമിക്കുക. എണ്ണ പലഹാരങ്ങളും കൊഴുപ്പേറിയ ആഹാരങ്ങളും മിതമായി കഴിക്കുക. വെള്ളം മിനിമം പതിനാല് ഗ്ലാസ് എങ്കിലും കുടിക്കണം. വെള്ളം ഒരുമിച്ച് കുടിക്കാതെ ഇടവിട്ട് കുടിക്കാന്‍ ശ്രദ്ധിക്കുക.

പലര്‍ക്കും റമദാന്‍ നോമ്പ് അനുഷ്ഠിച്ചതിനുശേഷം വയര്‍ എരിച്ചില്‍, പുകച്ചില്‍ എന്നിവ ആദ്യമായിട്ട് അനുഭവപ്പെടാറുണ്ട്. ചെറുകുടലിന്റെ തുടക്കത്തില്‍ ഉണ്ടാകുന്ന പുണ്ണിന്റെ ലക്ഷണമാകാം ഇത്. അങ്ങനെയാണെങ്കില്‍ എന്‍ഡോസ്‌കോപ്പി വഴി രോഗം കണ്ടുപിടിച്ച് ചികിത്സതേടേണ്ടതാണ്. ഇതിനുള്ള ചികിത്സയ്‌ക്കൊപ്പം റമസാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. നെഞ്ചെരിച്ചില്‍ പലപ്പോഴും അമിതമായ ഭക്ഷണം കഴിക്കുന്നതിനാല്‍ വഷളാകാവുന്ന അസുഖമാണ്. അതിനാല്‍ പ്രത്യേകിച്ച് നോമ്പ് തുറക്കുന്ന സമയത്ത് മിതമായ ഭക്ഷണം കഴിച്ചും ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിച്ചും മുന്നോട്ടുപോയാല്‍ മുഴുവന്‍ നോമ്പും നോല്‍ക്കാന്‍ കഴിയും. കരള്‍ രോഗങ്ങള്‍ ഉള്ളവരില്‍ പ്രത്യേകിച്ച് ക്രോണിക് ഹെപ്പറ്റൈറ്റിസ്, ചില വൈറസുകള്‍ കാരണമുള്ള ഹെപ്പറ്റൈറ്റിസ് ഉള്ള രോഗികളില്‍ കൃത്യമായി മരുന്ന് കഴിച്ചാല്‍ നോമ്പ് പൂര്‍ണ്ണമായും നോല്‍ക്കാവുന്നതാണ്. പാന്‍ക്രിയാസ് സംബന്ധമായ അസുഖമുള്ളവര്‍ക്കും കൃത്യമായി മരുന്ന് കഴിച്ചുകൊണ്ട് നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജാവേദ് പി
എംബിബിഎസ് എംഡി, ഡിഎം
കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോഎന്ററോളജി
ആസ്റ്റര്‍ മിംസ്, കണ്ണൂര്‍.