Uae
മുഖം മിനുക്കി ദുബൈ ക്രീക്ക് വാർഫ്; 112 മില്യൺ ദിർഹമിന്റെ പദ്ധതി
ക്രീക്കിന്റെ ചരിത്രപരവും വാണിജ്യപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം നിലനിർത്തി കപ്പലുകൾക്ക് സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കുന്ന പ്രവർത്തനമാണ് നടപ്പാക്കിയത്.

ദുബൈ | ദേര ഭാഗത്ത് രണ്ട് കിലോമീറ്റർ നീളത്തിൽ ദുബൈ ക്രീക്ക് വാർഫിന്റെ വികസന പ്രവർത്തനങ്ങൾ ദുബൈ മുനിസിപ്പാലിറ്റി പൂർത്തിയാക്കി. 112 മില്യൺ ദിർഹം ചെലവിലുള്ള ഈ പദ്ധതി വാർഫിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്തു. ക്രീക്കിന്റെ ചരിത്രപരവും വാണിജ്യപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം നിലനിർത്തി കപ്പലുകൾക്ക് സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കുന്ന പ്രവർത്തനമാണ് നടപ്പാക്കിയത്.
8.3 മീറ്റർ ഉയരമുള്ള റിട്ടെയിനിങ് വാൾ, 200 ആങ്കറുകൾ, 500 കപ്പൽ ബെർത്തുകൾ എന്നിവ ഉൾപ്പെടുത്തി വാർഫിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി. 320,000 ചതുരശ്ര അടി വിസ്തീർണമുള്ള വാർഫിൽ ചരക്ക് കൈകാര്യം ചെയ്യാനുള്ള മേഖലകളും സന്ദർശകർക്കായി വിനോദത്തിനും വിശ്രമത്തിനുമുള്ള പൊതു പ്രൊമനേഡും ഉൾപ്പെടുന്നു. ക്രീക്ക് ബെഡ് 17,500 ഘനമീറ്റർ ഡ്രെഡ്ജ് ചെയ്യുകയും 24,000 ഘനമീറ്റർ സംരക്ഷണ പാറകൾ സ്ഥാപിക്കുകയും ചെയ്തു. 1,200 മീറ്റർ മഴവെള്ള ഡ്രെയിനേജ് ശൃംഖല ഒരുക്കുകയും ചെയ്തു. 22,500 ഘനമീറ്റർ കോൺക്രീറ്റും 1,315 പ്രീകാസ്റ്റ് ബ്ലോക്കുകളും ഉപയോഗിച്ച് 620,000-ലധികം ഷ്യ മണിക്കൂറുകൾ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
ബർ ദുബൈ ഭാഗത്ത് 2.3 കിലോമീറ്റർ നീളമുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹ്്മദ് ബിൻ ഗലിത പറഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ ക്രീക്കിന്റെ ഇരുവശങ്ങളിലും സുരക്ഷിതവും കാര്യക്ഷമവുമായ നാവിഗേഷൻ ഉറപ്പാക്കും.