Connect with us

bihar election 2025

തിരഞ്ഞെടുപ്പു തന്ത്രജ്ഞന്റെ തന്ത്രം സ്വന്തം കാര്യത്തില്‍ പിഴച്ചു; പ്രശാന്ത് കിഷോറിനു കാലിടറി

2012 ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ വിജയത്തിന് രൂപം നല്‍കിയതോടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പട്ടം നേടി

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ എന്നു പേരുകേട്ട പ്രശാന്ത് കിഷോര്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ കാലിടറി. 2012 ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ വിജയ പ്രചാരണത്തിന് രൂപം നല്‍കിയതോടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പട്ടം നേടിയ പ്രശാന്ത് കിഷോറിന്റെ ദയനീയ പതനമാണ് ബീഹാറില്‍ കണ്ടത്.

പല നേതാക്കളെയും തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച തന്ത്രജ്ഞന്‍ സ്വന്തം പോരാട്ടത്തില്‍ ഒരുസീറ്റ് പോലും നേടാനാകാതെ തോറ്റമ്പി. കോച്ച് കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആദ്യ കളിയില്‍ തന്നെ വന്‍ പരാജയമാണ് നേരിട്ടത്. പ്രശാന്തിന്റെ ഉപദേശവും സഹായവും തേടി ഭരണ പദവിയില്‍ എത്തിയവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിവരെ ഉള്ളവര്‍ ഉണ്ട്.

ബീഹാറില്‍ ത്രികോണ മത്സരമായും രാഷ്ട്രീയ ബദലായും ഉയര്‍ത്തിക്കാട്ടപ്പെട്ട അദ്ദേഹത്തിന്റെ ജന്‍ സുരാജ് പാര്‍ട്ടി കോണ്‍ഗ്രസിനെപ്പോലെ ദയനീയ പരാജയം ഏറ്റുവാങ്ങി. പ്രശാന്ത് കിഷോര്‍ 150 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നുവരെ പറഞ്ഞിരുന്നു. പല ജന്‍ സുരാജ് സ്ഥാനാര്‍ത്ഥികളും ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. പലര്‍ക്കും കെട്ടിവച്ച തുക നഷ്ടപ്പെടും.

ഗുജറാത്തില്‍ മോദിയുടെ വിജയത്തോടെയാണ് രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി പണി എന്ന പുതിയ രൂപം പ്രചാരം നേടിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി ടീം കിഷോറിന്റെ തന്ത്രങ്ങള്‍ ഉപയോഗിച്ചു. മോദി തരംഗത്തില്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ബിഹാറിലെ മഹാ ഗഡ്ബന്ധന്‍ പ്രചാരണത്തിലും പ്രശാന്ത് തന്ത്രം മെനഞ്ഞു. നിതീഷ് കുമാര്‍-ലാലു യാദവ് സഖ്യം മിന്നുന്ന വിജയം നേടിയപ്പോള്‍ അദ്ദേഹം വീണ്ടും താരമായി.

2017 ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അമരീന്ദര്‍ സിങ്ങിനെ വിജയത്തിലേക്ക് നയിച്ചത് കിഷോറായിരുന്നു. പിന്നീട് വൈ എസ് ആര്‍ സി പിയുടെ ജഗന്‍ മോഹന്‍ റെഡ്ഡിയെ സഹായിക്കുകയും 2021-ല്‍ തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിനേയും മമത ബാനര്‍ജിയേയും രാഷ്ട്രീയ തന്ത്രം മെനയാന്‍ സഹായിച്ചു. ഇരു പാര്‍ട്ടികള്‍ക്കും വലിയ വിജയം നേടാന്‍ കഴിഞ്ഞു. 2018 ല്‍ കിഷോര്‍ ജെ ഡി യുവില്‍ ചേര്‍ന്നപ്പോള്‍ നിതീഷ് കുമാര്‍ അദ്ദേഹത്തെ ജെഡിയുവിന്റെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി യു ബി ജെ പിയുമായി സഖ്യമുണ്ടാക്കി 16 സീറ്റുകള്‍ നേടി.

ജെ ഡി യുവില്‍ കിഷോര്‍ അധിക കാലം തുടര്‍ന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ നിതീഷ് കുമാര്‍ പിന്തുണച്ചതിനെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചതാണ് ജെ ഡി യുവില്‍ നിന്ന് പുറത്തുപോകാന്‍ കാരണം. പിന്നീട് അദ്ദേഹം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ജന്‍ സുരാജ് പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ചു. 2025 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ജന്‍ സുരാജ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് മാധ്യമങ്ങളും വിലയിരുത്തി. രാഷ്ട്രീയ തന്ത്രജ്ഞന്റെ തന്ത്രങ്ങള്‍ക്കു സ്വന്തം പേരില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.

---- facebook comment plugin here -----

Latest