UAE
ദുബൈ കസ്റ്റംസ് 33.9 ബില്യൺ വ്യാപാര പിന്തുണ നൽകി
കസ്റ്റംസ് ഡ്യൂട്ടി അടക്കാൻ തവണ വ്യവസ്ഥയും കിഴിവുകളും
ദുബൈ | ദുബൈ കസ്റ്റംസ് നടപ്പിലാക്കിയ വിവിധ സാമ്പത്തിക പാക്കേജുകളിലൂടെ സ്വകാര്യ കമ്പനികൾക്ക് 79 മില്യണിലധികം ദിർഹത്തിന്റെ പണലഭ്യത ഉറപ്പാക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. മാർച്ച് ഒന്ന് മുതൽ ജൂൺ 30 വരെയുള്ള നാല് മാസ കാലയളവിൽ 33.9 ബില്യൺ ദിർഹത്തിന്റെ വ്യാപാര പ്രവാഹം സുഗമമായി നിലനിർത്താൻ ഈ ഇളവുകൾ സഹായിച്ചു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകരിച്ച സാമ്പത്തിക സഹായ പാക്കേജുകളുടെ ഭാഗമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. കസ്റ്റംസ് ബാധ്യതകൾ തീർപ്പാക്കാൻ ബിസിനസ് സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുക, ഡ്യൂട്ടികൾ തവണകളായി അടക്കാൻ സൗകര്യമൊരുക്കുക, സാമ്പത്തിക പിഴകളിൽ 80 ശതമാനം ഇളവ് നൽകുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയുടെ ക്ലിയറൻസിന് മുൻഗണന നൽകുകയും ചരക്കുകൾ എത്തിക്കുന്നതിന് ബദൽ റൂട്ടുകൾ തുറന്നുനൽകുകയും ചെയ്തു.
പുതിയ നടപടികളിലൂടെ 428 കമ്പനികൾക്ക് 79 മില്യണിലധികം ദിർഹത്തിന്റെ സാമ്പത്തിക നേട്ടമുണ്ടായതായി ദുബൈ കസ്റ്റംസ് അറിയിച്ചു. ഇത് കമ്പനികളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ സമ്മർദം കുറക്കാൻ സഹായിച്ചു. കൂടാതെ റീ-കയറ്റുമതിക്കുള്ള ഇറക്കുമതി, താത്കാലിക അഡ്മിഷൻ, ട്രാൻസിറ്റ് എന്നിവയുമായി ബന്ധപ്പെട്ട കസ്റ്റംസ് ഡിക്ലറേഷനുകൾക്കായി അനുവദിച്ച 120 ദിവസത്തെ പ്രത്യേക ഡ്യൂട്ടി ഇളവ് കാലാവധി 6,613 കമ്പനികൾക്ക് പ്രയോജനപ്പെട്ടു.
കസ്റ്റംസ് നിർദേശങ്ങൾ പ്രകാരം അർഹരായ ബിസിനസുകൾക്ക് അവരുടെ ക്യാഷ് ഫ്ലോയും സപ്ലൈ ചെയിനും നിയന്ത്രിക്കുന്നതിന് കൂടുതൽ സമയം ലഭിച്ചതായി ദുബൈ കസ്റ്റംസ് ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ റാശിദ് അൽ ശാരിദ് പറഞ്ഞു. ഇതോടൊപ്പം കസ്റ്റംസ് ട്രാൻസിറ്റ് കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്. ഖോർഫക്കാൻ, ഫുജൈറ തുറമുഖങ്ങൾ, ഹത്ത അതിർത്തി എന്നിവ വഴിയെത്തുന്ന ചരക്കുകൾ കസ്റ്റംസ് ഗ്യാരന്റി വ്യവസ്ഥയിൽ റോഡ് മാർഗം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Content Highlights:
Dubai Customs provided over AED 79 million in liquidity to private companies through economic stimulus packages approved by Sheikh Hamdan. The initiatives facilitated AED 33.9 billion in trade flow over four months. Key measures included duty installment options, 80 percent fine discounts, and extended transit windows.


