Connect with us

Articles

സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മികവും കുറവും

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും ഹൃസ്വരൂപം വിവരിക്കുന്ന, രാജ്യവ്യാപകമായി നടക്കുന്ന ഗാര്‍ഹിക സര്‍വേയാണ് എ എസ് ഇ ആര്‍- 2022. റിപോര്‍ട്ട് പുറത്തുവിട്ട ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ ഒന്ന്, സ്‌കൂള്‍ കുട്ടികളുടെ വായനാശേഷിയിലെ കുത്തനെയുള്ള ഇടിവാണ്.

Published

|

Last Updated

കൊവിഡ് മഹാമാരി ഇന്ത്യയില്‍ വ്യാപിച്ച് തുടങ്ങിയതോടെ 2020 മാര്‍ച്ചില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചുപൂട്ടുകയുണ്ടായി. രാജ്യത്തെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും മൊബൈല്‍ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ലഭ്യതയും പരിഗണിക്കാതെയായിരുന്നു അന്ന് ‘സൂം ക്ലാസ്സുകള്‍’ നടന്നത്. ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ‘ന്യൂ നോര്‍മല്‍’ ആയി അംഗീകരിക്കപ്പെട്ടുവെങ്കിലും, അടിസ്ഥാന പ്രശ്നങ്ങളെ വേണ്ടത്ര ഗൗരവത്തില്‍ സമീപിക്കാതെ ഓണ്‍ലൈനിലേക്ക് മാറ്റിയത് കുട്ടികളുടെ വായനയുടെയും ഗ്രാഹ്യശക്തിയുടെയും അടിസ്ഥാന ശേഷിയെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. 2022ലെ വാര്‍ഷിക വിദ്യാഭ്യാസ റിപോര്‍ട്ടിന്റെ (എ എസ് ഇ ആര്‍) കണ്ടെത്തലുകള്‍ ഇതിനെ കുറിച്ച് ചില സുപ്രധാന വിവരങ്ങള്‍ കൈമാറുന്നുണ്ട്.

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും ഹൃസ്വരൂപം വിവരിക്കുന്ന, രാജ്യവ്യാപകമായി നടക്കുന്ന ഗാര്‍ഹിക സര്‍വേയാണ് എ എസ് ഇ ആര്‍- 2022. രാജ്യത്തെ മുഴുവന്‍ ഗ്രാമീണ ജില്ലകളിലെയും കുട്ടികളുടെ എന്റോള്‍മെന്റ് നില, അടിസ്ഥാന പ്രാപ്തി എന്നിവയുടെ എസ്റ്റിമേറ്റ് ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. 3-16 വയസ്സ് പ്രായമുള്ള എല്ലാ കുട്ടികളുടെയും പ്രീ സ്‌കൂള്‍, സ്‌കൂള്‍ എന്റോള്‍മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിന്റെ ഭാഗമായി ശേഖരിച്ചു. 5-16 വയസ്സ് പ്രായമുള്ള കുട്ടികളുടെ ഇംഗ്ലീഷ്, ഗണിതം, വായന തുടങ്ങിയ കഴിവുകള്‍ മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. റിപോര്‍ട്ട് പുറത്തുവിട്ട ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ ഒന്ന്, സ്‌കൂള്‍ കുട്ടികളുടെ വായനാശേഷിയിലെ കുത്തനെയുള്ള ഇടിവാണ്. വായനാശേഷി 2012ന് മുമ്പുള്ള നിലവാരത്തിലേക്ക് താഴ്ന്നതായിട്ടാണ് പഠനം കണ്ടെത്തിയത്. മിക്ക സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഈ കുറവ് സമാനമാണ്. വായനാശേഷി സൂചികയില്‍ അപേക്ഷികമായി പിന്നിലായിരുന്ന ബിഹാറില്‍ 2018ലെ 12.3 ശതമാനത്തില്‍ നിന്ന് 2022ല്‍ 12.9ലേക്കും യു പിയില്‍ 12.3 ശതമാനത്തില്‍ നിന്ന് 16.4 ശതമാനത്തിലേക്കും ഉയര്‍ന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും പഠിക്കുന്ന പ്രായത്തിനും നിലവാരത്തിനും അനുയോജ്യമായ വാക്കുകള്‍ വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന കുട്ടികളുടെ ശതമാനത്തില്‍ വലിയ ഇടിവാണ് കൊവിഡോടെ സംഭവിച്ചത്.

മെച്ചപ്പെട്ട വിദ്യാഭ്യാസ കാഴ്ചപ്പാടുള്ള കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. മഹാരാഷ്ട്രയില്‍, 2018ലെ സര്‍വേയില്‍ പങ്കെടുത്ത 44.2 ശതമാനം കുട്ടികളും മതിയായ വായനാശേഷി പ്രകടമാക്കിയതായി പഠനം കണ്ടെത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അത് 26.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2018ല്‍ 43.4 ശതമാനം ഉണ്ടായിരുന്ന കേരളത്തില്‍ 2022ല്‍ 31.6 ശതമാനമായി കുറഞ്ഞു.

കൊവിഡിനെത്തുടര്‍ന്നുണ്ടായ പഠന മേഖലയിലെ പിന്നാക്കാവസ്ഥയില്‍ ഗണിത വിഷയങ്ങളേക്കാള്‍ താരതമ്യേന വായനാ രംഗത്താണ് വലിയ കുറവ് വന്നതെന്ന് റിപോര്‍ട്ട് കണ്ടെത്തുന്നു.

എന്നാല്‍, കൊവിഡ്കാല അടച്ചുപൂട്ടലില്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കാര്യമായി സംഭവിച്ചിട്ടില്ലെന്ന ആശ്വാസകരമായ കണക്കും റിപോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്. കൊവിഡിന് മുമ്പ് 2018ലാണ് എ എസ് ഇ ആര്‍ അവസാനത്തെ ദേശീയ ഗ്രാമീണ ഫീല്‍ഡ് സര്‍വേ നടത്തിയത്. ആ വര്‍ഷം, ആറ് മുതല്‍ 14 വരെ പ്രായമുള്ളവരുടെ ദേശീയ എന്റോള്‍മെന്റ് കണക്ക് 97.2 ശതമാനം ആയിരുന്നു. 2022ലെ കണക്കുകള്‍ പ്രകാരം ഇത് 98.4 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

2018-2022 കാലയളവില്‍ മൊത്തത്തിലുള്ള എന്റോള്‍മെന്റിലെ വളര്‍ച്ചയോടൊപ്പം, എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പ്രായക്കാര്‍ക്കിടയിലും സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുന്ന 11 മുതല്‍ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികളുടെയും ശതമാനം 2018ല്‍ 65 ശതമാനം ആയിരുന്നത് 2022ല്‍ 71.7 ശതമാനമായി ഉയര്‍ന്നത് ശുഭകരമാണ്.

സ്വകാര്യ ട്യൂഷന്‍ സംരംഭങ്ങള്‍ വര്‍ഷങ്ങളായി ഏകദേശം 25 ശതമാനം ആയിരുന്നത് 2021ല്‍ ഏതാണ്ട് 40 ശതമാനമായി കുത്തനെ വര്‍ധിച്ചു. ബിഹാറും ഝാര്‍ഖണ്ഡും ഉയര്‍ന്ന ട്യൂഷന്‍ സംസ്ഥാനങ്ങളാണ്. ബിഹാറിലെ 70 ശതമാനം കുട്ടികളും ഝാര്‍ഖണ്ഡിലെ 45 ശതമാനം കുട്ടികളും 2022ല്‍ ട്യൂഷന്‍ ക്ലാസ്സുകളുടെ ഉപയോക്താക്കളാണെന്ന് പഠനം കണ്ടെത്തുന്നുണ്ട്. ഹിമാചല്‍ പ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 10, 15 ശതമാനം വിദ്യാര്‍ഥികള്‍ സ്വകാര്യ ട്യൂഷനുകള്‍ പ്രയോജനപ്പെടുത്തുന്നവരാണ്.

സ്‌കൂളുകളില്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ നേരിട്ടുള്ള വിവരണങ്ങളും വിശദീകരണങ്ങളുമാണ് സ്വകാര്യ ട്യൂഷനുകളും നല്‍കുന്നത്. സ്വകാര്യ ട്യൂഷനില്‍ ചേരുന്ന കുട്ടികളുടെ വര്‍ധനവ് അവരുടെ രക്ഷിതാക്കളുടെ സാമ്പത്തിക പുരോഗതി കൊണ്ട് തന്നെയാകണമെന്നില്ല. വളരെ ദരിദ്രരായ ജനങ്ങള്‍ക്കിടയിലും ഈ വര്‍ധനവ് കാണാനാകും. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനുള്ള മാതാപിതാക്കളുടെ താത്പര്യത്തിന്റെ ഒരു പ്രതിഫലനമാണിത്.

വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം എത്രത്തോളം പ്രാപ്യമാണെന്ന് കണ്ടെത്തുന്നതിന് സ്‌കൂള്‍ തലങ്ങളിലും എ എസ് ഇ ആര്‍ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 60ല്‍ താഴെ കുട്ടികളുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ അനുപാതം കഴിഞ്ഞ ദശകത്തില്‍ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയതലത്തില്‍ പരിശോധിക്കുമ്പോള്‍ 2010ല്‍ 17.3 ശതമാനം, 2014ല്‍ 24 ശതമാനം, 2018ല്‍ 29.4 ശതമാനം, 2022ല്‍ 29.9 ശതമാനം എന്നിങ്ങനെയാണ്. എന്നാല്‍, കേരളം (2018ലെ 24.1 ശതമാനത്തില്‍ നിന്ന് 2022ല്‍ 16.2 ശതമാനം) ഉത്തര്‍ പ്രദേശ് (2018ലെ 10.4 ശതമാനത്തില്‍ നിന്ന് 2022ല്‍ 7.9 ശതമാനം) തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഈ അനുപാതം കുറയുന്നതായും കാണാം.

മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്ന് കരുതിയിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. മറിച്ച്, 6-14 പ്രായപരിധിയിലുള്ള എന്റോള്‍ ചെയ്യപ്പെടാത്ത കുട്ടികളുടെ അനുപാതം നാല് വര്‍ഷത്തിനിടയില്‍ 2.8 ശതമാനത്തില്‍ നിന്ന് 1.6 ശതമാനമായി കുറയുകയായിരുന്നു.

വലിയൊരു വിഭാഗം കുട്ടികളും സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ചേര്‍ന്നതാണ് മറ്റൊരു മാറ്റം. രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്റോള്‍മെന്റ് നിലയിലെ വര്‍ധനവ് പോലെത്തന്നെ ഹാജര്‍ നിലയും കഴിഞ്ഞ നാല് വര്‍ഷമായി മെച്ചപ്പെട്ട അവസ്ഥയാണെന്ന് പഠനം വ്യക്തമാക്കുന്നു.

പ്രീ സ്‌കൂളുകളിലെ സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ച് ഇ എസ് ഇ ആര്‍ അന്വേഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവ്വിഷയികമായ പ്രഥമ പഠനമായതിനാല്‍ തന്നെ മുന്‍കാല ഡാറ്റയുമായുള്ള താരതമ്യ വിശകലനം സാധ്യമല്ല. എന്നാല്‍ അനുബന്ധമായ മറ്റു എന്റോള്‍മെന്റ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത് പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ സ്‌കൂളുകളില്‍ ചേരുന്ന പിഞ്ചുകുട്ടികളുടെ അനുപാതം വളരെ കുറവാണ്. ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ കുറവ് കാണുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ടോയ്്‌ലറ്റുകളുടെ കാര്യവും പ്രധാന ഘടകമാണ്. ഇത്തരം ടോയ്്‌ലറ്റുകളുള്ള സ്‌കൂളുകളുടെ എണ്ണം 2018ല്‍ 66.4 ശതമാനം ആയിരുന്നത് 2022ല്‍ 68.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതുപോലെത്തന്നെ, കുടിവെള്ള ലഭ്യതയുള്ള സ്‌കൂളുകളുടെ അനുപാതം 74.8 ശതമാനത്തില്‍ നിന്ന് 76 ശതമാനമായി ഉയര്‍ന്നതും വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ക്ക് പുറമെയുള്ള പുസ്തകങ്ങളുള്ള സ്‌കൂളുകളുടെ അനുപാതം 36.9 ശതമാനത്തില്‍ നിന്ന് 44 ശതമാനമായി ഉയര്‍ന്നതും ശുഭകരമാണ്.

ചുരുക്കത്തില്‍, 2018ലെ കണക്കുകളെ അപേക്ഷിച്ച് ദേശീയതലത്തില്‍ വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ട മിക്ക സൂചകങ്ങളിലും ചെറിയ രൂപത്തിലെങ്കിലുമുള്ള മികവ് ദൃശ്യമാണെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
(കടപ്പാട്: ദി വയര്‍)
പരിഭാഷ- മുജ്തബ സി ടി

 

 

Latest