Kerala
ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: പ്രതിയുടെ 'മാനസികനില' റിപോര്‍ട്ട് ഹാജരാക്കിയില്ല: മെഡി. കോളജ് സൂപ്രണ്ടിന് നോട്ടീസ്
സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ 14 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ ഒന്നാം പ്രതിയായ കെ സംഗീതിന്റെ മാനസിക നില പരിശോധിച്ച റിപോര്‍ട്ട് ഹാജരാക്കാത്തതിനാണ് നോട്ടീസ്.
തിരുവനന്തപുരം | സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ 14 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ ഒന്നാം പ്രതിയായ കെ സംഗീതിന്റെ മാനസിക നില പരിശോധിച്ച റിപോര്‍ട്ട് ഹാജരാക്കാത്തതില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് വീണ്ടും നോട്ടീസ്. സംഗീതിന്റെ മാനസിക നിലയെക്കുറിച്ച് പഠിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇന്നലെയാണ് റിപോര്‍ട്ട് ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍, കോടതിയില്‍ റിപോര്‍ട്ടോ മറ്റ് വിശദീകരണ രേഖകളോ ഹാജരാക്കിയില്ല. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിടെ ഉത്തരവ്.
കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനായ രണ്ടാം പ്രതി അനില്‍കുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. സംഗീതിനെ കസ്റ്റഡിയില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം പ്രതി അനില്‍കുമാറിനെ മാത്രമായി കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സും തയ്യാറായില്ല. ഇതോടെയാണ് സംഗീതിനെ വിശദമായി പരിശോധിച്ച് റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
നേരത്തെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പരിശോധന നടത്തി സംഗീതിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പ്രതിഭാഗം ഈ റിപോര്‍ട്ടിനെ എതിര്‍ത്തതോടെയാണ് ഒരു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്.



