Connect with us

International

തലച്ചോറില്‍ ചിപ്പ് സ്ഥാപിക്കാനുള്ള പരീക്ഷണം; ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിനെതിരെ ഗുരുതര ആരോപണം

പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന കുരങ്ങുകളെ ഒറ്റയ്ക്ക് കൂട്ടിലടച്ചിരിക്കുകയാണ്. തലയോട്ടിയില്‍ സ്റ്റീല്‍ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാല്‍ അവ ഫേഷ്യല്‍ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി| ഇലോണ്‍ മസ്‌കിന്റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ യുഎസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്ത്. മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ ചിപ്പ് ബന്ധിപ്പിക്കുന്ന പരീക്ഷണവുമായി ബന്ധപ്പെട്ട് ന്യൂറാലിങ്കിന്റെയും കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഗവേഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. മസ്തിഷ്‌ക ഇംപ്ലാന്റുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ അങ്ങേയറ്റം ദുരിതമനുഭവിപ്പിക്കുന്നതായി സംഘടന പറഞ്ഞു.

പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന കുരങ്ങുകളെ ഒറ്റയ്ക്ക് കൂട്ടിലടച്ചിരിക്കുകയാണ്. തലയോട്ടിയില്‍ സ്റ്റീല്‍ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാല്‍ അവ ഫേഷ്യല്‍ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും മൃഗാവകാശ സംഘടന പറയുന്നു. കമ്പനിയുടെ അപര്യാപ്തമായ മൃഗസംരക്ഷണ നടപടികളും കഠിനമായ പരീക്ഷണ രീതികളും വെളിപ്പെടുത്തുന്ന രേഖകള്‍ സംഘടനയ്ക്ക് ലഭിച്ചതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2017 നും 2020 നും ഇടയില്‍ കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിച്ച മൊത്തം 23 കുരങ്ങുകളില്‍ 15 എണ്ണം ചത്തിരുന്നു.

ന്യൂറാലിങ്കിന്റെ മനുഷ്യരിലെ പരീക്ഷണം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവന്നേക്കും. മസ്തിഷ്‌ക വൈകല്യങ്ങള്‍ കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള ഉദ്ദേശത്തോടെ 2016ലായിരുന്നു ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് എന്ന കമ്പനി സ്ഥാപിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറില്‍ ഉള്‍ച്ചേര്‍ക്കുന്ന ഒരു ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്നത്. രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്ക് ത്രെഡ് ചെയ്യപ്പെടുന്ന മൈക്രോചിപ്പും വയറുകളും ഈ ഉപകരണത്തില്‍ അടങ്ങിയിരിക്കുന്നു.

2021ല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കുരങ്ങ് മൈന്‍ഡ് പോംഗ് ഗെയിം കളിച്ചിരുന്നു. ഇതോടെയൊണ് മനുഷ്യനില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി വേഗം കൂട്ടിയത്. പന്നികളിലും എലികളിലും ഈ സാങ്കേതിക വിദ്യ ഫലപ്രദമായി പരീക്ഷിച്ചതായി മുമ്പ് ന്യൂറാലിങ്ക് അവകാശപ്പെട്ടിരുന്നു.