International
ഇസ്‌റാഈലിന്റെ ഏത് ആക്രമണത്തെയും നേരിടാന്‍ പൂര്‍ണ സജ്ജം; ആണവ പദ്ധതിയില്‍ നിന്ന് പിറകോട്ടില്ല: ഇറാന്‍ പ്രസിഡന്റ്
ആവശ്യമായി വന്നാല്‍ തങ്ങളുടെ സൈന്യം ഇസ്‌റാഈലിനെതിരെ ഇനിയും ആക്രമണം നടത്തുമെന്നും മസൂദ് പെഷസ്‌കിയാന്‍

ടെഹ്റാന്‍ | ഇസ്‌റാഈല്‍ ഏത് തരത്തിലുള്ള ആക്രമണം നടത്തിയാലും നേരിടാനും പ്രതിരോധിക്കാനും ഇറാന്‍ പൂര്‍ണ സജ്ജമെന്ന് പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍. ആവശ്യമായി വന്നാല്‍ തങ്ങളുടെ സൈന്യം ഇസ്‌റാഈലിനെതിരെ ഇനിയും ആക്രമണം നടത്തുമെന്നും പെഷസ്‌കിയാന്‍ വ്യക്തമാക്കി.
സമാധാന ആവശ്യങ്ങള്‍ക്കുള്ള ആണവ പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ആണവപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ‘അല്‍ ജസീറ’ക്ക് നല്‍കിയ അഭിമുഖത്തില്‍ മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു.
ഇറാന്‍ ആണവ പദ്ധതികള്‍ അവസാനിപ്പിക്കണമെന്ന് ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതിനിടെയാണ് പെഷസ്‌കിയാന്‍ ഇറാന്റെ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. അതേസമയം, വെടിനിര്‍ത്തല്‍ കരാറില്‍ തനിക്ക് പ്രതീക്ഷയോ ശുഭാപ്തി വിശ്വാസമോ ഇല്ലെന്നും പെഷസ്‌കിയാന്‍ അഭിപ്രായപ്പെട്ടു.
ഇസ്‌റാഈല്‍ ആക്രമിച്ചപ്പോള്‍ ഞങ്ങള്‍ പ്രത്യാക്രമണം നടത്തി. ഞങ്ങള്‍ നല്‍കിയ മറുപടിയില്‍ വലിയ നാശനഷ്ടങ്ങളാണ് അവര്‍ക്ക് സംഭവിച്ചത്. എന്നാല്‍, അത് തുറന്നു സമ്മതിക്കാന്‍ അവര്‍ തയ്യാറല്ല. ഇറാന്‍ നേതൃത്വത്തെ സമ്പൂര്‍ണമായി ഇല്ലാതാക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം പരാജയപ്പെട്ടുവെന്നും മസൂദ് പെഷസ്‌കിയാന്‍ പ്രതികരിച്ചു.