Connect with us

electricity bill in parliament

വൈദ്യുതി നിയമ ഭേദഗതിയും ആശങ്കകളും

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള ഒരു വിഷയമാണ് വൈദ്യുതിയെന്നതിനാല്‍ സംസ്ഥാനങ്ങളുടെ കൂടി അംഗീകാരത്തോടെയായിരിക്കണം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്. സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഭേദഗതി നിയമം അവതരിപ്പിച്ചത് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റവും ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയുമാണ്.

Published

|

Last Updated

വൈദ്യുതി നിയമ ഭേദഗതിയുമായി മുന്നോട്ടു പോകാനുള്ള ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷത്തിന്റെ തീവ്രമായ എതിര്‍പ്പിനെ തുടര്‍ന്ന് ലോക്‌സഭാ പാര്‍ലിമെന്ററി സെലക്ട് കമ്മിറ്റിക്കു വിട്ടെങ്കിലും കമ്മിറ്റി അംഗീകാരം നല്‍കാനാണ് സാധ്യത. 2020 ജൂലൈയില്‍ വിളിച്ച സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളും പല കേന്ദ്ര ഭരണ പ്രദേശങ്ങളും ഭേദഗതിയോട് വിയോജിപ്പ് അറിയിച്ചിരുന്നു. ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ അടക്കം കര്‍ഷകര്‍ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് വൈദ്യുതി ഭേദഗതി ബില്ലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകണമെന്നാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി സമവായത്തില്‍ എത്തിയ ശേഷമേ ഭേദഗതി നിര്‍ദേശങ്ങളുമായി മുന്നോട്ട് പോകുകയുള്ളൂവെന്ന് അന്ന് സംയുക്ത കിസാന്‍ മോര്‍ച്ചക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. ഭേദഗതി ബില്ലിനെതിരെ 2021 ആഗസ്റ്റ് അഞ്ചിന് കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.

വൈദ്യുതി വിതരണ രംഗത്ത് മൂലധന നിക്ഷേപവും മത്സരവും വര്‍ധിപ്പിക്കുകയും സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്ക് ഈ രംഗത്തുള്ള കുത്തക അവസാനിപ്പിക്കുകയുമാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ബില്‍ അംഗീകരിക്കപ്പെടുന്നതോടെ വൈദ്യുതി വിതരണത്തിന് ലൈസന്‍സുള്ള ഒന്നിലധികം സ്ഥാപനങ്ങള്‍ ഒരേ സമയം ഒരു പ്രദേശത്ത് നിലവില്‍ വരികയും ഏത് കമ്പനിക്കും വൈദ്യുതി വാങ്ങി ഉപഭോക്താക്കള്‍ക്ക് വില്‍ക്കാവുന്ന സ്ഥിതി വരികയും ചെയ്യും. അര്‍ഹതയുള്ള സ്ഥാപനത്തിന് വിതരണ ലൈസന്‍സിന് അപേക്ഷിച്ചാല്‍ റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കേണ്ടി വരും. നിശ്ചിത പരിധിക്കുള്ളില്‍ അനുമതി നല്‍കിയില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കും. കൂടിയ നിരക്ക് നിശ്ചയിക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്. വൈദ്യുതി വിതരണ രംഗത്തെ മത്സരം വര്‍ധിപ്പിക്കുന്നതു വഴി മികച്ച സേവനം ഉറപ്പാക്കുകയാണ് വൈദ്യുതി നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശ വാദം. നിലവില്‍ വിതരണ മേഖലയില്‍ മത്സരമില്ല. ഒരു സ്ഥലത്ത് ഒരു സേവന ദാതാവ് എന്ന നിലയിലാണ് പൊതുവെ ഇപ്പോള്‍ വിതരണം നടക്കുന്നത്. വിതരണത്തിന് കൂടുതല്‍ കമ്പനികള്‍ രംഗത്തു വരുന്നതും ഉപഭോക്താവിന് ഇഷ്ടമുള്ള സേവന ദാതാവിനെ തിരഞ്ഞെടുക്കാന്‍ സാധ്യമാകുന്നതും പൊതുജനത്തിനു ഗുണകരമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നിയമ ഭേദഗതി വൈദ്യുതി മേഖലയെ സ്വകാര്യ മേഖല കൈയടക്കാനും കെ എസ് ഇ ബിയെ പോലുള്ള പൊതുമേഖലാ വൈദ്യുതി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകാനും ഇടയാക്കുമെന്നാണ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരുടെ ആശങ്ക. പുതുതായി കടന്നു വരുന്ന കമ്പനികള്‍ നല്ല തോതില്‍ ലാഭം ലഭിക്കുന്ന വന്‍കിട ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കളെയായിരിക്കും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ വരുതിയിലാക്കുക. ലാഭകരമായി ബിസിനസ്സ് നടത്താന്‍ കഴിയുന്ന നഗര പ്രദേശങ്ങളും വ്യവസായ, വാണിജ്യ കേന്ദ്രങ്ങളും അവര്‍ കൈയടക്കും. ഈ വിഭാഗം ഉപഭോക്താക്കളും പ്രദേശങ്ങളും നഷ്ടമാകുന്നതോടെ പൊതുമേഖലാ വിതരണ കമ്പനികള്‍ തകര്‍ച്ചയിലാകും. ബഹുഭൂരിഭാഗം വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കാര്‍ഷിക, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും പിന്നാക്ക വിദൂര ഗ്രാമീണ മേഖലകള്‍ക്കും മാത്രം വൈദ്യുതി നല്‍കുന്ന സ്ഥാപനമായി പൊതുമേഖലാ കമ്പനികള്‍ മാറുകയും ചെയ്യും.
സ്വകാര്യ സംരംഭകര്‍ നഗര മേഖലകളില്‍ കേന്ദ്രീകരിക്കപ്പെടുന്നത് ഗ്രാമീണ മേഖലകളില്‍ ബോര്‍ഡുകള്‍ നല്‍കുന്ന ക്രോസ് സബ്‌സിഡിയെ ബാധിച്ചേക്കാനും ഇടയുണ്ട്. കെ എസ് ഇ ബിയെ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും മറ്റും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് ക്രോസ് സബ്സിഡിയിലൂടെയാണ്. അഥവാ സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് കൂടിയ നിരക്ക് ഈടാക്കി അതുവഴി ലഭിക്കുന്ന ലാഭം ഇതിലേക്ക് മാറ്റിവെക്കുകയാണ്. ക്രോസ് സബ്സിഡി ഇല്ലാതാകുന്നതോടെ ദരിദ്ര വിഭാഗത്തിനു നല്‍കുന്ന സബ്‌സിഡി ഇല്ലാതാകും.

പുതുതായി കടന്നുവരുന്ന കമ്പനികള്‍ക്ക് ലൈസന്‍സ് വേണ്ടതില്ല. സംസ്ഥാന റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിയമ ഭേദഗതിയിലെ വ്യവസ്ഥയും ആശങ്കാ ജനകമാണ്. ലൈസന്‍സ് ബാധ്യതകളൊന്നുമില്ലാത്ത കമ്പനി സേവനത്തില്‍ വീഴ്ച വരുത്തിയാലോ അറിയിപ്പു കൂടാതെ സേവനം അവസാനിപ്പിച്ചാലോ എന്ത് ചെയ്യുമെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇപ്പോള്‍ ഒരു സ്ഥലത്ത് വൈദ്യുതി വിതരണം നടത്തുന്ന ലൈസന്‍സിക്ക് തങ്ങളുടെ ലൈസന്‍സ് പരിധിയില്‍, ഉപയോക്താവിന്റെ ആവശ്യാനുസരണം വൈദ്യുതി നല്‍കാനുള്ള നിയമപരമായ ബാധ്യതയുണ്ട്. ലൈസന്‍സ് ഇല്ലാത്ത കമ്പനികള്‍ക്ക് ഈ ബാധ്യതയുമുണ്ടാകില്ല.

ഇപ്പോഴത്തെ വൈദ്യുതി നിയമം 2003ല്‍ നിലവില്‍ വന്നതാണ്. വിതരണ മേഖലയില്‍ ഒന്നിലധികം ഏജന്‍സികളെ എത്തിച്ച് അവരുടെ മുതല്‍ മുടക്കിലൂടെ ശൃംഖലാ വികസനം സാധ്യമാക്കാനും മത്സര സ്വഭാവത്തില്‍ മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കാനുമാണ് പ്രസ്തുത നിയമത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എങ്കിലും അത് വിതരണ മേഖലയില്‍ കാര്യമായ മാറ്റമുണ്ടാക്കിയില്ല. ഇത് പരിഹരിക്കാന്‍ നിമയത്തില്‍ മാറ്റങ്ങള്‍ ആവശ്യം തന്നെ. എന്നാല്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള ഒരു വിഷയമാണ് വൈദ്യുതിയെന്നതിനാല്‍ സംസ്ഥാനങ്ങളുടെ കൂടി അംഗീകാരത്തോടെയായിരിക്കണം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്. സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഭേദഗതി നിയമം അവതരിപ്പിച്ചത് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റവും ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയുമാണ്.