Connect with us

fact check

FACT CHECK: 'ആരെന്ത് പറഞ്ഞാലും കൊവിഡ് മൂന്നാം തരംഗം യാഥാര്‍ഥ്യമാണ്'; ഡോക്ടറുടെ പേരിലുള്ള പോസ്റ്റിന്റെ വസ്തുതയെന്ത്?

കോഴിക്കോട്ടെ ആസ്റ്റര്‍ മിംസിലെ ഡോക്ടറുടെ പേരില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെഡിക്കല്‍ സാങ്കേതിക പദങ്ങളാല്‍ സമ്പന്നമായ ഈ പോസ്റ്റ് അവിശ്വസിക്കാന്‍ പലര്‍ക്കും സാധിക്കില്ല.

Published

|

Last Updated

മിക്രോണ്‍ എന്ന കൊറോണവൈറസ് വകഭേദം പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ലോകത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുകയാണെന്നും രാജ്യങ്ങളൊന്നൊന്നായി അടച്ചുപൂട്ടുകയുമാണെന്നും പറഞ്ഞ് ഭയപ്പെടുത്തുന്ന സന്ദേശം വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസം സജീവമായിരുന്നു. ഇത് വ്യാജമാണെന്നും കൊവിഡിന്റെ ആരംഭകാലത്തുള്ളതാണെന്നും സിറാജ് ഫാക്ട് ചെക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഈ സന്ദേശത്തെ ന്യായീകരിക്കുന്ന തരത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടറുടെ പേരില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെഡിക്കല്‍ സാങ്കേതിക പദങ്ങളാല്‍ സമ്പന്നമായ ഈ പോസ്റ്റ് അവിശ്വസിക്കാന്‍ പലര്‍ക്കും സാധിക്കില്ല. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : *മുൻകരുതൽ സന്ദേശം*

*ആരെന്തു പറഞ്ഞാലും കൊവിഡ് മൂന്നാം തരംഗം ഒരു യാഥാർഥ്യമാണ്. പുതിയ വൈറസ് കൊവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല  സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്.  ചിലപ്പോൾ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കൊവിഡ്  അതിവേഗം കടന്നാക്രമിക്കുന്നു!! ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്!
*ഈ വൈറസ് നേസോഫറിംജ്യൽ മേഖലയിൽ ജീവിക്കുന്നില്ല!!  ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് ‘ജാലകങ്ങൾ’ (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങൾ) കുറവാണ്. അത്തരം നിരവധി രോഗികൾക്ക് പനിയോ  വേദനയോ ഇല്ല. എന്നാൽ അവരുടെ എക്സ്-റേകളിൽ നേരിയ ന്യുമോണിയ കാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
കൊവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസൽ സ്വാബ് ടെസ്റ്റുകൾ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യൽ ടെസ്റ്റുകളിൽ നിന്ന് കൂടുതൽ കൂടുതൽ തെറ്റായ നെഗറ്റീവ് ഫലങ്ങൾ ഉണ്ടായിട്ടുമുണ്ട്.
*ഇതിനർത്ഥം വൈറസ് വേഗത്തിൽ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു  വ്യാപിക്കുന്നു എന്നാണ്. ഇത് വൈറൽ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മർദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു !!
*നമുക്ക് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക. ഡബിൾ ലെയേഡ് ഫെയ്സ് മാസ്കുകൾ മാത്രം ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റയ്സർ ഉപയോഗിച്ചോ വൃത്തിയാക്കുക.
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ അകന്നു നിൽക്കുക. ആലിംഗനങ്ങൾ അരുത്, കാരണം അധികംപേരും ലക്ഷണമില്ലാത്തവരാണ്.
*ഈ  “മൂന്നാം തരംഗം”  ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുകയും വേണം.
*നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരു അലേർട്ട് കമ്മ്യൂണിക്കേറ്റർ ആകുക. ഈ വിവരങ്ങൾ സൂക്ഷിച്ചു വെക്കരുത്.  കഴിയുന്നിടത്തോളം, പ്രത്യേകിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.
ഡോ. പി പി വേണുഗോപാൽ
ഹെഡ്-എമർജൻസി വിഭാഗം, ആസ്റ്റർ മിംസ്
കോഴിക്കോട്

(വാട്ട്സാപ്പിൽ റോക്കറ്റ് വേഗത്തിൽ പ്രചരിക്കുന്ന സന്ദേശം).

 

വസ്തുത : വാട്ട്സാപ്പിൽ തന്റെ പേരിൽ പ്രചരിക്കുന്ന കുറിപ്പ് എഴുതിയത് താനല്ലെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആസ്റ്റർ ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. പി പി വേണുഗോപാൽ അറിയിച്ചു. ഇതിനെതിരെ ഇദ്ദേഹം സൈബർ പോലീസിൽ പരാതി നൽകിയുണ്ട്. മാസങ്ങൾക്കു മുമ്പും ഇദ്ദേഹത്തിന്റെ പേരിൽ സമാനമായ പ്രചാരണം നടന്നിരുന്നു. കൊവിഡിന്റെ പുതിയ വകഭേദ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകളെ തെറ്റിധരിപ്പിക്കുന്ന ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പുറത്ത് വിടുന്നത് വളരെ ഗൗരവകരമായ പ്രശ്‌നമാണെന്ന് ഡോ. പി പി വേണുഗോപാൽ പറഞ്ഞു. വൈറസിനെക്കാളും വളരെ അപകടകരമാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ.ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനം വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് പുറത്ത് വിടുന്നത് മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്ദേശത്തിന്റെ ഉറവിടം ഡൽഹിയാണെന്നും അതിന്റെ പരിഭാഷപ്പെടുത്തിയ രൂപമാണ് കേരളത്തിൽ പ്രചരിപ്പിക്കുന്നതെന്നുമാണ് പോലിസ് അറിയിച്ചത്. ഈ സന്ദേശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് വീണ്ടും പ്രചാരണം നടത്തുന്നത്.
നിജസ്ഥിതി മനസ്സിലാക്കാതെ ചില ഓൺലൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ തനിക്കോ സ്ഥാപനത്തിനോ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും ഡോ. വേണുഗോപാൽ അറിയിച്ചു.

Latest