Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം

പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ, എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് പരിശോധന നടത്താനുള്ള നിര്‍ദേശം.

Published

|

Last Updated

കൊച്ചി | ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. സ്വര്‍ണപ്പാളികളിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി സാമ്പിളുകള്‍ പരിശോധിക്കും. പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിര്‍ദേശം. കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകള്‍ നടത്താന്‍ കോടതി നിര്‍ദേശിച്ചു.

എക്സ്‌റേ ഫ്ളൂറസന്‍സ് സ്പെക്ട്രോസ്‌കോപ്പി, ഐ സി പി എം എസ് തുടങ്ങിയ പരിശോധനകള്‍ക്കായി ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്കോ ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി, ഹൈദരാബാദ് ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി തുടങ്ങിയ ലാബുകളിലേക്കോ സാമ്പിളുകള്‍ അയക്കും. നേരത്തെ വി എസ് എസ് സിയില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന നിഗമനത്തിലായിരുന്നെങ്കിലും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ഉണ്ടായ തൂക്കത്തിലെ കുറവ് എസ് ഐ ടിയെ കുഴപ്പിക്കുന്നുണ്ട്. ഇതില്‍ നഷ്ടപ്പെട്ടത് സ്വര്‍ണമാണോ അതോ ചെമ്പാണോ എന്ന് ബി എ ആര്‍ സിയിലെ പരിശോധനയിലൂടെ വ്യക്തമാകും. ഈ മാസം 12ന് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി വിദഗ്ധരുടെ സഹായത്തോടെ സാമ്പിളുകള്‍ ശേഖരിക്കും. ഇതിനുശേഷം കേന്ദ്ര ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം വരുന്നതോടെ സ്വര്‍ണക്കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ദ്വാരപാലക പാളി കേസില്‍ രണ്ട് പേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു. ആകെ നാല് പേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തില്‍ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ് ഐ ടി വ്യക്തമാക്കി.

കൊടിമര പുനപ്രതിഷ്ഠ; പ്രത്യേക സംഘം അന്വേഷിക്കണം, 30 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം
ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക സംഘം രൂപവത്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2017ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതില്‍ സ്വര്‍ണവും പണവും ദുരുപയോഗം ചെയ്തുവെന്ന ദേവസ്വം വിജിലന്‍സും എസ ്‌ഐ ടിയും സമര്‍പ്പിച്ച റിപോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവായത്. മഹസര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കണം. സ്വര്‍ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊടിമര നിര്‍മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

 

 

Latest