Connect with us

Heavy rain

തീവ്ര ന്യൂനമര്‍ദം ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് തീരംതൊടും

തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളില്‍ അതിശക്തമായ മഴ; കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം|  തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇന്ന് വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് എത്തുന്ന തീവ്ര ന്യൂനമര്‍ദ്ദം വൈകുന്നേരത്തോടെ വടക്കന്‍ തമിഴ്‌നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് കാരക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയില്‍ പുതുച്ചേരിക്ക് വടക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന് 40 മുതല്‍ 55 കിമി വരെ വേഗതയുണ്ടാകും. തീരദേശ തമിഴ്‌നാട് ആന്ധ്രാ തീരങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ ഇടിമിന്നലാട് കൂടിയ വ്യാപക മഴയുണ്ടാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

 

 

Latest