National
വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍
കമ്മീഷൻ്റെ തലയില്‍ തോക്ക് ചൂണ്ടി സമ്മര്‍ദത്തിലാക്കാന്‍ നോക്കേണ്ട

ന്യൂഡല്‍ഹി | വോട്ട് അട്ടിമറി പുറത്തെത്തിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നും വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതി നിര്‍ദേശമുണ്ട്. രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു. ചിലര്‍ വോട്ടര്‍മാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. കമ്മീഷന്റെ തലയില്‍ തോക്ക് ചൂണ്ടി സമ്മര്‍ദത്തിലാക്കാന്‍ നോക്കേണ്ട. ഭരണഘടനാ ചുമതലയിൽ നിന്ന് പിന്നോട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ മറുപടി പറയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയത്.
18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിച്ച് തുടങ്ങിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ വേണ്ടിയാണ് എസ് ഐ ആര്‍ നടത്തുന്നത്. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ വഴിയാണ് നിലനില്‍ക്കുന്നത്. കമ്മീഷന്‍ എങ്ങനെ ആ രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനം കാണിക്കുമെന്നും കമ്മീഷന് പക്ഷമില്ലെന്നും അദ്ദേഹം പറഞ്ഞു.