National
അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് മൃതദേഹങ്ങള്‍ മാറിനല്‍കിയെന്ന് റിപോര്‍ട്ട്
സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചു. ഒരു മൃതദേഹ പേടകത്തില്‍ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും കുടുംബം.

ന്യൂഡല്‍ഹി | അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് മൃതദേഹങ്ങള്‍ മാറിനല്‍കിയെന്ന് റിപോര്‍ട്ട്. ഇതോടെ സംസ്‌കാര ചടങ്ങുകള്‍ കുടുംബം മാറ്റിവെച്ചതായി ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. ഒരു മൃതദേഹ പേടകത്തില്‍ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
മൃതദേഹങ്ങള്‍ മാറിലഭിച്ചതില്‍ കുടുംബം ഏറെ ദുഃഖിതരാണെന്ന് ഇവരുടെ അഭിഭാഷകന്‍ ജെയിംസ് ഹീലി-പ്രാറ്റ് പറഞ്ഞു. തങ്ങളുമായി ബന്ധപ്പെട്ടവരുടെ ഭൗതിക ദേഹങ്ങള്‍ ലഭിക്കുന്നതിന് എയര്‍ ഇന്ത്യ അധികൃതര്‍ അടക്കമുള്ളവരുടെ ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടന്‍ സന്ദര്‍ശവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നും റിപോര്‍ട്ടില്‍ സൂചനയുണ്ട്. മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന് മുമ്പ് എം പിമാര്‍, എഫ് സി ഡി ഒമാര്‍, പ്രധാനമന്ത്രിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും ഓഫീസുകള്‍ എന്നിവയുമായെല്ലാം കുടുംബാംഗങ്ങള്‍ നേരിട്ട് ബന്ധപ്പെട്ടു കഴിഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി പ്രതികരിച്ചു. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഡി എന്‍ എ വേര്‍തിരിക്കാനും അത് തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടുകയും കൂടുതല്‍ സമയമെടുക്കുകയും ചെയ്തു. കത്തിക്കരിഞ്ഞ ചില മൃതദേഹങ്ങളില്‍ അസ്ഥികളുണ്ടായിരുന്നില്ല. ചാരത്തില്‍ നിന്ന് അസ്ഥി സാമ്പിളുകള്‍ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. ചില ശരീരങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗവും കത്തിപ്പോയിരുന്നു.
കഴിഞ്ഞ മാസം 12 നാണ് അഹമ്മദാബാദ് വിമാന ദുരന്തം സംഭവിച്ചത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യ വിമാനം എ ഐ 171 ആണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ 241 പേരും മരണപ്പെട്ടു. ഇവരില്‍ 52 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. വിമാനം ഇടിച്ചുകയറിയ കെട്ടിടത്തിലെ 19 പേരുടെ ജീവനും പൊലിഞ്ഞു.