Connect with us

Articles

നിങ്ങൾ കുടിയിറക്കപ്പെടുന്ന മനുഷ്യരെ കാണുന്നുണ്ടോ?

വര്‍ഗീയവും വംശീയവുമായ മുദ്ര ചാര്‍ത്തി കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ചോ അവര്‍ നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ സംബന്ധിച്ചോ കാര്യമായി ചര്‍ച്ച ചെയ്യുക പോലും ചെയ്യാതിരിക്കുന്ന ഇന്ത്യന്‍ പൊതുമണ്ഡലമാണ് ഒരു ഭാഗത്ത്. അതിനെ വിചാരണ ചെയ്യാനില്ലാത്ത മാധ്യമ സമൂഹം മറുഭാഗത്തും. മതേതര ഇന്ത്യ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴവും പരപ്പും ഏറ്റവും ഭീകരമായി പ്രതിഫലിപ്പിക്കുന്നുണ്ട് ഇത്.

Published

|

Last Updated

ഇന്ത്യാ വിഭജനത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കുടിയിറക്കല്‍ പ്രക്രിയക്കാണ് ഇപ്പോള്‍ ഹിമന്ത് ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അസമില്‍ നിന്ന് തുടക്കം കുറിച്ചിരിക്കുന്നത്. വര്‍ഗീയവും വംശീയവുമായ മുദ്ര ചാര്‍ത്തി കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ചോ അവര്‍ നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ സംബന്ധിച്ചോ കാര്യമായി ചര്‍ച്ച ചെയ്യുക പോലും ചെയ്യാതിരിക്കുന്ന ഇന്ത്യന്‍ പൊതുമണ്ഡലമാണ് ഒരു ഭാഗത്ത്. അതിനെ വിചാരണ ചെയ്യാനില്ലാത്ത മാധ്യമ സമൂഹം മറുഭാഗത്തും. വരാനിരിക്കുന്ന ഒരു ദുരന്തത്തെ എത്ര നിസ്സാരമായാണ് ഇവരെല്ലാം സമീപിച്ചിട്ടുള്ളത് എന്ന് അന്വേഷിക്കുന്നിടത്താണ് ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂടിന് തീവ്രദേശീയ വാദം ഉണ്ടാക്കിയ പരുക്ക് എത്രമാത്രം വലുതായിരുന്നു എന്ന് തിരിച്ചറിയുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടം ലഭിച്ചേക്കാവുന്ന ഒരു വലിയ രാഷ്ട്രീയ പ്രശ്‌നത്തെ പോലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ ഒന്നാമത്തെ അജന്‍ഡയായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്ത നിസ്സഹായതയിലാണുള്ളത്. മതേതര ഇന്ത്യ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴവും പരപ്പും ഏറ്റവും ഭീകരമായി പ്രതിഫലിപ്പിക്കുന്നുണ്ട് ഇത്.
ലംഘിക്കപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍
1985ലെ അസം കരാര്‍, 1971 മാര്‍ച്ച് 25ന് ശേഷം അസമില്‍ എത്തിയവരെ “നിയമവിരുദ്ധ കുടിയേറ്റക്കാര്‍’ എന്ന് കണക്കാക്കി നാടുകടത്താന്‍ വ്യവസ്ഥ ചെയ്തു. ഈ കരാറാണ് ഇന്നത്തെ കുടിയൊഴിപ്പിക്കലുകള്‍ക്ക് ആദ്യമായി ഒരു രാഷ്ട്രീയ- നിയമ അടിത്തറ നല്‍കിയത്. ബ്രിട്ടീഷ് ഭരണകാലത്തും ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തും അസമിലേക്ക് നിരവധി കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഭൂരിപക്ഷവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ ആയിരുന്നു. ഇവര്‍ “മിയ’ മുസ്‌ലിംകള്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അവരൊക്കെ തന്നെയും, 1985ലെ അസം കരാറിലുള്ള ചില നിബന്ധനകളിലൂടെ ഇന്ത്യന്‍ പൗരന്മാരായി മാറാന്‍ അവകാശമുള്ളവരായി മാറി. അസം കരാറിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന, പത്ത് വര്‍ഷത്തേക്ക് അവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല എന്നതായിരുന്നു. ഇത് നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും അവരെ തിരിച്ചയക്കുന്നതിനും വേണ്ടിയായിരുന്നു എന്നായിരുന്നു സര്‍ക്കാറിന്റെ വാദം. നിയമവിരുദ്ധമായ കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കുന്നതിന് 1983ല്‍ തന്നെ ഐ എം ഡി ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നിയമവിരുദ്ധ കുടിയേറ്റം തടയല്‍ നിയമം ഉണ്ടായിരുന്നു. 2005ലാണ് ഈ നിയമം സുപ്രീം കോടതി റദ്ദാക്കുന്നത്. പതിറ്റാണ്ടുകളോളം അപരവത്കരിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങളുടെ പൗരത്വം സംബന്ധിച്ച വലിയ പ്രശ്‌നങ്ങള്‍ ഇതോടെ തീര്‍ന്നു എന്ന് കരുതിയിടത്തു നിന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഈ വിഷയത്തെ വീണ്ടും രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. 2016ല്‍ ചരിത്രത്തില്‍ ആദ്യമായി അസമില്‍ ബി ജെ പി അധികാരത്തില്‍ എത്തിയത് മുതല്‍ പ്രശ്‌നം വീണ്ടും സജീവമായി തുടങ്ങി. 1951ന് ശേഷം ആദ്യമായി 2019ല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ പുതുക്കുക കൂടി ചെയ്തതോടെ, 19 ലക്ഷത്തോളം ആളുകളെയാണ് ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതാക്കി മാറ്റിയത്. ഇത് രാജ്യത്ത് വലിയ കോലാഹലം സൃഷ്ടിച്ചു. പൗരത്വ ഭേദഗതി നിയമത്തെയും അതിന്റെ ഭീകരതയെയും രാജ്യമൊട്ടുക്കും ചര്‍ച്ച ചെയ്യപ്പെടുന്നതിനും അസമിലെ പൗരത്വ പട്ടിക കാരണമായി. എന്നാല്‍ പട്ടിക പിന്‍വലിക്കുന്നതിനോ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഈ സമരങ്ങള്‍ക്ക് കഴിഞ്ഞില്ല. നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെ, പുനരധിവാസമില്ലാതെ, വിവേചനപരമായി ഒരു വിഭാഗത്തെ മാത്രം കുടിയിറക്കാനുള്ള ഭരണകൂട ശ്രമം, 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും അന്താരാഷ്ട്ര ആചാര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. 1951ലെ അഭയാര്‍ഥി കണ്‍വെന്‍ഷനിലും 1967ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്ന് വാദിക്കാന്‍ കഴിയുമെങ്കിലും, നാളിതുവരെ അന്താരാഷ്ട്ര മനുഷ്യാവകാശ ആചാര നിയമങ്ങളെ നോണ്‍-റിഫോള്‍മെന്റ് തത്ത്വം പോലെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്തു വന്നിരുന്നതാണ്. എന്നാല്‍ അസമിലെ മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ എല്ലാ മനുഷ്യാവകാശ നിയമങ്ങളെയും പടിക്കുപുറത്ത് നിര്‍ത്തിയിരിക്കുകയാണ്. വംശീയ ഉന്മൂലനത്തിന് വരെ ആയുധമായി മാറാന്‍ സാധ്യതയുള്ള ഇപ്പോഴത്തെ കുടിയിറക്കല്‍, കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലാതെ തുടരുന്നു എന്നതാണ് വലിയ ആശങ്ക.

കുടിയൊഴിപ്പിക്കല്‍ ഇപ്പോള്‍ എന്തുകൊണ്ട്?
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് അസം. മാത്രമല്ല, ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ മുസ്‌ലിം ജനസാന്ദ്രതയുള്ള സംസ്ഥാനം കൂടിയാണ് അസം. 2011ലെ സെന്‍സസ് പ്രകാരം, അസമിലെ മുസ്‌ലിം ജനസംഖ്യ 34.22 ശതമാനമായിരുന്നു. മൊത്തം വരുന്ന 3.5 കോടിയില്‍, മുസ്‌ലിംകള്‍ ഒരു കോടിയിലധികം വരുന്നുണ്ട്. അതുകൊണ്ട് തന്നെ, ബി ജെ പിക്ക് 2016 വരെ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സംസ്ഥാനത്ത് സാധിച്ചിരുന്നില്ല. അസം ദേശീയതാ വാദത്തിന്റെ വക്താക്കളായ അസം ഗണപരിഷത്തും കോണ്‍ഗ്രസ്സും ഇടക്കാലത്ത് ജനതാ പാര്‍ട്ടിയും മാത്രമാണ് അസമില്‍ അധികാരം കൈയാളിയിരുന്നത്. അവസാന സെന്‍സസ് പ്രകാരം, അസമിലെ 33 ജില്ലകളില്‍ 11 എണ്ണം മുസ്‌ലിം ഭൂരിപക്ഷ ജില്ലകളാണ്. 2023ലെ ഡീലിമിറ്റേഷന്‍ പ്രകാരം, 126 അസംബ്ലി മണ്ഡലങ്ങളില്‍ 22 മണ്ഡലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുണ്ട്. മാത്രവുമല്ല, മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും മുസ്‌ലിംകളാണ് ഭൂരിപക്ഷം. ബി ജെ പിക്ക് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാന്‍ ഈ ജനസംഖ്യാ ശാസ്ത്രത്തെ മറികടക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് അസം ദേശീയ വാദം ബി ജെ പി ഏറ്റെടുക്കുന്നത്. അസം ദേശീയ വാദത്തിന്റെ വക്താക്കളായ അസം ഗണപരിഷത്ത്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവയുമായി സഖ്യമുണ്ടാക്കി ഹിന്ദു ഭൂരിപക്ഷ വോട്ട് ബേങ്ക് ഏകീകരിക്കുകയായിരുന്നു ലക്ഷ്യം. ഈ സഖ്യം വോട്ടുകളെ ഫലപ്രദമായി ഏകോപിപ്പിച്ചു എന്നുവേണം കരുതാന്‍. പ്രത്യേകിച്ച് ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ഏരിയ ജില്ലകളിലും മറ്റ് ഗോത്ര മേഖലകളിലും ഇതിന്റെ ഫലം കണ്ടു. കോണ്‍ഗ്രസ്സിനോടുള്ള ഭരണവിരുദ്ധ വികാരത്തിനോടൊപ്പം, അസം ദേശീയതക്ക് കൂടി തിരഞ്ഞെടുപ്പ് രംഗത്ത് തീ പിടിച്ചപ്പോള്‍, ബി ജെ പിക്ക് കാര്യങ്ങള്‍ എളുപ്പമായി. തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാഷ്ട്രീയ വാഗ്ദാനം നടപ്പാക്കാനാണ് ഇപ്പോള്‍ ഹിമന്ത് ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ ബി ജെ പി സംസ്ഥാനത്ത് ബുള്‍ഡോസര്‍രാജ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരന്തരം മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയത പ്രസംഗിക്കുന്ന മുഖ്യമന്ത്രി, 2024ല്‍ മുസ്‌ലിം ജനസംഖ്യ 40 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു എന്നും, 2041ല്‍ അസം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നും, ഒരു ഔദ്യോഗിക കണക്കിന്റെയും പിന്‍ബലമില്ലാതെ പ്രസംഗിക്കുകയുണ്ടായി. ഇത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. മുസ്‌ലിം പേടി വളര്‍ത്താന്‍, സാമൂഹിക മാധ്യമങ്ങളിലും ബി ജെ പി ഒരു പതിറ്റാണ്ടോളമായി നിരന്തരം ക്യാമ്പയിനുകള്‍ നടത്തിവരുന്നുണ്ട്. 2026ല്‍ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടാണ് തിരക്കിട്ട് ഇപ്പോള്‍ കുടിയിറക്കല്‍ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന അസമില്‍, ബി ജെ പിക്ക് അധികാരം നിലനിര്‍ത്താന്‍ ഇത് കൂടിയേ തീരൂ എന്ന തിരിച്ചറിവില്‍ നിന്നാണ്, കഴിഞ്ഞ ജൂലൈ ആദ്യ വാരം ഗോള്‍പാറ ജില്ലയിലെ പൈകാന്‍ റിസര്‍വ് വനം, ഹാസിംഗഞ്ച്, ബലാപാറ, ധുപധാര, മട്ടിയാബരി തുടങ്ങിയ സ്ഥലങ്ങളില്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. ആയിരത്തിലധികം കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. 2,700ഓളം വരുന്ന വീടുകളും പള്ളികളും അടങ്ങുന്ന കെട്ടിടങ്ങളാണ് പൊളിച്ചു നീക്കപ്പെട്ടത്. 57 ശതമാനത്തിലധികം മുസ്‌ലിംകള്‍ താമസിക്കുന്ന ഗോള്‍പാറ ജില്ലയിലെ പൈകാന്‍ റിസര്‍വ് വനത്തില്‍, ഏകദേശം 346 ഏക്കര്‍ സ്ഥലത്ത് നിന്ന് മനുഷ്യര്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. 79 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ധുബ്രി ജില്ലയിലാണ് ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ നടന്നിട്ടുള്ളത്. 1,400 കുടുംബങ്ങളില്‍ നിന്നായി ഏകദേശം ഏഴായിരത്തോളം മനുഷ്യര്‍ കുടിയിറക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലും പോലീസും ജനങ്ങളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതി വരെയുണ്ട്. ജൂലൈ 17ന് പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുക കൂടി ചെയ്തിട്ടുണ്ട്. എന്നിട്ടും, ദേശീയ മാധ്യമങ്ങളോ പ്രതിപക്ഷ പാര്‍ട്ടികളോ ഈ പ്രശ്‌നത്തെ കാര്യമായി എടുത്തിട്ടില്ല. അസമിനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കുന്നത് രാഹുല്‍ ഗാന്ധി മാത്രമാണ്.

കുടിയൊഴിപ്പിക്കലിനു പിന്നിലെ
കോര്‍പറേറ്റ് താത്പര്യങ്ങള്‍
അസമിലെ ധൃതിപിടിച്ച കുടിയൊഴിപ്പിക്കലില്‍ വലിയ കോര്‍പറേറ്റ് താത്പര്യങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. ധുബ്രി ജില്ലയിലെ ചാറുവാകറ, സന്തോഷ് പൂര്‍, ചിരകുട തുടങ്ങിയ മേഖലയില്‍ 450 ഹെക്ടര്‍ ഭൂമി താപവൈദ്യുത നിലയത്തിനായി അദാനി ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനം എന്ന് റിപോര്‍ട്ടുണ്ട്. മാത്രവുമല്ല, റിലയന്‍സ്, പതഞ്ജലി തുടങ്ങിയ കോര്‍പറേറ്റ് കമ്പനികള്‍ക്കും ഭൂമി കൈമാറാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്. കര്‍ബി ആംഗ്ലോയില്‍ റിലയന്‍സിന്റെ ബയോഗ്യാസ് പ്ലാന്റുകള്‍, ദിമ ഹസാവോയില്‍ അദാനിയുടെ സിമന്റ് ഫാക്ടറി, ഗോലാഘട്ടില്‍ പതഞ്ജലിയുടെ പദ്ധതികള്‍, പാമോയില്‍ കൃഷി എന്നിവക്കായി ഭൂമി അനുവദിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2025ലെ കണ്ടെത്തലുകള്‍ പ്രകാരം, അസമില്‍ അപൂര്‍വ ഭൗമ ധാതുക്കളുടെ (ഇരുമ്പയിര്, ലിമസ്റ്റോണ്‍) വന്‍ സാന്നിധ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ധുബ്രിയില്‍ 18.29 മില്യണ്‍ ടണ്‍ ഇരുമ്പയിര്, ദിമ ഹസാവോയില്‍ 1,500 മില്യണ്‍ ടണ്‍ ലിമസ്റ്റോണ്‍ എന്നിവ ഉള്‍പ്പെടെ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍, മേഖലയില്‍ വലിയ ഖനനം നടത്താനും സര്‍ക്കാറിന് ലക്ഷ്യമുണ്ട്. സംഘ്പരിവാറിന്റെ “അസം ദേശീയത’ എന്ന പ്രചാരണം, യഥാര്‍ഥത്തില്‍ കോര്‍പറേറ്റ് താത്പര്യങ്ങളില്‍ കൂടി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇത്ര ഭീകരമായ യാഥാര്‍ഥ്യങ്ങള്‍ മുന്നിലുണ്ടായിട്ടും, രാജ്യത്തെ പ്രതിപക്ഷത്തിന് ഐക്യപ്പെടാനോ യോജിച്ച ഒരു പ്രക്ഷോഭം സംഘടിപ്പിക്കാനോ കഴിയാത്ത വിധം ഭയപ്പെടുത്തുന്ന രാഷ്ട്രീയ കാലാവസ്ഥയിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ജനാധിപത്യ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Latest