Connect with us

siraj editorial

ശൈഖ് ജറാഹിലെ കുടിയൊഴിപ്പിക്കല്‍

16കാരിയായ ജെനീനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് സൈനികര്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. ആ ചിത്രം മാത്രം മതിയാകും ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം അടയാളപ്പെടുത്താന്‍

Published

|

Last Updated

കിഴക്കന്‍ ജറൂസലമിലെ ഇസ്‌റാഈല്‍ അധിനിവിഷ്ട ഭൂമിയില്‍ വീണ്ടും സംഘര്‍ഷം ഉരുണ്ടു കൂടുകയാണ്. മസ്ജിദുല്‍ അഖ്‌സയോട് ചേര്‍ന്ന് സയണിസ്റ്റ് തീവ്രവാദികള്‍ സൃഷ്ടിച്ച സംഘര്‍ഷം ഗാസാ മുനമ്പിന് നേരെ ക്രൂരമായ ആക്രമണത്തില്‍ കലാശിച്ചിട്ട് അധിക നാളായിട്ടില്ല. 1967ലെ ആറ് ദിന യുദ്ധത്തില്‍ ഇസ്‌റാഈല്‍ കീഴ്‌പ്പെടുത്തിയ കിഴക്കന്‍ ജറൂസലമില്‍ ഡസന്‍ കണക്കിന് അറബ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അമേരിക്കയുടെ ആശീര്‍വാദത്തോടെ ജറൂസലമിനെ തലസ്ഥാനമായി മാറ്റുന്ന ഇസ്‌റാഈലിന് ഈ കുടുംബങ്ങള്‍ എന്നും അലോസരമാണ്. ഇസ്‌റാഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ മാധ്യസ്ഥ്യ രാജ്യമായ ജോര്‍ദാന്റെ അംഗീകാരരേഖ ഈ കുടുംബങ്ങള്‍ക്കുണ്ട്. ഈ പ്രദേശത്തെ ഇസ്‌റാഈല്‍ അധിനിവേശം യു എൻ അടക്കമുള്ള ഒരു ഏജന്‍സിയും അംഗീകരിച്ചിട്ടുമില്ല. എന്നാല്‍ ഇസ്‌റാഈല്‍ കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തില്‍ ഈ പ്രദേശങ്ങളിലെ അറബികളെ മുഴുവന്‍ കുടിയിറക്കാനാണ് സയണിസ്റ്റ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. ചെറുത്തുനില്‍ക്കുന്നവരെ കൂടുതല്‍ പ്രകോപിപ്പിക്കുക, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുക എന്നതാണ് തന്ത്രം. ഇതില്‍ ഭൂമി കൊള്ളയുടെയും മതകീയമായ ആക്രമണത്തിന്റെയും തലമുണ്ട്. എപ്പോഴൊക്കെ ശൈഖ് ജറാഹില്‍ കുടിയൊഴിപ്പിക്കലുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ മസ്ജിദുല്‍ അഖ്‌സയില്‍ കുഴപ്പമുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കലിന്റെയും പ്രകോപനത്തിന്റെയും ഏറ്റവും പുതിയ പതിപ്പാണ് കഴിഞ്ഞ ദിവസം ക്യാമറക്കണ്ണുകള്‍ക്ക് മുമ്പില്‍ അരങ്ങേറിയത്. പുലര്‍ച്ചെ സൈന്യവും പോലീസും കൂട്ടത്തോടെയെത്തി അറബ് കുടുംബത്തിന്റെ വീട് തകര്‍ക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 18 പേര്‍ താമസിക്കുന്ന വീടാണ് തകര്‍ത്തത്. സ്വന്തം വീട് തകര്‍ക്കുന്നതിനെ എതിര്‍ത്ത വീട്ടുടമ മഹ്മൂദ് സല്‍ഹിയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള സംഘടനകള്‍ വ്യക്തമാക്കുന്നു.

2017 ഫെബ്രുവരിയില്‍ ഇസ്‌റാഈല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ റഗുലേഷന്‍ ബില്ലിന്റെ അടിസ്ഥാനത്തിലാണ് ശൈഖ് ജറാഹിലെ കുടിയൊഴിപ്പിക്കലിന് അനുകൂലമായി കോടതികള്‍ വിധി പുറപ്പെടുവിക്കുന്നത്. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്ല്. യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ നിരവധി പ്രമേയങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു ഈ ബില്ല്. എന്നിട്ടും ഒരു അന്താരാഷ്ട്ര സമ്മര്‍ദവും ഇസ്‌റാഈലിനെതിരെയുണ്ടായില്ല. ഇത്തരം നിയമനിര്‍മാണങ്ങള്‍ ഇസ്‌റാഈലിന്റെ സ്വാഭാവികമായ വ്യാപനത്തിന് അനിവാര്യമാണെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ അധിനിവേശം തുടരുകയാണ്. ബൈബിളിലെ ചില കഥകള്‍ ഉദ്ധരിച്ച് ഈ കുടിയേറ്റങ്ങള്‍ക്ക് മതപരമായ ന്യായീകരണം കൂടി ഒരുക്കുന്നതോടെ ഒരു ചെറുത്തു നില്‍പ്പും സാധ്യമല്ലാത്തവിധം, സൈനിക പിന്തുണയോടെ അധിനിവേശം തുടരുന്ന സ്ഥിതിയാണുള്ളത്. ഇസ്‌റാഈല്‍ സയണിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളെ കയറൂരി വിട്ടിരിക്കുകയാണ്.

അമേരിക്കയും കൂട്ടാളികളും എക്കാലവും വാദിച്ചുപോന്നത് ദ്വിരാഷ്ട്ര പരിഹാരത്തിനാണ്. ഇസ്‌റാഈലിന് അനുകൂലമായ വീതം വെപ്പാണ് അതെന്ന് തിരിച്ചറിവുള്ളത്‌ കൊണ്ടാണ് ഹമാസ് എതിര്‍ത്തത്. അനീതിയാണെന്നറിഞ്ഞിട്ടും ഫലസ്തീന്‍ അതോറിറ്റി അതിനെ പിന്തുണച്ചു. ഒടുവില്‍ അത്രയെങ്കിലുമാകട്ടെ എന്ന തീരുമാനത്തില്‍ ഹമാസും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ ആ സാധ്യതയും അടക്കാനാണ് യു എസിന്റെ പിന്തുണയോടെ ഇസ്‌റാഈല്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമാക്കുന്നതിനെ പിന്തുണക്കുന്ന രേഖയില്‍ ഒപ്പുവെച്ചത് മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു. അതിന് മുമ്പ് വന്ന പ്രസിഡന്റുമാരൊന്നും ആ നെറികേടിന് മുതിര്‍ന്നില്ല. കിഴക്കന്‍ ജറൂസലം ഒരിക്കലും ഫലസ്തീന് തിരികെ നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇതുവഴി ട്രംപ് ചെയ്തത്. ശൈഖ് ജറാഹിലെ കുടിയൊഴിപ്പിക്കലില്‍ ക്രൂരമായ മൗനം തുടരുന്ന ജോ ബൈഡനും ട്രംപും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

എന്നാല്‍ ഈ ഘട്ടത്തിലും പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാന്‍ ഫലസ്തീന്‍ ജനത തയ്യാറല്ല. അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീനിന്റെ യാഥാർഥ്യം അവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ തന്നെ അധിനിവേശ തന്ത്രങ്ങളെ തങ്ങളാലാകും വിധം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. കൗമാരക്കാരും കുട്ടികളും പോലും ഈ സമര മുന്നണിയില്‍ പോരാട്ട വീര്യത്തോടെ അണിനിരക്കുന്നത് ലോകത്തെയാകെ പ്രചോദിപ്പിക്കുന്ന കാഴ്ചയാണ്. നഖാബ് മേഖലയില്‍ നിന്ന് ഭൂമി പിടിച്ചെടുക്കുന്ന ഇസ്റാഈല്‍ അധികൃതരുടെ നടപടിക്കെതിരെ പ്രക്ഷോഭം അലയടിച്ചുകൊണ്ടിരിക്കെ വീടുകളില്‍ കയറി ഇസ്‌റാഈല്‍ സൈന്യത്തിന് കുട്ടികളെ അറസ്റ്റ് ചെയ്യേണ്ടി വരുന്നത് അതുകൊണ്ടാണ്. 12കാരനായ അമ്മാറിനെ പുലര്‍ച്ചെ 5.30ന് മുപ്പതോളം ഇസ്റാഈല്‍ സൈനികരെത്തിയാണ് പിടിച്ചുകൊണ്ടുപോയത്. കുറച്ച് സമയത്തിന് ശേഷം അമ്മാറിനെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നെങ്കിലും പത്ത് ദിവസത്തേക്ക് അവനെ പുറത്തുവിടരുതെന്ന് സൈനികര്‍ ഉത്തരവിട്ടതായി കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. സ്‌കൂളിലേക്ക് പോലും പോകരുതെന്നും കുട്ടി വീട്ടുതടങ്കലിലാണെന്നുമാണ് ഇസ്റാഈല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. 16കാരിയായ ജെനീനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് സൈനികര്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. ആ ഒരൊറ്റ ചിത്രം മാത്രം മതിയാകും ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം അടയാളപ്പെടുത്താന്‍. ഇസ്‌റാഈല്‍ അധിനിവേശത്തില്‍ നിസ്സംഗമാകുന്ന ലോകത്തെയാകെ ഈ ചിരി പൊള്ളിക്കേണ്ടതാണ്.