Connect with us

Kerala

'നമ്മുടെ കേരളം'; എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍

സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുക ലക്ഷ്യം. ഔദ്യോഗിക പ്രകാശനം ഈ മാസം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

Published

|

Last Updated

തിരുവനന്തപുരം | പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഈ മാസം 24ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനന സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ വിദ്യാഭ്യാസം, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍, ഫീസുകള്‍, അപേക്ഷ സമര്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങള്‍ക്കും ആവശ്യമായ 150ലധികം സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാകും.

എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന രീതിയില്‍ ലളിതമായ ഇന്റര്‍ഫെയ്‌സും ഡിസൈനുമാണ് ആപ്പിന്റെ പ്രധാന സവിശേഷത. സ്വകാര്യത, സുരക്ഷ എന്നിവക്ക് പ്രഥമ പരിഗണന നല്‍കിയാണ് ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സേവനങ്ങളിലെ സമയബന്ധിതമായ പുതുക്കലുകളും, ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും, പരാതികള്‍ സമര്‍പ്പിക്കാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. മൊബൈല്‍ ആപ്പിന് പുറമേ ‘നമ്മുടെ കേരളം’ വെബ് പോര്‍ട്ടലിലും ഇതേ സേവനങ്ങള്‍ ലഭിക്കും.

ഐ ടി വകുപ്പിന് വേണ്ടി കേരള സ്‌റ്റേറ്റ് ഐ ടി മിഷന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി, സി ഡിറ്റുമായി ചേര്‍ന്നാണ് ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ആപ്പില്‍ സേവനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രകാശനത്തിനു ശേഷം ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ആപ്പ് ലഭിക്കും.

 

---- facebook comment plugin here -----

Latest