Editorial
ഡോക്ടര്‍മാരുടെ സുരക്ഷ പ്രധാനം; രോഗികളുടെയും
തൊഴില്‍ രംഗത്തെ സുരക്ഷക്കായി സമരം ചെയ്യുന്നതോടൊപ്പം ചികിത്സാ രംഗത്തെ തങ്ങളുടെ ഉത്തരവാദിത്വം യഥാവിധി നിര്‍വഹിക്കാനുള്ള മാനസികാവസ്ഥയും സന്നദ്ധതയും കൂടി ആര്‍ജിക്കേണ്ടതുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍.

2023 മേയില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ്, രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ കര്‍ക്കശമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശവും നല്‍കി. എന്നാല്‍ ഡോക്ടര്‍മാര്‍ക്കിപ്പോഴും സുരക്ഷാബോധത്തോടെ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ കണക്ക് പ്രകാരം 75 ശതമാനം ഡോക്ടര്‍മാരും ആശുപത്രിയിലോ പരിസരത്തോ വെച്ച് ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്.
തിരുവനന്തപുരം മെഡി. കോളജില്‍ പി ജി ഡോക്ടറും തൃശൂര്‍ പൂത്തോള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറും ആക്രമിക്കപ്പെട്ടത് കൊട്ടാരക്കര താലൂക്ക് ആശുപത്രി സംഭവത്തിന് ശേഷമാണ്. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്ക് വെട്ടേറ്റു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്, ഡോക്ടര്‍മാരുടെ അനാസ്ഥയും ശ്രദ്ധക്കുറവുമാണ് കുട്ടിയുടെ മരണ കാരണമെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. ഒമ്പത് വയസ്സുള്ള മകളുടെ ആകസ്മിക മരണം ഏല്‍പ്പിച്ച മാനസികാഘാതമാണ് പ്രതിയുടെ സമനില തെറ്റിച്ചത്. അതേസമയം, കുട്ടിയുടെ ചികിത്സയില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് അശ്രദ്ധയോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ ഭാഷ്യം.
താമരശ്ശേരി ആശുപത്രിയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗീപരിചരണം ഒഴികെയുള്ള ചുമതലകളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഇന്നലെ വിട്ടുനിന്നു. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗത്തിലൊഴികെ എവിടെയും ഡോക്ടര്‍മാര്‍ എത്തിയില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് കെ ജി എം ഒയുടെ ആവശ്യം. 2023ല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. എല്ലാ അത്യാഹിത വിഭാഗങ്ങളിലും പോലീസ് എയ്ഡഡ് പോസ്റ്റുകള്‍, സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങി യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ കടലാസില്‍ ഒതുങ്ങിയെന്നാണ് കെ ജി എം ഒ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും കനത്ത പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം പാസ്സാക്കിയിട്ടുണ്ടെങ്കിലും കേസെടുക്കുമ്പോള്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നതും രാഷ്ട്രീയ ഇടപെടലുകളും പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ ഇടയാക്കുന്നതായും പരാതിയുണ്ട്.
ആശുപത്രിയില്‍ ഭീതി കൂടാതെ ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം തീര്‍ത്തും ന്യായമാണ്. ജോലിക്കിടെ താന്‍ ഏതുസമയവും അക്രമിക്കപ്പെട്ടേക്കാമെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടമാക്കുകയും ആരോഗ്യ പരിചരണ വ്യവസ്ഥയെ തന്നെ താളം തെറ്റിക്കുകയും ചെയ്യും. അതേസമയം സമരത്തിന്റെ പേരില്‍ ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന പ്രവണത നീതീകരിക്കാനാകില്ല. ഒരു അന്യായത്തെ പ്രതിരോധിക്കേണ്ടത് മറ്റൊരു അന്യായം കൊണ്ടല്ല. ഡോക്ടര്‍ക്കേറ്റ അക്രമത്തിന് പ്രതിവിധി തേടേണ്ടത് ആയിരക്കണക്കിനു രോഗികളെ ദുരിതത്തിലാഴ്ത്തിയല്ല. കേവലം ഉപജീവന മാര്‍ഗമല്ല രോഗചികിത്സയും പരിചരണവും. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഒരു ദൗത്യം കൂടിയാണ്. മറ്റെല്ലാ മേഖലകളില്‍ നിന്നും വ്യത്യസ്്തമാണ് ആരോഗ്യരംഗം. ഇവിടെ സേവനം നിര്‍ത്തുമ്പോള്‍ നഷ്ടപ്പെടുന്നത് ജീവനാണ്.
തപസ്യയാണ് ആതുര ശുശ്രൂഷ. അര്‍പ്പണ മനോഭാവം, സ്‌നേഹം തുടങ്ങിയ സ്വഭാവങ്ങളുടെ ഉടമകളായിരിക്കണം ഡോക്ടര്‍മാര്‍. മറ്റേതു കര്‍മങ്ങളേക്കാളും കാരുണ്യമുഖം അനിവാര്യമാണ് ആതുരസേവന മേഖലക്ക്. ആരോഗ്യം കേവലം ശാരീരികാവസ്ഥയല്ല. മനസ്സിന്റെയും സമൂഹത്തിന്റെയും സൗഖ്യത്തിന്റെ പ്രതിഫലനം കൂടിയാണ്. ചികിത്സ പോലുള്ള, സമൂഹം പ്രതീക്ഷയോടെ കാണുന്ന സേവനങ്ങളെ സമരായുധമാക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമൂഹം കല്‍പ്പിക്കുന്ന വിലയും നിലയും നഷ്ടപ്പെടുന്നു.
ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അക്രമിക്കപ്പെടുന്ന സംഭവം സമീപകാലത്തായി വര്‍ധിച്ചു വരുന്നതിന് ഒരളവോളം ഡോക്ടര്‍മാരും ഉത്തരവാദികളാണ്. അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് സമീപ കാലത്ത് ചികിത്സാ പിഴവുകള്‍. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരിയുടെ കൈ ചികിത്സാ അനാസ്ഥയെ തുടർന്ന് മുറിച്ചു മാറ്റിയ സംഭവം വന്‍വിവാദമായതാണ്.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പാമ്പു കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതു മൂലം രോഗി മരണപ്പെട്ടു. ശസ്ത്രക്രിയകളില്‍ ചികിത്സാ പിഴവ് പതിവു സംഭവമായി മാറിയിട്ടുണ്ട്. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് 2015 മുതല്‍ 2019 വരെയുള്ള നാല് വര്‍ഷത്തിനിടെ ചികിത്സാ രംഗത്തെ പിഴവുകളും അപകടങ്ങളുമായി ബന്ധപ്പെട്ട 253 കേസുകളില്‍ നഷ്ടപരിഹാരം വിധിക്കേണ്ടി വന്നത് ചികിത്സാ പിഴവുകളുടെ ആധിക്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ക്കായിരുന്നു നഷ്ടപരിഹാരം. ഇത് ഡോക്ടര്‍മാരില്‍ സമൂഹത്തിനുണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. തൊഴില്‍ രംഗത്തെ സുരക്ഷക്കായി സമരം ചെയ്യുന്നതോടൊപ്പം ചികിത്സാ രംഗത്തെ തങ്ങളുടെ ഉത്തരവാദിത്വം യഥാവിധി നിര്‍വഹിക്കാനുള്ള മാനസികാവസ്ഥയും സന്നദ്ധതയും കൂടി ആര്‍ജിക്കേണ്ടതുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍.