Connect with us

UAE

ദുബൈയില്‍ വിസാ നടപടികള്‍ക്കുള്ള വീഡിയോ കോള്‍ സേവനം ശ്രദ്ധേയമാകുന്നു

ആദ്യ പകുതിയില്‍ 19,507 ഇടപാടുകള്‍ പൂര്‍ത്തിയാക്കി ജി ഡി ആര്‍ എഫ് എ.

Published

|

Last Updated

ദുബൈ | സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി ഡി ആര്‍ എഫ് എ) ദുബൈ നടപ്പാക്കിയ ഇന്‍സ്റ്റന്റ് വീഡിയോ കോള്‍ സേവനം ശ്രദ്ധേയമാകുന്നു. സേവന കേന്ദ്രങ്ങളിലെത്താതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം വീഡിയോ കോളിലൂടെ ആശയവിനിമയം നടത്തി വിസ, റെസിഡന്‍സി ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഈ സംവിധാനം ഡിജിറ്റല്‍ ഗവണ്‍മെന്റ് സേവന രംഗത്ത് പുതിയ മാതൃകയായി മാറിയിരിക്കുകയാണ്.

2026-ലെ ആദ്യ ആറുമാസത്തിനിടെ മാത്രം 19,507 ഇടപാടുകളാണ് വീഡിയോ കോള്‍ സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കിയതെന്ന് ദുബൈ ജി ഡി ആര്‍ എഫ് എ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. 97.93 ശതമാനം സേവന കാര്യക്ഷമതയും വെറും 5.38 മിനുട്ട് ശരാശരി കാത്തിരിപ്പ് സമയവും രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. സേവന കേന്ദ്രങ്ങളിലെത്താതെ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനും രേഖകള്‍ പരിശോധിക്കാനും വിവരങ്ങള്‍ സ്ഥിരീകരിക്കാനും വീഡിയോ മുഖേന തിരിച്ചറിയല്‍ പൂര്‍ത്തിയാക്കാനും ഈ സംവിധാനം സഹായിക്കുന്നുവെന്ന് ലഫ്. ജനറല്‍ പറഞ്ഞു.

അപേക്ഷകളിലെ തടസ്സങ്ങള്‍ പരിഹരിക്കുക, രേഖകളുടെ അപാകതകള്‍ പരിശോധിക്കുക, അധിക രേഖകള്‍ തത്സമയം സമര്‍പ്പിക്കുക, അപേക്ഷകളുടെ പുരോഗതി സംബന്ധിച്ച വിശദീകരണം ലഭിക്കുക തുടങ്ങിയ സേവനങ്ങളും വീഡിയോ കോള്‍ സംവിധാനത്തിലൂടെ ലഭ്യമാണ്. അപേക്ഷകര്‍ക്ക് സമയനഷ്ടവും യാത്രാചെലവും കുറക്കുന്നതിനൊപ്പം അപേക്ഷകള്‍ കൂടുതല്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതിലൂടെ സാധിക്കും.

നിലവില്‍ എന്‍ട്രി പെര്‍മിറ്റുകള്‍, വിവിധ വിസാ സേവനങ്ങള്‍, ഫാമിലി റെസിഡന്‍സി, വിസ പുതുക്കല്‍, റദ്ദാക്കല്‍, അപേക്ഷകളിലെ രേഖാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കല്‍, എസ്റ്റാബ്ലിഷ്‌മെന്റ് ഫയലുകളും ലീഗല്‍ അഫയേഴ്സുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഉള്‍പ്പെടെ വിവിധ സേവനങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്നത്.

ജി ഡി ആര്‍ എഫ് എയുടെ വീഡിയോ കോള്‍ സേവനവും ആമര്‍ കോള്‍ സെന്ററും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. ആമര്‍ കോള്‍ സെന്റര്‍ പ്രധാനമായും വിസ, റെസിഡന്‍സി, എന്‍ട്രി പെര്‍മിറ്റ് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനും ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമുള്ള സേവനമാണ്.

ഇതിനിടെ, 2026-ലെ ആദ്യ ആറ് മാസത്തിനിടെ ദുബൈയില്‍ വിവിധ വിസാ, റെസിഡന്‍സി സേവനങ്ങളിലായി ലക്ഷക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്തതായി ജി ഡി ആര്‍ എഫ് എ ദുബൈ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍ട്രി പെര്‍മിറ്റുകള്‍, റെസിഡന്‍സ് വിസകള്‍, വിസ പുതുക്കല്‍, സ്റ്റാറ്റസ് മാറ്റം, വിസ റദ്ദാക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

Content Highlights:
Dubai GDRFA has launched a convenient video call service for visa and entry permit processing. Applicants can now interact directly with immigration officers to resolve query issues quickly. This official initiative simplifies administrative tasks and saves significant time for residents and visitors.

 

---- facebook comment plugin here -----

Latest