Kerala
ജവഹര്‍ നഗര്‍ ഭൂമി തട്ടിപ്പ് കേസ്: ശാസ്തമംഗലം സബ് രജിസ്ട്രാര്‍ അറസ്റ്റില്‍
സബ് രജിസ്ട്രാര്‍ ലക്ഷ്മിയാണ് അറസ്റ്റിലായത്. രേഖകളില്‍ കൃത്രിമം നടത്താന്‍ ഒത്താശ ചെയ്തു.
തിരുവനന്തപുരം | ജവഹര്‍ നഗര്‍ ഭൂമി തട്ടിപ്പ് കേസില്‍ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് വിദേശ മലയാളിയുടെ ജവഹര്‍ നഗറിലെ പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസില്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ലക്ഷ്മിയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പിന് രേഖകളില്‍ കൃത്രിമം നടത്താന്‍ സബ് രജിസ്ട്രാര്‍ ഒത്താശ ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ഭൂമി തട്ടിയെടുക്കാന്‍ മറ്റു പ്രതികള്‍ക്ക് കൂട്ടുനിന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. വിദേശ മലയാളി ഡോറയുടെ വളര്‍ത്തുമകളെന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. കോണ്‍ഗ്രസ്സ് മുന്‍ നേതാവ് അനന്തപുരി മണികണ്ഠന്‍, വ്യവസായി അനില്‍ തമ്പി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ മുഖ്യകണ്ണിയായ അനില്‍ തമ്പി കഴിഞ്ഞ ഒക്‌ടോബറില്‍ പിടിയിലായിരുന്നു. യു എസില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് ഭൂമിയും 6,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടും വ്യാജരേഖയുണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ വെണ്ടറായ മണികണ്ഠന്‍ അനില്‍ തമ്പിക്ക് കൈവശപ്പെടുത്തിക്കൊടുക്കുകയായിരുന്നു.
ഇതിന് രണ്ടുകോടി രൂപ മണികണ്ഠന്റെയും ഒരു കോടി രൂപ ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി. മുന്‍കൂറായി 40 ലക്ഷം രൂപയും കൈപ്പറ്റി. ഇതുപയോഗിച്ച് മണികണ്ഠന്‍ കടങ്ങള്‍ വീട്ടുകയും പുതിയ വീടിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഡോറയായി ആള്‍മാറാട്ടം നടത്തിയ വട്ടപ്പാറ സ്വദേശി വസന്ത, ഡോറയുടെ ചെറുമകളെന്ന പേരില്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ പുനലൂര്‍ സ്വദേശി മെറിന്‍ ജേക്കബ്, ആള്‍മാറാട്ടത്തിന് സഹായിച്ച സുനില്‍, വെണ്ടര്‍ മണികണ്ഠന്‍, അനുജന്‍ മഹേഷ്, സെയ്മാലി എന്നിവരടക്കം എട്ടുപേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഡോറയുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. വസന്തയുടെ രേഖകള്‍ കൃത്യമായി പരിശോധിക്കാനോ ഇടപാടിന് ഒപ്പിട്ട സാക്ഷികള്‍ ഹാജരാക്കിയ വ്യാജരേഖകള്‍ പരിശോധിക്കാനോ സബ് രജിസ്ട്രാര്‍ തയാറായില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇവര്‍ പല തവണ മറ്റു പ്രതികളുമായി ബന്ധപ്പെട്ടതിനെക്കുറിച്ചുള്ള സൈബര്‍ തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു.
ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ഹാജരാക്കി ചെറുമകള്‍ മെറിനു ഭൂമി ഇഷ്ടദാനം ചെയ്തുവെന്ന രേഖയാണ് ആദ്യമുണ്ടാക്കിയത്. 2013 മുതല്‍ ജവഹര്‍ നഗറിലെ വസ്തു കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുള്ള അനില്‍ തമ്പി പലവട്ടം വസ്തു വില്‍ക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ വില്‍ക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന്, ഏതുവിധേനയും വസ്തു കൈക്കലാക്കണമെന്ന ഉദ്ദേശ്യത്തോടെ അനില്‍ തമ്പി തന്റെ സുഹൃത്തായ ആധാരം എഴുത്തുകാരന്‍ മണികണ്ഠനെ സമീപിച്ചു. ആ സമയത്ത് കടക്കെണിയിലായിരുന്ന മണികണ്ഠന്‍ അനില്‍ തമ്പിയില്‍ നിന്ന് 40 ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും മറ്റു പ്രതികളുമായി ചേര്‍ന്നു വസ്തു തട്ടിയെടുത്തെന്നുമാണ് കേസ്. മണികണ്ഠനെ കൂട്ടുപിടിച്ച് അനിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് എന്നായിരുന്നു പോലീസ് കണ്ടെത്തിയത്. വ്യാജരേഖ ചമച്ച് തട്ടിയെടുത്ത വീടും സ്ഥലവും അനില്‍ തമ്പിയുടെ ബന്ധുവിന്റെ പേരിലേക്കാണ് മാറ്റിയിരുന്നത്. തട്ടിയെടുത്ത വീടിന് സമീപത്തായിരുന്നു അനിലിന്റെ താമസം. ഈ വീട്ടിലേക്ക് ആരും വരുന്നില്ലെന്ന് കണ്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.


