Connect with us

biggest drug haul

മയക്കുമരുന്ന്‌ ശേഖരം മൂന്ന് സംഘങ്ങളുടേത്

കൂടുതൽ രാജ്യാന്തര സംഘങ്ങളുടെ പങ്ക് സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി | പുറംകടലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും സംയുക്തമായി നടത്തിയ ഓപറേഷൻ സമുദ്രഗുപ്തയിൽ പിടിച്ചെടുത്ത 12,000 കോടി വിലമതിക്കുന്ന 2,500 കിലോ മാരക മയക്കുമരുന്നിന്റെ പ്രധാന പങ്കും പാക്കിസ്ഥാനിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഗ്രാമങ്ങളിൽ കുടിൽ വ്യവസായം പോലെ പ്രവർത്തിക്കുന്ന ഡ്രഗ് ലാബുകളിൽ നിർമിച്ചതാണ് രാസലഹരിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. മൂന്ന് സംഘങ്ങളുടെ ലഹരിമരുന്നുകൾ പിടികൂടിയ കൂട്ടത്തിലുണ്ടെന്നും ഇതിൽ പ്രധാന പങ്ക് പാക്കിസ്ഥാനിലെ ഹാജി സലിം സംഘത്തിന്റേതാണെന്നും ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും മയക്കുമരുന്ന് ശേഖരിച്ച് ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കടത്തുന്ന ഹാജി സലിം സംഘത്തിന്റെ മയക്കുമരുന്ന് പാക്കറ്റുകളിൽ തേളിന്റെ ചിഹ്നം മുദ്രണം ചെയ്തിരിക്കും. എൻ സി ബി പിടികൂടിയ മയക്കുമരുന്ന് ശേഖരത്തിൽ വലിയ പങ്ക് തേളിന്റെ ചിഹ്നം അടയാളപ്പെടുത്തിയിട്ടുള്ള ഒരു കിലോ വീതമുള്ള കണ്ടെയ്നറുകളിലാണ് ഭദ്രമായി പാക്ക് ചെയ്തിട്ടുള്ളത്. മറ്റൊരു കൂട്ടം കണ്ടെയ്നറുകളിൽ ബിറ്റ്‌കോയിന് സമാനമായ ചിഹ്നമാണുള്ളത്. വിജയികളുടെ ചുണ്ടുകളിൽ നിശ്ശബ്ദതയും ചിരിയുമുണ്ടാകുമെന്ന വാചകവും എംബ്ലത്തിന് ചുറ്റുമായി പ്രിന്റ് ചെയ്തിരിക്കുന്നു. മൂന്നാമത്തെ കണ്ടെയ്‌നറുകളിൽ റോളക്‌സ് എന്നാണ് പ്രിന്റ്ചെയ്തിരിക്കുന്നത്. മൂന്ന് സംഘങ്ങൾ കയറ്റിയയച്ച മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് ഇതിൽ നിന്നാണ് എൻ സി ബി അനുമാനിക്കുന്നത്.

ശുദ്ധമായ ക്രിസ്റ്റൽ രൂപത്തിലുള്ള മെത്താംഫെറ്റമിൻ മയക്കുമരുന്നാണ് പാക്കറ്റുകളിലുള്ളത്. ചാക്കുകളിൽ വായു കടക്കാത്ത പ്ലാസ്റ്റിക് കവറുകളിലാക്കി ഓരോ കിലോ വീതമുള്ള കണ്ടെയ്നറുകളിലാണ് ഇവ പാക്ക് ചെയ്തത്. ലോക്ക് ചെയ്യുന്ന ടിഫിൻ ബോക്സിന്റെ രൂപത്തിലുള്ള കണ്ടെയ്നറുകൾ ഓരോന്നായി പൊട്ടിച്ച് പ്രത്യേകം കവറുകളിലാക്കി തൂക്കം നോക്കുന്ന പ്രക്രിയയാണ് ഇപ്പോൾ വെല്ലിംഗ്ടൺ ഐലൻഡിലെ എൻ സി ബി ആസ്ഥാനത്ത് നടക്കുന്നത്. ശനിയാഴ്ച ആരംഭിച്ച ഈ പ്രക്രിയ ഇന്നലെയും പൂർത്തിയായിട്ടില്ല. ഇത് കഴിഞ്ഞാൽ മാത്രമേ എത്ര കിലോ മയക്കുമരുന്നാണ് ആകെയുള്ളത് എന്ന കൃത്യമായ കണക്ക് ലഭിക്കൂ.

കൂടുതൽ രാജ്യാന്തര സംഘങ്ങളുടെ പങ്ക് സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പാക്കിസ്ഥാൻ പൗരനെ ചോദ്യം ചെയ്തുവരികയാണ്. കപ്പലിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർ സ്പീഡ് ബോട്ടുകളിൽ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അമ്പതോളം ഉദ്യോഗസ്ഥർ 24 മണിക്കൂർ പരിശ്രമിച്ചാണ് മയക്കുമരുന്ന് പാക്കറ്റ് പൊട്ടിച്ച് ചാക്കുകളിലേക്ക് മാറ്റിയത്. ഇന്ത്യൻ ഏജൻസിയുടെ പേരിലുള്ള മദർഷിപ്പിൽ നിന്നാണ് രാജ്യത്തെ വലിയ ലഹരിവേട്ട നടന്നത്. രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ടയാണിത്.