Connect with us

Kerala

കരീം കക്കാടിന് വിട

2004 മുതല്‍ 2012 വരെ സിറാജ് ജനറല്‍ മാനേജറായിരുന്ന അദ്ദേഹം പത്രത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ശില്‍പികളില്‍ ഒരാളായി മാറി

Published

|

Last Updated

കോഴിക്കോട്  |  സിറാജ് മുന്‍ ജനറല്‍ മാനേജറും എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കരീം കക്കാടിന് (53) കണ്ണീരോടെ വിട. മൂന്നര പതിറ്റാണ്ട് കാലം സുന്നി പ്രസ്ഥാനത്തിന്റെ അണിയറ ശില്‍പികളില്‍ ഒരാളായി പ്രവര്‍ത്തിച്ച അദ്ദേഹം രിസാല വാരികയുടെയും മര്‍കസ് ആരോഗ്യം മാസികയുടെയും ജനറല്‍ മാനേജറായും മെഡി.കോളജ് സഹായി വാദിസലാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും സേവനം ചെയ്തിട്ടുണ്ട്.
2004 മുതല്‍ 2012 വരെ സിറാജ് ജനറല്‍ മാനേജറായിരുന്ന അദ്ദേഹം പത്രത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ശില്‍പികളില്‍ ഒരാളായി മാറി.

1995 മുതല്‍ 2004 വരെ രിസാല വാരികയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം രിസാലയെ സംസ്ഥാനത്തെ ഒന്നാംകിട വിദ്യാര്‍ഥി പ്രസിദ്ധീകരണമാക്കി വളര്‍ത്തിയെടുക്കുന്നതിലും എസ് എസ് എഫ് സാഹിത്യോത്സവിനെ കൂടുതല്‍ ജനകീയമാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് മുക്കം സോണ്‍ സെക്രട്ടറി , കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദ് കമ്മറ്റി അംഗം, കക്കാട് മുനവ്വിറുല്‍ ഇസ്ലാം മദ്രസ മാനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ശനിയാഴ്ച രാത്രി ഒരു മണിക്ക് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദില്‍ രണ്ട് തവണയായി നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം കെ കെ അഹമ്മദ് മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് മുഹമ്മദ് ബാഫഖി പുതിയങ്ങാടി നേതൃത്വം നല്‍കി. ഭാര്യ :സുബൈദ.മക്കള്‍:അഹമ്മദ് ലുബൈബ്(ഫിനാന്‍സ് സെക്രട്ടറി എസ് എസ് എഫ് സര്‍ക്കാര്‍പറമ്പ് യൂണിറ്റ്) ,ലദീദ പര്‍വീന്‍,ലിയ ഫാത്വിമ(8ാം ക്ലാസ് വിദ്യാര്‍ഥി പി ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊടിയത്തൂര്‍).മരുമകന്‍:അഖ്ദസ് മാവൂര്‍ (അബൂദബി). സഹോദരങ്ങള്‍:ആമിന , സൈനബ, പരേതരായ കമ്മുണ്ണി, സുബൈദ,ഖദീജ.