National
മുല്ലപെരിയാറില്‍ മരം മുറിക്കല്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു
ബേബി ഡാം ബലപ്പെടുത്താന്‍ വേണ്ടി മരം മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്

ന്യൂഡല്‍ഹി | മുല്ലപെരിയാറില്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ വേണ്ടി മരം മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റ പണിക്കുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു.
ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തമിഴ്നാട് മുന്നോട്ട് വെച്ചതാണ്. ഇതിനെ കേരളം എതിര്‍ത്തിരുന്നു. എന്നാല്‍ നേരത്തെ സമാനമായ നിലയില്‍ മരം മുറിക്കാന്‍ കേരളം നല്‍കിയ അനുമതികള്‍ കേരളത്തിന് തന്നെ തിരിച്ചടിയായി. 2021 ല്‍ പതിവ് പോലെ മരം മുറിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വലിയ രാഷ്ട്രീയ വിവാദമായതോടെ പിന്‍വലിച്ചിരുന്നു. ഇതോടെയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ മൂന്ന് വര്‍ഷത്തോളം പിന്നിട്ട ശേഷം സുപ്രീം കോടതി ഉത്തരവിട്ടത്.
മരം മുറിക്കാന്‍ കേരളം എതിര് നില്‍ക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ വാദിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് കേരളം നിര്‍മ്മിക്കാനും ചെലവ് തമിഴ്നാട് വഹിക്കാനുമാണ് നിര്‍ദേശം. ഡോര്‍മിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്നാടിന് അനുവാദം നല്‍കി. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അംഗീകരിക്കണം. ഗ്രൗട്ടിംഗ് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതിക്കും സുപ്രീം കോടതി വിട്ടു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വച്ചിരിക്കുന്നത്. അപകട സാധ്യത മുന്‍നിര്‍ത്തി പുതിയ ഡാം വേണമെന്നാണ് ആവശ്യം. എന്നാല്‍ അപകട സാധ്യതയില്ലെന്ന് മരം മുറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ വാക്കാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഉത്തരവ്.