Connect with us

Articles

തിരഞ്ഞെടുപ്പ് ഫലം; പ്രതിപക്ഷത്തിനിത് മുന്നറിയിപ്പ് സിഗ്നല്‍

മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ അത് ഈ മേഖലയുടെ രാഷ്ട്രീയ സ്വഭാവം തന്നെ ഏറെ സങ്കീര്‍ണമായി തുടങ്ങുന്നതിന്റെ സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിഘടനവാദവും പ്രാദേശികവാദവും ഇവിടുത്തെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ അപകടകരമായ അളവില്‍ സ്വാധീനം ചെലുത്തുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ആത്യന്തികമായി പറഞ്ഞു വെക്കുന്നത്.

Published

|

Last Updated

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ അത് ഈ മേഖലയുടെ രാഷ്ട്രീയ സ്വഭാവം തന്നെ ഏറെ സങ്കീര്‍ണമായി തുടങ്ങുന്നതിന്റെ സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിഘടനവാദവും പ്രാദേശികവാദവും ഇവിടുത്തെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ അപകടകരമായ അളവില്‍ സ്വാധീനം ചെലുത്തുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ആത്യന്തികമായി പറഞ്ഞു വെക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് ബി ജെ പി അവരുടെ സ്വാധീനം വടക്കുകിഴക്കന്‍ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മേഖലയില്‍ സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണ് ഈ ഫലം. രാഷ്ട്രീയമായും സാംസ്‌കാരികമായും മതപരമായും ഹിന്ദുത്വത്തിന് അത്ര പെട്ടെന്ന് വഴങ്ങാത്ത രാഷ്ട്രീയ ഭൂമിയില്‍ ബി ജെ പിയുടെ കൃത്യമായ ആസൂത്രണവും ഗ്രൗണ്ട് വര്‍ക്കുമാണ് അവരുടെ തന്ത്രങ്ങള്‍ വിജയം കാണുന്നതില്‍ നിര്‍ണായകമായത്. അതേസമയം വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ മാത്രമുള്ള സ്വാധീനം ഇപ്പോഴും ബി ജെ പിക്ക് മേഖലയില്‍ ആയിട്ടില്ല എന്ന് കാണാം. ത്രിപുരയിലെ വിജയം മാറ്റിനിര്‍ത്തിയാല്‍ നാഗാലാന്‍ഡിലും മേഘാലയയിലും ബി ജെ പി അധികാരത്തിന്റെ ഭാഗമാകും എന്നതിനപ്പുറം പാര്‍ട്ടി ശക്തമാണ് എന്ന് പറയാനൊക്കില്ല. സംഖ്യാപരമായി പോലും ബി ജെ പിയുടെ വിജയം ആഘോഷിക്കുന്നതില്‍ ശരികേടുകളുണ്ട്. എന്നാല്‍ 70 ശതമാനത്തിലധികം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രണ്ട് സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരത്തിന്റെ ഭാഗമാകുന്നു എന്നത് ബി ജെ പി നോര്‍ത്ത് ഈസ്റ്റില്‍ അവതരിപ്പിക്കുന്ന പുതിയ ഹിന്ദുത്വത്തിന് പാകമായ നിലം ഒരുങ്ങി വരുന്നു എന്നതിന്റെസൂചന കൂടിയാണ്. ഇതാണ് പ്രതിപക്ഷ പാര്‍ട്ടികളും മേഖലയിലെ പ്രാദേശിക പാര്‍ട്ടികളും ഒരുപോലെ ആശങ്കയോടെ നോക്കിക്കാണേണ്ട വസ്തുത. പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച് ഭരണത്തിന്റെ ഭാഗമാകുകയും പിന്നീട് ആ പാര്‍ട്ടിയെ തന്നെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന തരത്തിലാണ് ബി ജെ പിയുടെ ഇടക്കാലത്തെ വളര്‍ച്ചയുടെ സ്വഭാവം. അതുകൊണ്ട് തന്നെ ഈ ഫലം പ്രതിപക്ഷത്തിനും പ്രാദേശിക പാര്‍ട്ടികള്‍ക്കും ഒരു വാണിംഗ് സിഗ്‌നലാണ് നല്‍കുന്നത്.

ത്രിപുര നല്‍കുന്ന പ്രതീക്ഷ
60 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തില്‍ നിന്ന് ഒരു സീറ്റ് മാത്രം അധികം നേടിയാണ് ബി ജെ പി അധികാരം നിലനിര്‍ത്തിയത്. 32 സീറ്റ് നേടിയ ബി ജെ പിയും ഒരു സീറ്റ് നേടിയ ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും (ഐ പി എഫ് ടി) സഖ്യത്തിലാണ് മത്സരിച്ചത്. 11 സീറ്റ് നേടിയ സി പി എമ്മും മൂന്ന് സീറ്റ് നേടിയ കോണ്‍ഗ്രസ്സും മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത് 2019ല്‍ രൂപവത്കൃതമായ തിപ്ര മോത്ത പാര്‍ട്ടി(ടി എം പി)യുടെ വിജയമാണ്. 13 സീറ്റുകള്‍ നേടിയ ടി എം പി ഭരണത്തിന്റെ ഭാഗമാകും. എന്നാല്‍ ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന സ്വതന്ത്ര ഭൂമിക്ക് വേണ്ടി വാദിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇത്ര വലിയ മേല്‍ക്കൈ നേടാനായതും അവരെ അധികാരത്തിന്റെ ഭാഗമാക്കുന്നതും ഇന്ത്യന്‍ യൂനിയന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ടി എം പിയുടെ ഈ വിജയം തന്നെയാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം പങ്കുവെക്കപ്പെടുന്ന ഏറ്റവും അപകടകരമായ സത്യവും. അതേസമയം ഏറെക്കാലം ത്രിപുരയില്‍ ഐഡന്റിറ്റി പൊളിറ്റിക്‌സുമായി സംസ്ഥാനത്ത് നിറഞ്ഞു നിന്ന ഐ പി എഫ് ടി ഒരു സീറ്റ് മാത്രമാണ് നേടിയത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും.

ഏറെ ചീത്തപ്പേര് കേള്‍പ്പിച്ച മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒരു വര്‍ഷം മുന്നേ തന്നെ മാറ്റിയതും പകരം മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയാക്കി അവതരിപ്പിച്ചതും തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുള്ളത് കൊണ്ട് തന്നെയായിരുന്നു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായിരുന്നെങ്കിലും ത്രികോണ മത്സരമാണ് ഫലം ബി ജെ പിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ നിര്‍ണായകമായത്. അധികാരം നിലനിര്‍ത്തുന്നതില്‍ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതില്‍ ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ്സ് സഖ്യം നന്നായി പ്രവര്‍ത്തിച്ചതായി കാണാം. ഇടതുവോട്ട് വിഹിതത്തിലുണ്ടായ കാര്യമായ ചോര്‍ച്ച സി പി എമ്മിന് അപകട സൂചനയാണ് നല്‍കുന്നത്. ഒരുപക്ഷേ കുറേക്കൂടി മെച്ചപ്പെട്ട ആസൂത്രണവും പ്രവര്‍ത്തനവുമുണ്ടായിരുന്നെങ്കില്‍ ത്രിപുരയില്‍ ഈ സഖ്യത്തിന് അധികാരം പിടിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയുമായിരുന്നു എന്നതിന്റെ സൂചന നല്‍കിയിട്ടുണ്ട്. ചെറിയ ഭൂരിപക്ഷത്തിലാണ് ബി ജെ പി മിക്കയിടത്തും ജയിച്ചു കയറിയത്. ബംഗാളില്‍ പരാജയപ്പെട്ട ഇടത്-കോണ്‍ഗ്രസ്സ് സഖ്യം ത്രിപുരയില്‍ കാഴ്ചവെച്ച പ്രകടനമാണ് 2024ലേക്ക് പ്രതിപക്ഷത്തിന് നല്‍കാന്‍ കഴിയുന്ന വലിയ പ്രതീക്ഷ.

ആര്‍ക്കും ഭൂരിപക്ഷം നല്‍കാതെ മേഘാലയ
2018ലെ അസംബ്ലി തിരഞ്ഞെടുപ്പിന് സമാനമായ ഫലമാണ് ഇത്തവണയും മേഘാലയയിലേത്. കഴിഞ്ഞ തവണ 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും അധികാരം പിടിക്കാന്‍ കഴിയാതെ പോയതാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ തുടക്കം വെച്ചത് എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നില പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. 74 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ ആകെയുള്ള 60 അംഗ സഭയില്‍ 59 സീറ്റുകളിലേക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി മരണപ്പെട്ടത് കാരണം തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ബി ജെ പി 20 സീറ്റ് നേടിയ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും ആറ് സീറ്റ് നേടിയ യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്നാണ് അധികാരത്തിലെത്തിയത്. എന്നാല്‍ പ്രതിപക്ഷത്തായ കോണ്‍ഗ്രസ്സ് കൂറുമാറ്റം കൊണ്ട് സഭയില്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. 2021 നവംബറില്‍ പ്രതിപക്ഷ നേതാവ് മുകുള്‍ സാംഗ്്മ അടക്കം 12 എം എല്‍ എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് കൂടുമാറിയത്. ഈ കൂടുമാറ്റമാണ് പാര്‍ട്ടിയുടെ തകര്‍ച്ചക്ക് ആഴം കൂട്ടിയതും. ഇത്തവണ അഞ്ച് സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ്സിന്റെ വോട്ട് ചോര്‍ത്തുന്നതില്‍ അത്ര തന്നെ സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം കാരണമായിട്ടുണ്ട്. 26 സീറ്റ് നേടി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എന്‍ പി പി, 11 സീറ്റ് നേടിയ യു ഡി പി, രണ്ട് സീറ്റ് നേടിയ ബിജെ പി, രണ്ട് സീറ്റുകള്‍ വീതം നേടിയ ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഫ്രണ്ട്, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് സാധ്യത. ബി ജെ പി ഒഴികെയുള്ള പാര്‍ട്ടികള്‍ 2018 മുതല്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് എന്ന സഖ്യത്തിലാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്.

നാഗാലാന്‍ഡിലെ പുതിയ ഹിന്ദുത്വം
60 അംഗ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിന് സമാനമായ തിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേതും. 25 സീറ്റ് നേടിയ നാഷനന്‍ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയും 12 സീറ്റുകള്‍ നേടിയ ബി ജെ പിയും അടങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുക. 87 ശതമാനം ക്രിസ്ത്യന്‍ ജനവിഭാഗം താമസിക്കുന്ന നാഗാലാന്‍ഡിൽ നെയ്ഫു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയായി മാറുന്നു എന്നതിനപ്പുറം ബി ജെ പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ നോര്‍ത്ത് ഈസ്റ്റിലേക്ക് അപ്‌ഡേറ്റ് ചെയ്ത് വിജയിപ്പിച്ചെടുത്തു എന്നതാണ് നാഗാലാന്‍ഡിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദി-അമിത് ഷാ സഖ്യത്തിന്റെ ഏറ്റവും വലിയ നേട്ടമായി കാണേണ്ടത്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനത്ത് അവരുടെ സാംസ്‌കാരിക സത്വത്തെ അംഗീകരിക്കുന്ന തരത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പ് രംഗത്ത് ഇടപെട്ടത്. അതിന്റെ ഗുണഫലം കൂടിയാണ് നാഗാലാന്‍ഡ് ബി ജെ പിക്ക് നല്‍കിയത്. 2002 മുതല്‍ സംസ്ഥാനത്ത് സജീവമായി രംഗത്തുള്ള മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെരാഷ്ട്രീയ പതനമാണ് തിരഞ്ഞെടുപ്പ് പങ്കുവെക്കപ്പെടുന്ന ഏറ്റവും ദയനീയമായ ചിത്രം. കഴിഞ്ഞ തവണ 38.8 ശതമാനം വോട്ട് നേടി 26 സീറ്റുകള്‍ നേടിയ പാര്‍ട്ടിക്ക് രണ്ട് സീറ്റ് മാത്രമാണ് ഇത്തവണ നേടാനായത്.
സാംസ്‌കാരിക ദേശീയതയും വംശീയ ദേശീയതയും ശക്തമായി സ്വാധീനമുറപ്പിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ മേഖല നല്‍കുന്ന അപായ സൂചന. വിഘടന വാദത്തെയോ സാംസ്‌കാരിക ദേശീയതയെയോ നേരിട്ട് എതിര്‍ക്കാതിരിക്കുന്ന ബി ജെ പി അവരുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ അസ്തിത്വം നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന ബി ജെ പി വരച്ചുണ്ടാക്കിയ ഐഡന്റിറ്റിയിലേക്ക് തന്ത്രപരമായി ഉള്‍ക്കൊള്ളിച്ചു. ഈ ശ്രമങ്ങള്‍ ഇന്ത്യന്‍ യൂനിയനെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ നീക്കമായി ഭാവിയില്‍ മാറാനിടയുണ്ട്. മേഖലയില്‍ കോണ്‍ഗ്രസ്സിന് സ്വീകാര്യത നഷ്ടപ്പെടുന്നത് ഈ അപകടത്തിന്റെ വേഗതയും വ്യാപ്തിയും ഒരുപോലെ വളര്‍ത്തുന്നതായിരിക്കും.

Latest