Kerala
വി എസിനെ യാത്രയാക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ മഴയത്തും ജനപ്രവാഹം
സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർണം

ആലപ്പുഴ | മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ഭൗതികദേഹം അന്തിമ പൊതുദർശനത്തിനായെത്തിച്ച ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് ജനപ്രവാഹം തുടരുന്നു. അവസാനയാത്രയിലുള്ള പ്രിയനേതാവിനെ ഒന്നുകാണാൻ മഴയും വെയിലും വകവെക്കാതെ ആയിരങ്ങളാണെത്തിയത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഗ്രൗണ്ടിൽ പൊതുദർശനത്തിനെത്തിച്ചത്. കനത്ത മഴയിൽ കുട ചൂടിയും കോട്ടണിഞ്ഞുമാണ് മണിക്കൂറുകളായി വി എസിനെ കാത്ത് ജനം തടിച്ചുകൂടിയത്. കുട പോലും എടുക്കാതെയെത്തിയവരും മഴയിൽ പതറാതെ നിലയുറപ്പിച്ചു. കണ്ഠം പൊട്ടുമാറുച്ചത്തിൽ വിപ്ലവ മുദ്രാവാക്യങ്ങളാൽ മുഖരിതമാണ് ഗ്രൗണ്ട്.
മുഖ്യമന്ത്രിയും പാർടി കേന്ദ്ര- സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും മത സാമൂഹിക നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ഗ്രൗണ്ടിലുണ്ട്. ആലപ്പുഴയിലെ വഴികളിലെല്ലാം വി എസിനെ കാണാനെത്തിയ ജനങ്ങളാൽ ഇന്നലെ രാത്രി മുതൽ നിറഞ്ഞിരുന്നു.
പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് തിരുവമ്പാടി ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ, കലക്ടറേറ്റ് ജംഗ്ഷൻ, ആലപ്പുഴ ബീച്ച് വഴിയാണ് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചത്. ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം തിരുവമ്പാടി ജംഗ്ഷൻവഴി മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന വലിയ ചുടുകാട്ടിൽ എത്തിക്കും. ഇവിടങ്ങളിൽ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച ഉച്ചക്ക് മരിച്ച വി എസിൻ്റെ മതദേഹം രാവിലെ ഏഴോടെയാണ് വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചത്.