National
അസമിൽ പ്രളയക്കെടുതി രൂക്ഷം; 30 ലക്ഷത്തിൽപരം ആളുകളെ പ്രളയം ബാധിച്ചു; നാലായിരം ഗ്രാമങ്ങൾ വെള്ളത്തിൽ
1.56 ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഗുവാഹത്തി | അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 32 ജില്ലകളിലെ 4,296 വില്ലേജുകളിലായി 30,99,762 ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. ഇതിനിടെ 8 പേർക്ക് ജീവൻ നഷ്ടമായി. ഏപ്രിലിനുശേഷം ആകെ 62 പേർ മരിച്ചു, അതിൽ 51 പേർ വെള്ളപ്പൊക്കത്തിലും 11 പേർ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. 66455.82 ഹെക്ടറിലധികം കൃഷിയോഗ്യമായ ഭൂമിയും പ്രളയത്തിൽ നശിച്ചു.
നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ 514 ദുരിതാശ്വാസ ക്യാമ്പുകളും 302 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. 1,56,365 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
അസമിൽ 30 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ 32 ജില്ലകളിലായി നാലായിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിലും 1.56 ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലുമാണ്.
അയൽ സംസ്ഥാനമായ മേഘാലയയിലും മഴ ശക്തമായി തുടരുകയാണ്. പടിഞ്ഞാറൻ ത്രിപുരയിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ സംസ്ഥാന സുരക്ഷാ സേനയെ സഹായിക്കാൻ ത്രിപുര സർക്കാർ എൻ ഡി ആർ എഫ്, അസം റൈഫിൾസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അഗർത്തലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നൂറുകണക്കിന് ആളുകൾ അഭയം പ്രാപിച്ചിട്ടുണ്ട്.
കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. പ്രളയത്തിൽ അകപ്പെട്ട അസമിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.