Connect with us

fact check

FACT CHECK: ഇന്ത്യന്‍ നാവിക സേനാ ദിനത്തിന് അഭിവാദ്യം അര്‍പ്പിച്ച് ബി ജെ പി പ്രചരിപ്പിച്ച കപ്പല്‍ ഇന്ത്യയുടെത് തന്നെയോ?

ബി ജെ പിക്ക് മറ്റൊരു അമളി കൂടി പറ്റിയിരിക്കുകയാണ് ഇതിലൂടെ.

Published

|

Last Updated

ഇന്ത്യന്‍ നാവിക ദിനമായ ഡിസംബര്‍ നാലിന് നാവിക സേനക്ക് അഭിവാദ്യം അര്‍പ്പിച്ച് ബി ജെ പിയും കോണ്‍ഗ്രസും അടക്കം പ്രചരിപ്പിച്ച കപ്പല്‍ ഇന്ത്യയുടെത് തന്നെയാണോയെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആ പടക്കപ്പല്‍ ഇന്ത്യയുടെത് ആണോ അതല്ല മറ്റേതെങ്കിലും രാജ്യത്തിന്റെത് ആണോയെന്ന് അറിയാം:

അവകാശവാദം : സമുദ്ര സംരക്ഷകര്‍ക്ക് മഹോന്നത സല്യൂട്ട് എന്ന അടിക്കുറിപ്പിലായിരുന്നു ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. ഇതില്‍ ത്രിവര്‍ണ പതാക എഡിറ്റ് ചെയ്ത് ചേര്‍ത്ത ഒരു പടക്കപ്പലുണ്ട്. ബി ജെ പിയുടെ തന്നെ മറ്റു ചില അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച ഫോട്ടോയില്‍ ത്രിവര്‍ണ പതാകയില്ല. എന്നാൽ, ഒരേ പടക്കപ്പലിന്റെ ഫോട്ടോയാണ് ബി ജെ പി ദേശീയ സമിതിയുടെ ട്വിറ്റർ അക്കൗണ്ടിലും സംസ്ഥാന ഘടകങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് പി സി ശര്‍മയും സമാന ഫോട്ടോയാണ് അഭിവാദ്യ പോസ്റ്റില്‍ ചേര്‍ത്തത്.

 

യാഥാര്‍ഥ്യം : ബി ജെ പിയും കോണ്‍ഗ്രസും നാവിക സേനക്ക് അഭിവാദ്യമര്‍പ്പിച്ച പോസ്റ്റിലെ ഫോട്ടോയിലെ പടക്കപ്പല്‍ അമേരിക്കന്‍ സൈന്യത്തിന്റെതാണ്. യു എസ് നാവികസേനയുടെ ഫ്രീഡം ക്ലാസ് ലിറ്റോറല്‍ കോമ്പാറ്റ് ഷിപ്പി(എല്‍ സി എസ്)ന്റെ ഫോട്ടോയാണ് ഇന്ത്യന്‍ നാവിക സേനക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പോസ്റ്റ് ചെയ്തത്. അമേരിക്കന്‍ നാവിക സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ പടക്കപ്പലിന്റെ ഫോട്ടോ കാണാം. മുന്‍ വര്‍ഷങ്ങളിലെ നാവിക ദിനത്തിലും സമാന ഫോട്ടോ വൈറലായിരുന്നു. അന്നും ബി ജെ പിയും കോണ്‍ഗ്രസും തന്നെയാണ് അമേരിക്കന്‍ പടക്കപ്പല്‍ ഇന്ത്യയുടെതാക്കി പ്രചരിപ്പിച്ചത്.

ചുരുക്കത്തിൽ, ഉത്തര്‍ പ്രദേശില്‍ നോയിഡയില്‍ ശിലയിട്ട വിമാനത്താവളത്തിന്റെ ഡിസൈനായി ചൈനയിലെയും ദക്ഷിണ കൊറിയയിലെയും വിമാനത്താവളങ്ങളുടെ ഫോട്ടോ പ്രചരിപ്പിച്ച ബി ജെ പിക്ക് മറ്റൊരു അമളി കൂടി പറ്റിയിരിക്കുകയാണ് ഇതിലൂടെ. ഫോട്ടോ തിരഞ്ഞെടുക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം ഗൂഗിളെങ്കിലും ചെയ്യേണ്ടേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Latest