Connect with us

Kerala

വാറണ്ടി കാലയളവില്‍ തകരാര്‍ പരിഹരിച്ചില്ല; മൊബൈല്‍ ഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണം

മൂല്യശോഷണം കണക്കാക്കി 83,690 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000 രൂപയും സാംസംഗ് കമ്പനി 45 ദിവസത്തിനകം നല്‍കണമെന്നാണ് വിധി

Published

|

Last Updated

കൊച്ചി | വാറണ്ടി കാലയളവില്‍ ഫോണിന്റെ തകരാര്‍ പരിഹരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ ഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഫ്‌ലിപ്പ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ കമ്പനിയായ സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്‌സിനെതിരെ നടപടിയെടുത്തത്. ഫോണ്‍ 11 മാസം ഉപയോഗിച്ചതിന് 10% മൂല്യശോഷണം കണക്കാക്കി 83,690 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.

മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോന്‍ സേവിയറാണ് വാറണ്ടി കാലയളവില്‍ തകരാര്‍ സംഭവിച്ചാല്‍ റിപ്പയര്‍ ചെയ്തു നല്‍കേണ്ട ഉത്തരവാദിത്തില്‍ നിന്ന് കമ്പനി ഒഴിഞ്ഞുമാറിയെന്ന് കാണിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 2022 നവംബര്‍ മാസത്തിലാണ് പരാതിക്കാരന്‍ കോതമംഗലത്തെ സെല്‍സ്‌പോട്ട് മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് സാംസംഗിന്റെ ഫ്‌ലിപ്പ് മോഡല്‍ ഫോണ്‍ വാങ്ങിയത്. തുടര്‍ന്ന് 2023 ഒക്ടോബര്‍ മാസം ഫ്‌ലിപ്പ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചു. സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ 33,218 രൂപ അടച്ചാലേ തകരാര്‍ പരിഹരിക്കാമെന്നായി. ഇതോടെയാണ് ജോജോമോന്‍ നിയമ നടപടിയിലേക്ക് കടന്നത്.

പരാതിക്കാരന്റെ ഉപയോഗത്തിലെ അശ്രദ്ധമൂലം സംഭവിച്ച തകരാറാണെന്നും തങ്ങള്‍ അതിന് ഉത്തരവാദി അല്ലെന്ന കമ്പനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും സേവനത്തിലെ വീഴ്ചയാണ് ഇതെന്നും ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുമടങ്ങിയ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.

 

Latest