Kerala
സൂരജ് ലാമയുടെ മരണം; പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം
പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ഹാജരാക്കാത്തതിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും എം ബി സ്‌നേഹലതയും അടങ്ങുന്ന ബഞ്ച് വിമര്‍ശമുന്നയിച്ചത്.
കൊച്ചി | കുവൈത്തില്‍ നിന്നും നാടുകടത്തപ്പെട്ട് നെടുമ്പാശ്ശേരിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ഹാജരാക്കാത്തതിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും എം ബി സ്‌നേഹലതയും അടങ്ങുന്ന ബഞ്ച് വിമര്‍ശമുന്നയിച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചപ്പോള്‍ എന്ത് സിസ്റ്റമാണ് ഇവിടുത്തേതെന്ന് കോടതി ആരാഞ്ഞു. എന്ത് അന്വേഷണമാണ് ഇവിടെ നടക്കുന്നത്? സൂരജ് ലാമയുടേത് കൊലപാതകമാണോ എന്ന് അന്വേഷിച്ചോ? ഇതൊക്കെ ലോകം കാണുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കുമെന്നും അതിന് മുമ്പ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് അടക്കം എല്ലാ രേഖകളും സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സൂരജ് ലാമയുടെ തിരോധാന കേസ് അന്വേഷിച്ച നെടുമ്പാശ്ശേരി എസ് എച്ച് ഒ ഇന്നലെ നേരിട്ട് കോടതിയില്‍ ഹാജരായി രേഖകള്‍ കൈമാറി. നവംബര്‍ 30ന് കളമശ്ശേരി എച്ച് എം ടിക്ക് സമീപത്ത് നിന്ന് ലഭിച്ച മൃതദേഹം ഡി എന്‍ എ പരിശോധനയിലാണ് സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. ബെംഗളൂരുവില്‍ നിന്നെത്തിയ കുടുംബം ഞായറാഴ്ച സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു.


