Connect with us

National

ജിയോ ഒഴിവാക്കി ഉപയോക്താക്കള്‍, സെപ്തംബറില്‍ നഷ്ടമായത് 1.9 കോടി വരിക്കാരെ

ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.48 കോടിയായി താഴ്ന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയ്ക്ക് വന്‍ തിരിച്ചടി. പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ ആദ്യമായാണ് തിരിച്ചടി നേരിടുന്നത്. മൊത്തം വരിക്കാരുടെ എണ്ണത്തില്‍ ഇപ്പോഴും ജിയോയാണ് മുന്നില്‍. എന്നാല്‍, സെപ്തംബറില്‍ ജിയോയ്ക്ക് നഷ്ടപ്പെട്ടത് 1.9 കോടി വരിക്കാരെയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1.1 കോടി വരിക്കാരെയും നഷ്ടപ്പെട്ടിരുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോര്‍ട്ട് പ്രകാരം സെപ്തംബറില്‍ ജിയോയ്ക്ക് 1.9 കോടി ഉപയോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.48 കോടിയായി താഴ്ന്നു. അതേസമയം, ഭാരതി എയര്‍ടെല്‍ 2.74 ലക്ഷം പുതിയ വയര്‍ലെസ് ഉപഭോക്താക്കളെ സ്വന്തമാക്കി. എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.44 കോടിയായി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുടെ 10.77 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വിഐ യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.99 കോടിയായി. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) സെപ്തംബറില്‍ 8.72 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ ബിഎസ്എന്‍എലിന്റെ മൊത്തം വരിക്കാര്‍ 11.33 കോടിയായി. മൊത്തം വയര്‍ലെസ് വരിക്കാര്‍ സെപ്തംബര്‍ അവസാനത്തോടെ 1,16.67 കോടിയായി താഴ്ന്നു. പ്രതിമാസ വളര്‍ച്ചാ നിരക്ക് 1.69 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയില്‍ പറയുന്നു.

നഗരപ്രദേശങ്ങളിലെ സജീവ വയര്‍ലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റിലെ 67.13 കോടിയില്‍ നിന്ന് സെപ്തംബര്‍ അവസാനത്തില്‍ 65.90 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളില്‍ വയര്‍ലെസ് വരിക്കാര്‍ ഓഗസ്റ്റിലെ 53.82 കോടിയില്‍ നിന്ന് സെപ്തംബറില്‍ 53 കോടിയായി താഴ്ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയര്‍ലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 1.82 ശതമാനവും 1.53 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ കാണിക്കുന്നു.

 

Latest