Connect with us

From the print

പി എം കെയറില്‍ ചോദ്യം വേണ്ട; ലോക്സഭാ സെക്രട്ടേറിയറ്റിനോട് പ്രധാനമന്ത്രിയുടെ ഓഫീസ്

മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്സഭാ നടപടിക്രമങ്ങളും നടത്തിപ്പ് പെരുമാറ്റച്ചട്ടങ്ങളും പ്രകാരം അനുവദനീയമല്ലെന്ന് കഴിഞ്ഞ മാസം 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് റിപോര്‍ട്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | പി എം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലിമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കി. മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്സഭാ നടപടിക്രമങ്ങളും നടത്തിപ്പ് പെരുമാറ്റച്ചട്ടങ്ങളും പ്രകാരം അനുവദനീയമല്ലെന്ന് കഴിഞ്ഞ മാസം 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് റിപോര്‍ട്ട്. മൂന്ന് ഫണ്ടിലുമുള്ളത് ജനങ്ങള്‍ നേരിട്ട് നല്‍കിയ സംഭാവനയാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ പൊതുഫണ്ടില്‍ നിന്ന് അതിലേക്ക് തുകയൊന്നും അനുവദിക്കാറില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കോ ശൂന്യവേളയിലെ പരാമര്‍ശങ്ങള്‍ക്കോ അനുമതി നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം.

ഈ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന ചോദ്യത്തിന്റെയോ ശൂന്യവേളയിലെ പ്രത്യേക പരാമര്‍ശത്തിന്റെയോ സ്വീകാര്യത നിര്‍ണയിക്കേണ്ട സാഹചര്യമുണ്ടായാല്‍, വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി തള്ളണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പി എം കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് എന്നിവ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ പ്രതിരോധ ഫണ്ട് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി ചെയര്‍പേഴ്‌സണും പ്രതിരോധ, ധനകാര്യ, ആഭ്യന്തര മന്ത്രിമാര്‍ അംഗങ്ങളുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. എം പിമാര്‍ക്ക് പാര്‍ലിമെന്റില്‍ ചോദ്യങ്ങളുന്നയിക്കണമെങ്കില്‍ അത് ഓരോ സമ്മേളനം തുടങ്ങുന്നതിന് മുമ്പും നിശ്ചിത തീയതിക്കുള്ളില്‍ ലോക്സഭ, രാജ്യസഭാ സെക്രട്ടേറിയറ്റിന് എഴുതിനല്‍കിയിരിക്കണം. സെക്രട്ടേറിയറ്റ് അനുവദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കുക.

കൊവിഡ് കാലത്ത്, 2020 മാര്‍ച്ച് 27നാണ് പി എം കെയേഴ്‌സ് ഫണ്ട് സ്ഥാപിതമായത്. മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന ഏതൊരു അടിയന്തര സാഹചര്യത്തെയും ദുരിത സാഹചര്യത്തെയും നേരിടുന്നതിനും ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി സമര്‍പ്പിത ഫണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിലാണിത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ചിലെ കണക്കനുസരിച്ച് പി എം കെയേഴ്സ് ഫണ്ടില്‍ 6,283.7 കോടി രൂപയുടെ നീക്കിയിരിപ്പുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കോടിക്കണക്കിന് രൂപയാണ് ഈ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുള്ളത്.

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തവരെ സഹായിക്കാന്‍ 1948 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിച്ചത്. പ്രകൃതി ദുരന്തത്തിനും കലാപത്തിനും അപകടങ്ങള്‍ക്കും ഇരയാകുന്നവരെ സഹായിക്കാന്‍ ഇത് നിലനിര്‍ത്തി. അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സായുധ സേനാംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനായി രൂപം നല്‍കിയതാണ് ദേശീയ പ്രതിരോധ ഫണ്ട്.

പി എം കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് പ്രതിപക്ഷം നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പി എം കെയേഴ്സ് ‘പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്’ ആണെന്നും അത് ഭരണഘടനയുടെയോ പാര്‍ലിമെന്റ്പാസ്സാക്കിയ നിയമത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപവത്കരിച്ചതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഈ ഫണ്ട് വരില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തിട്ടുണ്ട്. സി എ ജി ഓഡിറ്റിംഗിനും ഈ ഫണ്ട് വിധേയമല്ല.

 

Latest