Connect with us

From the print

ലോക്‌സഭാ സ്പീക്കര്‍ക്ക് എതിരെ അവിശ്വാസത്തിന് നീക്കം

സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് സ്വീകരിക്കുന്ന സമീപനം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാന്‍ ആലോചിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നത് ആലോചിച്ച് ഇന്ത്യ സഖ്യം. സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് സ്വീകരിക്കുന്ന സമീപനം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാന്‍ ആലോചിക്കുന്നത്. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ നിരയിലെ വനിതാ അംഗങ്ങള്‍ക്കെതിരെ സ്പീക്കര്‍ അസത്യം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ നീക്കം.

സ്പീക്കര്‍ക്കെതിരായ ചില ആരോപണങ്ങള്‍ പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തതായും ഇക്കാര്യം അവിശ്വാസ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഇന്ത്യ സഖ്യ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ചതായും പ്രധാനമന്ത്രി സഭയിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടതായും സ്പീക്കര്‍ സഭയില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന് സഭയില്‍ സ്പീക്കര്‍ ഇടം നല്‍കുന്നില്ലെന്നും ഇന്ത്യ സഖ്യം ആരോപിക്കുന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എട്ട് എം പിമാരെ ഈ സമ്മേളന കാലയളവ് മുഴുവന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിന് നല്‍കുമെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി എം പിമാരുടെ ഒപ്പുശേഖരണം ആരംഭിക്കുകയും ചെയ്തു.

കരസേന മുന്‍ മേധാവി എം എം നരവണെയുടെ പുസ്തകത്തില്‍ നിന്ന് ഇന്ത്യ- ചൈന സംഘര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് പറയുന്ന ഭാഗം രാഹുല്‍ ഗാന്ധി ഉന്നയിക്കാന്‍ ശ്രമിച്ചതോടെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു.

 

---- facebook comment plugin here -----

Latest