Connect with us

Uae

ദുബൈയിൽ പുതിയ പ്രധാന തുറമുഖ വികസനത്തിന് അംഗീകാരം

മിന അൽ ഹംരിയ വികസനം ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു

Published

|

Last Updated

ദുബൈ| യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ചൊവ്വാഴ്ച മിന അൽ ഹംരിയ സന്ദർശിച്ചു. ലോകത്തെ ബന്ധിപ്പിക്കുകയും ചരക്കുകളുടെ ഒഴുക്ക് വേഗത്തിലാക്കുകയും ചെയ്യുന്ന ചലനാത്മക കവാടങ്ങളാക്കി ദുബൈയുടെ തുറമുഖങ്ങളെ മാറ്റുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യാപാരികളുടെ ആദ്യ തിരഞ്ഞെടുപ്പായിരിക്കണം ദുബൈ. ഇത് വാണിജ്യത്തിനുള്ള വിശ്വസനീയമായ പാതയും ലോകത്തിലെ വിതരണ ശൃംഖലകളിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രവുമായിരിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
യു എ ഇയുടെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിലും പ്രത്യേകിച്ച് പെട്ടെന്ന് നശിക്കുന്ന വസ്തുക്കളിലും കന്നുകാലികളിലുമുള്ള തുറമുഖത്തിന്റെ പങ്ക് ഡി പി വേൾഡ് ഉദ്യോഗസ്ഥർ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു. വർധിച്ചുവരുന്ന പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനുള്ള ഭാവി അടിസ്ഥാന സൗകര്യ പദ്ധതിയുടെ ഭാഗമായി മിന അൽ ഹംരിയയിൽ 12 മീറ്റർ ഡ്രാഫ്റ്റുള്ള 700 മീറ്റർ തുറമുഖം നിർമിക്കുന്നതിനുള്ള പ്രധാന പദ്ധതിക്കും ശൈഖ് മുഹമ്മദ് അംഗീകാരം നൽകി. വലിയ കപ്പലുകളെ ഉൾക്കൊള്ളാനും തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും. 2024ലെ തുറമുഖത്തിന്റെ വിപുലീകരണത്തിന്റെ തുടർച്ചയായാണ് ഈ വികസനങ്ങൾ. അന്ന് 1,150 മീറ്റർ തുറമുഖ മതിൽ കൂട്ടിച്ചേർത്തു.
മിന അൽ ഹംരിയ ദുബൈയിയുടെ വ്യാപാര മേഖലയിൽ നിരവധി പതിറ്റാണ്ടുകളായി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡി പി വേൾഡിന്റെ ഗ്രൂപ്പ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു. ഈ വർഷം ആദ്യ പകുതിയിൽ തുറമുഖം ഏകദേശം 9.07 ബില്യൺ ദിർഹത്തിന്റെ വ്യാപാരം കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷത്തെ നവീകരണത്തിന് ശേഷം കപ്പൽ നീക്കത്തിൽ 11 ശതമാനം വർധനവ് തുറമുഖം രേഖപ്പെടുത്തിയിട്ടുണ്ട്.

Latest