Connect with us

National

ഇ ഡിക്ക് പ്രതികാരം ചെയ്യാനാകില്ല; ഉയർന്ന നീതിയോടെ പ്രവർത്തിക്കുന്നത് കാണണം: സുപ്രീം കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് അറസ്റ്റുകൾ റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.

Published

|

Last Updated

ന്യൂഡൽഹി |കേന്ദ്ര സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ ഏജൻസിക്ക് പ്രതികാരം ചെയ്യാനാകില്ലെന്നും ഏറ്റവും ഉയർന്ന നീതിയോടെ പ്രവർത്തിക്കുന്നത് കാണണമെന്നും കോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് അറസ്റ്റുകൾ റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.

ഇ ഡിയുടെ ഓരോ പ്രവർത്തനവും സുതാര്യവും നിയമാനുസൃതവും ന്യായയുക്തവുമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഈ കേസിൽ, അന്വേഷണ ഏജൻസി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിലും അധികാരങ്ങൾ വിനിയോഗിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വസ്തുതകൾ തെളിയിക്കുന്നുവെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

ഇഡി അതിന്റെ പെരുമാറ്റത്തിൽ പ്രതികാരദായകമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല അത് വളരെ കൃത്യതയോടെയും ഏറ്റവും ഉയർന്ന നിസ്സംഗതയോടെയും നീതിയോടെയും പ്രവർത്തിക്കുന്നതായി കാണണമെന്നും ജഡ്ജിമാർ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽറ്റി ഗ്രൂപ്പായ എം ത്രീ എമ്മിന്റെ ഡയറക്ടർമാരായ ബസന്ത് ബൻസാൽ, പങ്കജ് ബൻസാൽ എന്നിവരുടെ അറസ്റ്റാണ് സുപ്രീം കോടതി റദ്ദാക്കിയത്. തങ്ങളുടെ ആവശ്യം തള്ളിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബൻസാൽ ദമ്പതികൾ പരമോന്നത കോടതിയെ സമീപിച്ചത്.