Connect with us

siraj editorial

സെറിഫെഡിലെ തൊഴില്‍ കുംഭകോണം

സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പ്രാഥമികാനുമതിയും ലഭിച്ചിട്ടും പട്ടുനൂല്‍പ്പുഴു പദ്ധതി വലിച്ചിഴച്ചതിന്റെ പിന്നില്‍ പട്ട് ഇറക്കുമതി ലോബിയാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഇതൊരു സെറിഫെഡിന്റെ മാത്രം കഥയല്ല

Published

|

Last Updated

ട്ടുനൂല്‍പ്പുഴു കൃഷിയില്‍ കേരളത്തിന് വലിയ സാധ്യതയുണ്ടെന്നാണ് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്റെ കണ്ടെത്തല്‍. പട്ടുനൂല്‍പ്പുഴു വളര്‍ത്തലിന് തികച്ചും അനുകൂലമാണ് കേരളത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളും. പ്രതിവര്‍ഷം 400 കോടി രൂപയുടെ സില്‍ക് തുണിത്തരങ്ങള്‍ കേരളത്തില്‍ വിറ്റഴിയുന്നുണ്ട്. കേരളത്തിലുള്‍പ്പെടെ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പട്ടിന് വിദേശവിപണിയില്‍ നല്ല പ്രിയവുമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൊക്കൂണ്‍ എത്രതന്നെ ഉത്പാദിപ്പിച്ചാലും വിപണനത്തിന് പ്രയാസമുണ്ടാകില്ലെന്നു ഇതുസംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു കൃഷികളെ അപേക്ഷിച്ചു അധ്വാനം കുറവായതിനാല്‍ സ്ത്രീകള്‍ക്കടക്കം ഏര്‍പ്പെടാവുന്ന ഒരു തൊഴില്‍ മേഖലയാണിത്. പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ മുതല്‍ വസ്ത്ര നിര്‍മാണം വരെയുളള ഘട്ടങ്ങളില്‍ ഏറെ തൊഴിലവസരങ്ങളുമുണ്ട് ഈ മേഖലയില്‍.

എന്നിട്ടും എന്തുകൊണ്ടാണ് കേരള സ്റ്റേറ്റ് സെറികള്‍ച്ചര്‍ കോ-ഓപറേറ്റീവ് അപെക്‌സ് സൊസൈറ്റി (സെറിഫെഡ്) പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്? സെറിഫെഡ് ഡയറക്ടര്‍ ബോര്‍ഡ് സൊസൈറ്റിയില്‍ അനാവശ്യമായി മുന്നൂറോളം ജീവനക്കാരെ നിയമിച്ചതിനു പിന്നാലെയാണ് സ്ഥാപനം പൂട്ടാനുള്ള തീരുമാനമുണ്ടായത്. ഇതിനു പിന്നില്‍ വലിയൊരു തൊഴില്‍ അഴിമതിയും തട്ടിപ്പുമുണ്ട്. കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണങ്ങളില്‍ ഒന്നാണിതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സെറിഫെഡിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് എന്‍ നാഗരേഷ് അധ്യക്ഷനായ ബഞ്ചിന്റെ ഈ കടുത്ത വിമര്‍ശനം. ഈ തൊഴില്‍ കുംഭകോണത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുമുണ്ട് കോടതി. സെറിഫെഡ് പുനരുജ്ജീവിപ്പിക്കേണ്ടതില്ലെന്ന 2017ലെ സര്‍ക്കാര്‍ ഉത്തരവും ഇതിനായി ഫണ്ട് നല്‍കേണ്ടെന്ന 2020ലെ ഉത്തരവും റദ്ദാക്കുകയും ചെയ്തു. പുനരുജ്ജീവന നടപടികള്‍ക്കായി നിര്‍ദേശിച്ച മൂന്നംഗ സമിതിയിലേക്ക് സെന്‍ട്രല്‍ സില്‍ക് ബോര്‍ഡും സെറിഫെഡും ഹാൻഡ്്ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറും അംഗങ്ങളെ നിര്‍ദേശിക്കണമെന്നും തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കണമെന്നും വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി.

1994ലാണ് സെറിഫെഡിന് രൂപം നല്‍കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരായിരുന്നു. ആറ് മാസം കൊണ്ട് തിരഞ്ഞെടുപ്പ് നടത്തി പുതിയ ബോര്‍ഡിനു രൂപം നല്‍കണമെന്നും നിര്‍ദേശിക്കപ്പെട്ടു. അത് പാലിക്കാതെ ഇവര്‍ തന്നെ പദവിയില്‍ തുടരുകയും അനധികൃത നിയമനം നടത്തുകയുമായിരുന്നു. സെറിഫെഡില്‍ 25ലധികം ജീവനക്കാര്‍ ആവശ്യമില്ലെന്നിരിക്കെ മുന്നൂറോളം ജീവനക്കാരെയാണ് ഇവര്‍ നിയമവിരുദ്ധമായി നിയമിച്ചത്. പട്ടുനൂല്‍കൃഷി വികസനത്തിനായി കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സെന്‍ട്രല്‍ സില്‍ക് ബോര്‍ഡും സെറിഫെഡിനു അനുവദിച്ച വന്‍തുക അനധികൃതമായി നിയമനം ലഭിച്ചവര്‍ക്ക് ശമ്പളം നല്‍കാനായി വിനിയോഗിക്കുകയും ചെയ്തു. പതിനായിരക്കണക്കിനു ഉദ്യോഗാര്‍ഥികള്‍ പി എസ് സി വഴി സര്‍ക്കാര്‍ ജോലിക്കു കാത്തിരിക്കുമ്പോഴായിരുന്നു അംഗീകൃത സ്റ്റാഫ് പാറ്റേണ്‍ പോലുമില്ലാതെ ഈ പിന്‍വാതില്‍ നിയമനം. ഇതിനു പിന്നാലെയാണ് സെറിഫെഡ് പൂട്ടാന്‍ തീരുമാനിക്കുന്നതും ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്കും കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്കും പുനര്‍വിന്യസിക്കുന്നതും.

ഇവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണത്തിന്റെയും ആശ്രിത നിയമനത്തിന്റെയും ആനുകൂല്യങ്ങളും നല്‍കി. 2010ലാണ് ജീവനക്കാരെ പുനര്‍വിന്യസിച്ചത്. സെറിഫെഡ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പ്രധാന ലക്ഷ്യം അനധികൃതമായി നിയമിച്ചവരെ പുനര്‍വിന്യസിക്കുകയായിരുന്നുവെന്നും ബോര്‍ഡംഗങ്ങളുടെ ഈ ഭുര്‍ഭരണം ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും പരിലാളനയില്ലാതെയാണെന്ന് കരുതാന്‍ ഒരു കാരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു. അക്കൗണ്ടന്റ് ജനറല്‍, ധനവകുപ്പ്, പ്ലാനിംഗ് ബോര്‍ഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ മേല്‍ നിരീക്ഷണങ്ങളെല്ലാം. ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

സെറിബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുകയും സ്ഥാപനം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തതില്‍ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ ഭാര്യ പട്ട് ഇറക്കുമതി വ്യവസായത്തില്‍ പങ്കാളിയാണ്. കേരളത്തില്‍ മികച്ച തോതില്‍ പട്ട് ഉത്പാദിപ്പിച്ചു തുടങ്ങിയാല്‍ കോടികള്‍ വാരുന്ന പട്ട് ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്കയില്‍ അവര്‍ സെറിഫെഡിന്റെ പുരോഗതിക്കും വളര്‍ച്ചക്കും തുരങ്കം വെക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. മള്‍ബറി കൃഷി വ്യാപനത്തിലൂടെ വന്‍തോതില്‍ പട്ടുനൂല്‍ പുഴുക്കളെ ഉത്പാദിപ്പിച്ചും കൈത്തറി ശാലകളില്‍ മുന്തിയതരം പട്ട് വസ്ത്രങ്ങള്‍ നിര്‍മിച്ചും കേരളത്തിന്റെ പട്ടുത്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള ഒരു പദ്ധതി ടെക്‌സ്‌റ്റൈല്‍സ് രംഗത്തെ പ്രമുഖ സാങ്കേതിക ഏജന്‍സിയായ തിരുവനന്തപുരത്തെ ടിപ്‌കോ തയ്യാറാക്കിയിരുന്നു. ഡല്‍ഹിയില്‍ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സെറിഫെഡ് വൈസ് ചെയര്‍മാന്‍ എസ് മോഹനന്‍ അവതരിപ്പിച്ച ഈ രൂപരേഖക്ക് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. പ്രതിവര്‍ഷം 4,000 കോടി രൂപയുടെ പട്ട് വസ്ത്രം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഇതുവഴി മള്‍ബറി കൃഷി, കൊക്കൂണ്‍ ഉത്പാദനം, പട്ട് നൂല്‍ ശേഖരണം, വസ്ത്രം നെയ്ത്ത്, വിപണനം തുടങ്ങിയ മേഖലകളിലായി പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പ്രാഥമികാനുമതിയും ലഭിച്ചിട്ടും പദ്ധതി വലിച്ചിഴച്ചതിന്റെ പിന്നില്‍ പട്ട് ഇറക്കുമതി ലോബിയാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഇതൊരു സെറിഫെഡിന്റെ മാത്രം കഥയല്ല. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചക്കും നഷ്ടത്തിലേക്ക് കൂപ്പുകുത്താനും കാരണം പലപ്പോഴും ഉദ്യോഗസ്ഥ ലോബികളുടെയും രാഷ്ട്രീയക്കാരുടെയും വഴിവിട്ട കളികളാണ്.

Latest